മസ്ജിദുകൾ പളളിക്കൂടങ്ങളാണ്, സാംസ്‌കാരികക്കൂടാരങ്ങളാണ്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 17/12/2021

വിഷയം: മസ്ജിദുകൾ സാംസ്‌കാരിക കേന്ദ്രങ്ങൾ


ജഗനിയന്താവായ അല്ലാഹുവിന് ആരാധനകൾ അർപ്പിക്കുന്ന പവിത്ര ഇടങ്ങളായ മസ്ജിദുകൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ല, സാംസ്‌കാരികതയുടെയും സാമൂഹിക മൂല്യങ്ങളുടെയും വിളനിലങ്ങൾ കൂടിയാണ്. അതായത് പള്ളികൾ പള്ളിക്കൂടങ്ങളാണ്, സംസ്‌കാരികക്കൂടാരങ്ങളാണ്, ഭക്തിയുടെ കേദാരങ്ങളുമാണ്. 

മസ്ജിദുകൾ ദൈവ ഭവനങ്ങളാണ്. 'പടുത്തുയർത്തപ്പെടാനും തന്റെ നാമം അവിടെയനുസ്മരിക്കപ്പെടാനും അല്ലാഹു അനുമതി നൽകിയ ചില ഗേഹങ്ങളിലേ്രത ആ പ്രകാശം' എന്ന് സൂറത്തു ന്നൂർ 36ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നുണ്ട്. ആ ഗേഹങ്ങളാണ് മസ്ജിദുകൾ, അല്ലാഹുവിന്റെ തിരുഗേഹങ്ങൾ. നാട്ടിലെ സ്ഥലങ്ങളിൽ വെച്ച്് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളാണ് മസ്ജിദുകളെന്ന് നബി (സ്വ)യും പഠിപ്പിക്കുന്നുണ്ട് (ഹദീസ് മുസ്ലിം 671). ഈ പള്ളികൾ ഭയഭക്തിയുടെയും ദൈവാരാധനയുടെയും ദൈവസ്മരണയുടെയും നമസ്‌കാരങ്ങളുടെയും ഖുർആൻ പാരായണത്തിന്റെയും കേന്ദ്രങ്ങളാണ്. വാക്കിലും പ്രവർത്തിയിലും ചിട്ടവട്ടങ്ങളും വ്യവസ്ഥകളും പഠിപ്പിക്കുന്ന, ശാന്തിയും സമാധാനവും ഉദ്‌ഘോഷിക്കുന്ന പാഠശാലകളുമാണ്. നബി (സ്വ) പറയുന്നു: തീർച്ചയായും മസ്ജിദുകൾ അല്ലാഹുവിനെ സ്മരിക്കാനും അവനിക്ക് നമസ്‌ക്കരിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനുമുള്ളതാണ് (ഹദീസ് മുസ്ലിം 285).

ഈ പവിത്രമായ മസ്ജിദുകളെ ബഹുമാനിക്കലും പള്ളിയിലെ മര്യാദകൾ അറിയലും അവിടെ നമസ്‌കാരങ്ങൾ നിലനിർത്തലുമെല്ലാം നാം സത്യവിശ്വാസികളുടെ ബാധ്യതയാണ്. പള്ളികൾ പരിപാലിക്കുന്നവർ യഥാർത്ഥ സത്യവിശ്വാസം കൈകൊണ്ടവരെന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നമസ്‌കാരം യഥാവിധി നിലനിർത്തുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകയും ചെയ്യുന്നവർ മാത്രമേ അവന്റെ മസ്ജിദുകൾ പരിപാലിക്കാവൂ (സൂറത്തു ത്തൗബ 18). 

