അമ്പതിന്റെ വമ്പിൽ ഇമാറാത്ത്

ഐക്യം തന്നെയാണ് ഈ നാടിനെ നയിക്കുന്നത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 03/12/2021

വിഷയം: യുഎഇ ദേശീയ ദിനം

ഐക്യ അറബ് ഇമാറാത്തുകൾ (യുഎഇ) എന്ന മഹത്തായ രാജ്യം അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ പ്രൗഢിയിൽ ജ്വലിച്ചുനിൽക്കുകയാണ്. താണ്ടിയ കനൽപഥങ്ങളേക്കാൾ ഏറെ കുതിക്കാനുണ്ടെന്ന ബോധ്യത്തിൽ ഐക്യബോധത്തോടെ അടുത്ത അമ്പത് വർഷങ്ങളിലേക്കുള്ള സ്വപ്‌ന പദ്ധതികളുടെ തയ്യാറെടുപ്പിലാണ് ഈ നാട്. വളർന്നു വരുന്ന തലമുറകൾക്കും ഭാവി സമൂഹങ്ങൾക്കുമുള്ള വിഭവങ്ങൾക്കായുള്ള ചിന്തകൾ സത്യസന്ദേശകരായ പ്രവാചകന്മാരും നടത്തിയിരുന്നു. ആ പാതയിലാണ് യുഎഇയും.

ഇബ്രാഹിം നബി (അ) സന്തതികൾക്കും അവരുടെ പിൻഗാമികൾക്കും ആത്മീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃതിയോടെ ഭാസുരമായ ഭാവി ഉണ്ടാവാനായി പ്രാർത്ഥിക്കുന്നത് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: 'ഞങ്ങളുടെ നാഥാ, ആ ജനതിക്കും നിന്റെ വചനങ്ങൾ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്ത്വജ്ഞാവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിന്നു തന്നെ നിയോഗിക്കണമേ, നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും' (സൂറത്തു ബഖറ 129). ഭാര്യയെയും പിഞ്ചോമന മകൻ ഇസ്മാഈലിനെയും മക്കാ ഭൂവിന്റെ തനി മണലാരണ്യത്തിൽ വിട്ടേച്ചുപോവുമ്പോഴും ഇബ്രാഹിം നബി (അ) പ്രാർത്ഥിച്ചത് തരിശു നിലങ്ങളിൽ സുന്ദരമായ ഭാവി ജീവിതങ്ങൾ കെട്ടിപടുക്കാനുതകുന്ന രീതിയിൽ സൗകര്യപ്രദമാക്കണമെന്നാണ്. അക്കാര്യം സൂറത്തു ഇബ്രാഹിം 37ാം സൂക്തം വ്യക്തമാക്കുന്നുണ്ട്: 'ജനഹൃദങ്ങൾ അവരോടു ചായ് വുള്ളതാക്കുകയും അവർക്ക് ആഹരിക്കാനായി ഫലങ്ങൾ നൽകുകയും ചെയ്യേണമേ'. 

