ഹൃദയവിശാലത ജീവിതം വിജയിപ്പിക്കും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട്

തീയ്യതി: 21.01.2022

വിഷയം: ഹൃദയവിശാലത

ഹൃദയവിശാലത മഹത്തായ വിശേഷണമാണ്. അല്ലാഹു മനുഷ്യനേകുന്ന ദാനങ്ങളിൽ പ്രധാനവുമാണത്. അതു കൊണ്ടാണ് പ്രവാചകന്മാർ അല്ലാഹുവിനോട് 'ഹൃദയം വിശാലമാക്കഠം' എന്ന് പ്രാർത്ഥിച്ചത്. മൂസാ നബി (അ) പ്രാർത്ഥിക്കുകയുണ്ടായി: 'നാഥാ എനിക്ക് ഹൃദയവിശാലതയേകണേ' (സൂറത്തു ത്വാഹാ 25). അല്ലാഹു നമ്മുടെ നബി (സ്വ)ക്ക് മറ്റുള്ള പ്രവാചകന്മാരെ പോലെ ഹൃദയം ശുദ്ധവും പ്രഭാപൂരിതവുമായി നൽകിയെന്ന് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: നബിയേ, നാം അങ്ങയുടെ ഹൃദയം വിശാലമാക്കി തന്നില്ലേ (സൂറത്തു ശ്ശർഹ് 1). 

മനസ്സമാധാനം, സ്വസ്ഥത, തൃപ്തി എന്നിവയൊക്കെ ഹൃദയവിശാലതയുടെ അടയാളങ്ങളാണ്. ഈ വിശേഷണങ്ങളുള്ളവർ ഉന്മേഷവാന്മാരും വിജയികളുമായിരിക്കും. നേട്ടങ്ങൾ കൊയ്യും. നന്മകൾ ചെയ്യും. ആരാധനാനുഷ്ഠാനങ്ങൾ മുറക്ക് നിർവ്വഹിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ഇസ്ലാമാശ്ലേഷണത്തിന് ഒരാളുടെ ഹൃദയം അല്ലാഹു വിശാലമാക്കുകയും അങ്ങനെയവൻ തന്റെ നാഥങ്കൽ നിന്നുള്ള പ്രകാശത്തിലാവുകയും ചെയ്താൽ (ഒരു കഠിനഹൃദയനെപ്പോലെയാകുമോ അവൻ ). അല്ലാഹുവിനെ കുറിച്ച ഓർമയിൽ നിന്ന് ഹൃദയങ്ങൾ കടുത്തുപോയവർക്കാണ് മഹാനാശം. അവർ സ്പഷ്ടമായ വഴികേടിലത്രേ  (സൂറത്തു സ്സുമർ 22). ഹൃദയവിശാലതയുള്ള സത്യവിശ്വാസി സ്രഷ്ടാവിനോടുള്ള ആരാധനകൾ യഥാവിധി നടത്തുകയും സൃഷ്ടികളോടുള്ള ഇടപാടുകൾ സുതാര്യമാക്കുകയും ചെയ്യുമെന്നർത്ഥം.

