നാടിന്റെ പുരോഗതി സമൂഹത്തിന്റെ ഉന്നതി

യുഎഇ ജുമുഅ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 25/11/2021

വിഷയം: നാടിനായി അണിചേരാം

നാടിന്റെ പുരോഗമനത്തിന് ആവശ്യമായ നിർമാണാത്മക പ്രവർത്തനങ്ങൾ ചെയ്യണമെന്നത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ നിർദേശമാണ്. സ്വാലിഹ് നബി (അ) പറഞ്ഞതായി പരിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു: 'നിങ്ങളെ അല്ലാഹു ഭൂമിയിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു' (സൂറത്തു ഹൂദ് 61). അതായത് ഭൂമിയിൽ ആവാസത്തിന് സൗകര്യമൊരുക്കുന്ന രീതിയിൽ നിർമാണ പ്രവർത്തനങ്ങളും കൃഷ്യയും ചെയ്യാനും, ഗതാഗത മാർഗങ്ങളൊരുക്കാനും ജനങ്ങളുടെ നിത്യാവശ്യങ്ങൾക്കായി ഏർപ്പാടുകൾ ചെയ്യാനുമാണ് അല്ലാഹു ഭൂവാസികളായ സൃഷ്ടികളോട് പ്രസ്തുത സൂക്തത്തിലൂടെ കൽപനയായി ധ്വനിപ്പിക്കുന്നത്.

നാടിന്റെ പുരോഗതിയുടെ കാര്യത്തിൽ മഹിതമായ മാതൃകയാണ് നമ്മുടെ നബി (സ്വ) കാണിച്ചുതന്നിരിക്കുന്നത്. മദീനയിൽ പ്രവേശിച്ചയുടനെ നബി (സ്വ) ആദ്യമായി ചെയ്തത് മനുഷ്യ മനസ്സുകളെ ഒന്നിപ്പിച്ച് നാടിന്റെ സുസ്ഥിരതയും ശാന്തിയും സമാധാനവും ഉറപ്പുവരുത്തുകയായിരുന്നു. പരസ്പരം സ്‌നേഹാഭിവാദ്യം ചെയ്യാൻ പഠിപ്പിക്കുകയായിരുന്നു. നബി (സ്വ) ആദ്യമായി സംസാരിച്ചത് പരസ്പരം രക്ഷക്കായി പ്രാർത്ഥിച്ചുള്ള സലാം പറയാനാണ്: 'ഏ ജനങ്ങളേ, നിങ്ങൾ സലാം പറയലിനെ വ്യാപകമാക്കുക' (ഹദീസ് തുർമുദി 2485, ഇബ്‌നു മാജ 1334). മദീനാ വാസികൾക്കിടയിൽ സ്‌നേഹവും സൗഹാർദ്ദവും പഠിപ്പിച്ചു. സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും മൂല്യങ്ങൾ ഓതികൊടുക്കുകയും ചെയ്തു. അങ്ങനെ മദീനാ നാട്ടിൽ സാമൂഹിക ഭദ്രതയും ദേശീയോദ്ഗ്രഥനവും നട്ടുവളർത്തുകയായിരുന്നു സാമൂഹ്യ പരിഷ്‌കർത്താവായ പ്രവാചകർ (സ്വ). 'ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമർ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നവരെന്നാണ് നബി (സ്വ) ജനങ്ങളെ പഠിപ്പിച്ചത്. (മുഅ്ജമുൽ അൗസത്വ് ത്വബ്‌റാനി 5787). 

മദീനയിൽ വെച്ച് നബി (സ്വ) ഇസ്ലാം മതവിശ്വാസികൾക്കിടയിലും ഇത മതസ്തർക്കിടയിലും നീതിയും സഹിഷ്ണുതയും ഊട്ടിയുറപ്പിച്ചുകൊണ്ടു ഒരു ഗംഭീര ഉടമ്പടി എഴുതി തയ്യാറാക്കി. അതിലെ പ്രധാന നിർദേശമാണ് “മർദിതന് സഹായം നൽകുക” എന്നത്. മദീനയിൽ എത്തിയത് മുതൽ തന്നെ നിർമാണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ആദ്യം ഖുബാ മസ്ജിദ് പണിയാൻ തുടങ്ങി. പിന്നെ പാവനമായ മസ്ജിദു നബവിയും പണിതു. മദീനാ നാടിന്റെ ആവാസ വ്യവസ്ഥക്ക് ആവശ്യമായ പദ്ധതികൾ തയ്യാറാക്കുകയും വീടുകൾക്കുള്ള രൂപരേഖ വരക്കുകയും ചെയ്തു. റോഡുകളും പാതകളും തീർത്തു. 

അങ്ങനെ നാട്ടിൽ ജനോപകാരപ്രദമായ സാംസ്‌കാരിക ത്തനിമയും നഗരവൽക്കരണവും സാധ്യമാക്കി. മാത്രമല്ല ജനതയിലെ ഓരോ അംഗത്തെയും ജോലി ചെയ്യാനും മണ്ണിൽ കൃഷിയിറക്കാനും വിളവെടുക്കാനും പ്രേരിപ്പിക്കുകയുണ്ടായി. ഒരിക്കൽ നബി (സ്വ)  സ്വന്തം തോട്ടത്തിൽ കൃഷി ചെയ്യുന്നതായി കണ്ട സൈദ് ബ്‌നു ഹാരിസയുടെ ഭാര്യ ഉമ്മു മുബഷിറി (റ)നോട് പറഞ്ഞുവത്രെ: 'ഒരു സത്യവിശ്വാസി നട്ട് നനച്ച് കൃഷി ചെയ്ത വിളവിൽ നിന്ന് മനുഷ്യനോ മൃഗമോ മറ്റു വല്ലതോ ഭക്ഷിച്ചാൽ അതിൽ നിന്ന്് ധർമ്മ ദാനത്തിന്റെ പ്രതിഫലം അയാൾക്കുണ്ട്' (ഹദീസ് മുസ്ലിം 1552). അത്തരത്തിൽ മദീനയുടെ ഉൽപാദന ക്ഷമത കൂടുകയും സാമ്പത്തിക രംഗം അഭിവൃതിപ്പെടുകയും ചെയ്തു. മാനുഷിക മൂല്യങ്ങളുടെയും സാംസ്‌കാരിക ഉന്നമനത്തിന്റെയും സാമൂഹിക ഉന്നതയുടെയും കേദാരമായി മദീന അടിവെച്ചടിവെച്ച് വളർന്ന് പുരോഗമിച്ചുകൊണ്ടിരുന്നു. 

നാടിന്റെ മണ്ണിനെയും വിണ്ണിനെയും ചേർത്തുപിടിച്ച് ജീവിക്കൽ മഹിമയാണ്. നാടിന്റെ സുരക്ഷക്കും സംരക്ഷണത്തിനുമായി പ്രവർത്തിക്കൽ അന്തസ്സുമാണ്. നാടിന് രക്തസാക്ഷിത്വം വഹിച്ചവർ നാടിനായി ശരീരവും ആത്മാവും അർപ്പിച്ച് ത്യാഗം ചെയ്്ത മഹാ മനീഷികളാണ്്. നാട് തലമുറകളിലൂടെ അവരെ സ്്മരിച്ചുകൊണ്ടിരിക്കും. ചോര നീരാക്കി ദേശത്തിന്റെ പതാക വഹിച്ച അവരെ ഒരിക്കലും മറക്കാനാവില്ല. ഉദാത്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം നല്ലത് മാത്രമാണല്ലൊ (സൂറത്തു റഹ്‌മാൻ 60).




back to top