യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10.12.2021
വിഷയം: ആരോഗ്യ സംരക്ഷണം ഉത്തരവാദിത്വമാണ്
അല്ലാഹു ജീവികൾക്ക് നൽകിയ വലിയൊരു അനുഗ്രഹമാണ് ആരോഗ്യം. സൃഷ്ടികളിൽ മഹാനുഗ്രഹികളായ മനുഷ്യർ തങ്ങളുടെ ശരീരാരോഗ്യത്തെ പരിരക്ഷിക്കൽ വ്യക്തിഗത ബാധ്യതയും ഉത്തരവാദിത്വവുമാണ്. സ്വശരീരത്തിന്റെ ആരോഗ്യ പരിപാലന കാര്യത്തിൽ ഓരോർത്തരും അല്ലാഹുവിങ്കൽ വിചാരണ ചെയ്യപ്പെടുന്നതുമായിരിക്കും. അല്ലാഹു പറയുന്നുണ്ട്: ശേഷം അന്ത്യനാളിൽ അനുഗ്രഹങ്ങളെ സംബന്ധിച്ച് നിശ്ചയം നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ് (സൂറത്തു തകാസുർ 08). ഇവിടെ പരാമർശിക്കപ്പെട്ട അനുഗ്രഹങ്ങൾ ആരോഗ്യവും കാഴ്ചാ കേൾവി ശക്തികളുമാണെന്നുമാണ് ഇബ്‌നു മസ്ഊദും (റ) ഇബ്‌നു അബ്ബാസും (റ) അഭിപ്രായപ്പെട്ടിരിക്കുന്നതെന്ന് തഫ്‌സീറുൽ റാസിയിൽ കാണാം (32/275).
അന്ത്യനാളിൽ ആരോഗ്യമെന്ന മഹാ അനുഗ്രഹത്തിന്റെ കാര്യത്തിൽ വിചാരണ ചെയ്യുപ്പെടുമെന്ന് തീർച്ച. അല്ലാഹു പറയുന്നു: കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയൊക്കെ വിചാരണ നടത്തപ്പെടും (സൂറത്തുൽ ഇസ്‌റാഅ് 36). ഖിയാമത്ത് നാളിൽ നാലു കാര്യങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നത് വരെ ഒരാളുടെയും പാദങ്ങൾ അനങ്ങില്ലെന്ന് നബി (സ്വ) വിവരിക്കുന്നുണ്ട്. ആ നാലു കാര്യങ്ങളിൽ 'ശരീരം എങ്ങനെ കഴിച്ചുകൂട്ടി'യെന്ന കാര്യവും പ്രതിപാദിച്ചിട്ടുണ്ട് (ഹദീസ് തുർമുദി 2417). ശരീര പരിപാലനം ശരീരിയുടെ ബാധ്യതയെന്ന് ഒരു അറബി കവി മനോഹരമായി പാടിയിട്ടുണ്ട് (ദീവാനു അബുൽ അതാഹിയ്യ 148).
സ്വന്തം ശരീരത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം അന്യന്റെ ശരീരത്തിനും ആരോഗ്യത്തിനും വില കൽപ്പിക്കണം. ഏവരുടെയും ആയുരാരോഗ്യത്തിന് വേണ്ടത് ചെയ്യണം. ആരോഗ്യത്തിന് ഹാനി വരുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. അല്ലാഹു പറയുന്നു: അന്യോന്യം കൊലനടത്താനും പാടില്ല, അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രേ (സൂറത്തു ന്നിസാഅ് 29). സ്വന്തം ജീവനും അന്യന്റെ ജീവനും അപകടം വരുത്തരുതെന്നാണ് വ്യാഖ്യാനം. സ്വന്തത്തിനും അന്യർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് നബി (സ്വ)യും പറഞ്ഞിട്ടുണ്ട് (ഹദീസ് ഇബ്‌നു മാജ 2341).
അധികമാളുകളും ഉപയോഗപ്പെടുത്താനാവാതെ തോറ്റുപോവുന്ന രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും (ഹദീസ് ബുഖാരി 6412). ശാരീരികാരോഗ്യ സംരക്ഷണം മതവും ദേശീയവും സാമൂഹികവുമായ ബാധ്യത തന്നെയാണ്. കൊറോണ എന്ന മഹാമാരിയെ അതിജീവിക്കാൻ നാഥൻ നമ്മെ പ്രാപ്തരാക്കിയിരിക്കുകയാണ്. അൽഹംദുലില്ലാഹ് ... വൈറസിന്റെ വകഭേദങ്ങളിൽ നിന്ന് പരിരക്ഷ നേടാൻ നാമോരോർത്തരും പ്രതിരോധ സജ്ജരായിരിക്കേണ്ടതാണ്്.