അല്ലാഹുവിനോടുള്ള സ്‌നേഹവും ദിക്‌റുകൾ അധികരിപ്പിക്കലും ഹൃദയവിശാലതയും സന്തുഷ്ടിയും വരുത്തുന്ന കാര്യങ്ങളാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവസ്മരണയാൽ മനസ്സമാധാനമാർജിക്കുകയും  ചെയ്തവരെ, തന്നിലേക്കവൻ മാർഗദർശനം ചെയ്യുന്നു. അറിയുക, ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങൾക്കു പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28). നമസ്‌ക്കാരങ്ങൾ മുറപോലെ നിലനിർത്തിയാലും നമസ്‌ക്കാരന്തരമുള്ള തസ്ബീഹ് ദിക്‌റുകൾ ശീലമാക്കിയാലും ഹൃദയവിശാലതയും ജീവിത സന്തോഷവും അനുഭവിക്കാവുന്നതാണ്. 'അവരുടെ കുപ്രചാരണങ്ങളും അതിക്ഷേപങ്ങളും മൂലം അങ്ങേക്കു മനപ്രയാസമുണ്ടാകുന്നത് നാം അറിയുക തന്നെ ചെയ്യുന്നുണ്ട് അതിനാൽ നാഥനു സ്തുതികീർത്തനങ്ങളർപ്പിച്ചുകൊണ്ട്് അവന്റെ മഹത്വം വാഴ്ത്തുകയും സാഷ്ടാംഗം ചെയ്യുന്നവരിലാവുകയും മരണം ആസന്നമാകുന്നത് വരെ അവനെ ആരാധിക്കുകയും ചെയ്യുക (സൂറത്തുൽ ഹിജ്‌റ് 97,98, 99). നബി (സ്വ)ക്ക് വല്ല പ്രയാസവും അനുഭവപ്പെട്ടാൽ നമസ്‌ക്കരിക്കുമായിരുന്നുവത്രെ (ഹദീസ് അബൂ ദാവൂദ് 1319). 

ഖുർആൻ പഠനവും പാരായണവും നടത്തുന്നവർക്കും ഖുർആൻ പ്രകാരം ജീവിക്കുന്നവർക്കും അല്ലാഹു ജീവിത വിജയം ഉറപ്പാക്കുന്നതാണ്. ഖുർആനെപ്പറ്റി അല്ലാഹു പറയുന്നു: ജനങ്ങളേ, രക്ഷിതാവിങ്കൽ നിന്നുള്ള സദുപദേശവും മനസ്സുകളിലെ രോഗത്തിന് ശമനവും നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. സത്യവിശ്വാസികൾക്കു സന്മാർഗവും ദയാവായ്പും (സൂറത്തു യൂനുസ് 57). പ്രാർത്ഥനയും ജീവിത്തിൽ നല്ലത് വരുത്തുന്നതാണ്. പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകുന്നതായിരിക്കും.

സകല കാര്യങ്ങളിലും അല്ലാഹുവിന്റെ നിരീക്ഷണമുണ്ടെന്നറിയലും നിഷിദ്ധമെന്നോ അനുവദനീയമെന്നോ സംശയമുള്ള കാര്യങ്ങൾ സൂക്ഷിക്കലും ക്രിയവിക്രിയകളിൽ സത്യസന്ധതയും സുതാര്യതയും വരുത്തലുമെല്ലാം ഹൃദയവിശാലതക്ക് നിദാനങ്ങളാണ്. നബി (സ്വ) പറയുന്നു: സംശയ കാര്യങ്ങളെ ഒഴിവാക്കി ഉറപ്പുള്ള കാര്യങ്ങളെ സ്ഥിരീകരിക്കുക, സത്യസന്ധത മനസ്സമാധാനമേകുന്നതാണ് (ഹദീസ് തുർമുദി 2518). ഹൃദയവിശാലതയുള്ളവരുടെ ജീവിതം ഏറെ നന്മ നിറഞ്ഞതും സന്തുഷ്ടകരവുമായിരിക്കും. അവർ മാതാപിതാക്കൾക്ക് നന്മ ചെയ്യും. കുടുംബ ബന്ധം ചേർത്തിക്കൊണ്ടിരിക്കും. അശരണരെയും ആവശ്യക്കാരെയും സഹായിക്കും. മറ്റുള്ളവർക്ക് സന്തോഷം നൽകുകയും ചെയ്യും. ദാനധർമ്മ ഫലമായി അല്ലാഹു അവന്റെ മനസ്സിൽ സന്തുഷ്ടിയും ജീവിതത്തിൽ വിജയവും നിലനിർത്തിക്കൊണ്ടിരിക്കും.


back to top