മസ്ജിദുകളോട് ചെയ്യേണ്ട മര്യാദകൾ പല നിലക്കുമുണ്ട്. അതിൽപെട്ടതാണ് വീട്ടിൽ നിന്ന് ശുദ്ധി വരുത്തി മുന്തിയതും ഭംഗിയുള്ളതുമായ വസ്ത്രം ധരിച്ച് സുഗന്ധ പൂരിതനായി നല്ല കോലത്തിൽ പള്ളിയിലേക്ക് പോവൽ. അങ്ങനെ ശാന്തതയോടെയും ഗരിമയോടെയും ദൈവിക ഭവനത്തിലേക്ക് പോവുന്നവരുടെ ദോഷങ്ങൽ പൊറുക്കപ്പെടുകയും സ്ഥാനങ്ങൾ ഉയർത്തപ്പെടുകയും ചെയ്യുന്നതാണ്. നബി (സ്വ) പറയുന്നു: സ്വന്തം വീട്ടിൽ നിന്ന് അംഗശുദ്ധി നടത്തി നിർബന്ധ നമസ്‌കാരം നിർവ്വഹിക്കാനായി അല്ലാഹുവിന്റെ ഗേഹങ്ങളായ പള്ളിയിലേക്ക് നടക്കുന്നവന്റെ ഒരു കാൽചുവട് ഒരു ദോഷത്തെ മായ്ച്ചുകളയുകയും, മറ്റേ കാൽചുവട് അവന്റെ സ്ഥാനം ഉയർത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണ് (ഹദീസ് മുസ്ലിം 666). മസ്ജിദുകളുടെ ശുചിത്വവും പരിമളവും കാത്തുസൂക്ഷിക്കേണ്ടത് സത്യവിശ്വാസിയുടെ കടമയാണ്. പള്ളികളിൽ വൃത്തിയും സുഗന്ധവും നിത്യമായിരിക്കണമെന്നാണ് നബി (സ്വ)യുടെ കൽപന (ഹദീസ് അബൂദാവൂദ് 455, തുർമുദി 594). കാരണം പള്ളികൾ വിശ്വാസികൾ സംഗമിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങൾ കൂടിയാണ്.

ഭക്തിയുടെയും സാംസ്‌കാരിക ത്തനിമയുടെയും ദീപസ്തംഭങ്ങളായ പവിത്രമായ മസ്ജിദുകളെ അർഹിക്കുന്ന ആദരവോടെ പരിപാലിക്കേണ്ടിയിരിക്കുന്നു. 'അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ഒരാൾ ആദരിക്കുന്നുവെങ്കിൽ അത് ഹൃദയങ്ങളിലെ സൂക്ഷ്മതയിൽ നിന്നുത്ഭൂതമാകുന്നതു തന്നെയത്രേ'യെന്നാണ് ഖുർആനിക ഭാക്ഷ്യം (സൂറത്തു ഹജ്ജ് 32). അല്ലാഹുവിന്റെ ചിഹ്നങ്ങളായ പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ് അതിലെ സാധനസാമഗ്രികളുടെയും സൗകര്യങ്ങളുടെയും വഖ്ഫ് വസ്തുക്കളുടെയും ശരിയായ ഉപയോഗം. ഓരോന്നും ഭംഗിയോടെയും  ഒതുക്കേെത്താടെയും അടുക്കിവെക്കണം. പള്ളിയിലെ സുരക്ഷാ ആരോഗ്യ ക്രമീകരണങ്ങളും ഓരോർത്തരും പാലിക്കണം. പരിശുദ്ധിക്ക് കേട് വരുത്തുന്ന കാര്യങ്ങളിൽ നിന്ന്് വിട്ടുനിൽക്കണം. പാദരക്ഷൾ കവാടത്തിനരികെ അലക്ഷ്യമായി വെക്കരുത്. അത് പള്ളിയുടെ ഭംഗിക്കും ചിട്ടക്കും ഭംഗം വരുത്തുന്നതും, പ്രവേശിക്കുന്നവർക്കും പുറത്തുപോവുന്നവർക്കും ബുദ്ധിമുട്ടാക്കുന്നതുമാണ്. വാഹനങ്ങൾ പുറത്ത് ചിട്ടയായി പാർക്ക് ചെയ്യണം. അല്ലാത്ത പക്ഷം മറ്റു വാഹനങ്ങളുടെ വഴിയിൽ സഞ്ചാരത്തിന് വിഘ്‌നമുണ്ടാക്കുകയും അതിന്റെ ഉടമകൾക്ക് പിഴക്ക് കാരണമാക്കുന്നതുമായിരിക്കും. വഴിയിൽ തടസ്സമുണ്ടാക്കാതെ സ്ഞ്ചാരയോഗ്യമാക്കണമെന്നാണ്് നബി (സ്വ) പറഞ്ഞത് (ഹദീസ് ബുഖാരി, മുസ്ലിം).



back to top