നാടിന്റെയും ഭാവി വാഗ്ദാനങ്ങളായ മക്കളുടെയും ഭാവി പദ്ധതികൾ രൂപ കൽപന ചെയ്യൽ നമ്മുടെ ഓരോർത്തരുടെയും ബാധ്യതയാണ്. മഹാനായ യൂസുഫ് നബി (അ) യുടെ ഭരണ സംവിധാനം വളരെ ആസൂത്രണ മികവാർന്നതായിരുന്നു. ഭാവിയിലേക്കുള്ള വ്യക്തമായ രൂപകൽപന ഒരുക്കിയിരുന്നു. കുറേ തലമുറകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന, പ്രതിസന്ധികൾ തരണം ചെയ്യാനാവുന്ന വിധത്തിൽ സാമ്പത്തിക പദ്ധതികളും വ്യവസ്ഥ ചെയ്തിരുന്നു. ക്ഷാമ കാലങ്ങളെ ക്ഷേമ ഐശ്വര്യങ്ങളോടെ നേരിടാനാവുന്ന മട്ടിൽ വർഷങ്ങളോളം സാധുതയുള്ള ഉപഭോക്ത ഉൽപാദന സംവിധാനങ്ങളും യൂസുഫ് നബി (അ) ക്രമീകരിച്ചിരുന്നു. ഈ പദ്ധതികളെല്ലാം രാജാവ് കണ്ട സ്വപ്‌നങ്ങൾക്ക് വ്യാഖ്യാനമായി യൂസൂഫ് നബി (സ്വ) തന്നെ പ്രവചിച്ചതുമാണ്. ഖുർആൻ വിവരിക്കുന്നു: 'യൂസുഫ് നബി വ്യാഖ്യാനിച്ചു ഏഴു വർഷം തുടർച്ചയായി നിങ്ങൾ കൃഷിയിറക്കണം. എന്നിട്ട് കൊയ്‌തെടുക്കുന്നവ ഭക്ഷിക്കാൻ വേണ്ട അൽപമൊഴികെ കതിരോടെ സൂക്ഷിച്ചുവെക്കുക. ശേഷം കഠിന ക്ഷാമത്തിന്റെ ഏഴാണ്ടുകൾ വന്നെത്തും. മുൻകരുതലായി നിങ്ങൾ സൂക്ഷിച്ചതെല്ലാം അക്കാലം തിന്നുതീർക്കുന്നതാണ്. കരുതലായി വെക്കുന്ന സ്വൽപമൊഴികെ. പിന്നീട് ഒരു കൊല്ലം വരും. അന്നു ജനങ്ങൾക്കു സമൃദ്ധി കൈവരുന്നതും പഴസത്തുകളും മറ്റു പിഴിഞ്ഞുണ്ടാക്കുന്നതുമാകുന്നു' (സൂറത്തു യൂസുഫ് 47, 48, 49). അങ്ങനെ ആ നാട് വറുതികാലത്തെ അതിജീവിച്ച ചരിത്രമാണ് ഖുർആൻ പങ്കുവെക്കുന്നത്. ഭാവിയിലേക്ക് പദ്ധതി രൂപീകരണമാണ് ആ ജനതക്ക് വെല്ലുവിളികളെ നേരിടാനാവും വിധം സ്വപ്‌നങ്ങളുടെ സാക്ഷാത്കാരം സാധ്യമാക്കിയത്. 

ശൈഖ് സായിദും ശൈഖ് റാശിദും പണിത ഐക്യ പാലത്തിൽ മറ്റു സ്ഥാപക നേതാക്കളും അണിനിരന്നപ്പോഴാണ് ഈ ഐക്യ നാട് സ്ഥാപിതമായത്. മാനവിക മൂല്യങ്ങളും സാംസ്‌കാരിക ദൗത്യങ്ങളുമായി ഈ ഭരണകൂടം തലയെടുപ്പോടെ അമ്പതാണ്ട് പിന്നിടുന്നു. താണ്ടിയ കാലമത്രയും കുതിപ്പിന്റേതായിരുന്നു. ആഗോള മാത്സര്യത്തിൽ ഉയർന്ന സൂചികയിലാണ് യുഎഇയുടെ നില. ഈ കാലയളവിൽ കൈവരിച്ച സാംസ്‌കാരിക നേട്ടങ്ങൾ ഏറെയാണ്. ബഹിരാകാശ പഠനങ്ങളിലും ദൗത്യങ്ങളിലും മുൻനിര രാഷ്ട്രങ്ങളോടൊപ്പമാണ് ഇമാറാത്തിന്റെ സ്ഥാനം. മഹാമാരിയടക്കം പല പ്രതിസന്ധികളും മറികടക്കാനായതും വലിയ നേട്ടം തന്നെ. ഖുർആനിൽ സൂറത്തു സബഅ് 15ാം സൂക്തത്തിൽ പരാമർശിക്കപ്പെട്ട പ്രകാരമുള്ള 'ഉദാത്തമായ നാട'ായി മാറാൻ ഓരോ നിവാസിയും ഈ മണ്ണിൽ അഖണ്ഡതയും സഹുഷ്ണുതയും വികസനാസൂത്രണവും നടത്തേണ്ടിയിരിക്കുന്നു. വരും തലമുറകൾക്കും ഈ ബഹുസ്വരതാ സന്ദേശം കൈമാറണം. ഈ അനുഗ്രഹങ്ങൾ അഭിമാനപൂർവ്വം സ്മരിക്കാനും ദാതാവായ പ്രപഞ്ച നിയന്താവിനെ സ്തുതിക്കാനും ഓരോർത്തരും കടപ്പെട്ടിരിക്കുന്നു.


back to top