യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 28/01/2022
വിഷയം: സൂറത്തുൽ ഫലഖ്
വിശുദ്ധ ഖുർആൻ കാവലാണ്. സൂറത്തുന്നാസും സൂറത്തുൽ ഫലഖും വിശിഷ്യാ കാവൽ തേടുന്ന ഖുർആനികാധ്യായങ്ങളാണ്. ചെറുതെങ്കിലും വലിയ വലിയ അർത്ഥതലങ്ങളും ഫലങ്ങളുമുള്ളതാണ് ഈ രണ്ടു സൂറത്തുകളും. ഒരിക്കൽ നബി (സ്വ) ഉഖ്ബത്തു ബ്‌നു ആമിറി (റ)നോട് പറയുകയുണ്ടായി: ഹേ, ഉഖ്ബാ... ഖുൽ അഊദു ബിറബ്ബിൽ ഫലഖ് സൂറത്തിനേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ളതും സാഹിത്യ സമ്പുഷ്ടവുമായ സൂറത്തിനെ താങ്കൾക്ക് ഖുർആനിൽ കണ്ടെത്താനാവില്ല (ഹദീസ് മുസ്‌നദു അഹ്‌മദ് 17418). ജാബിർ ബ്‌നു അബ്ദുല്ല (റ)യോട് നബി (സ്വ) സൂറത്തുൽ ഫലഖും സൂറത്തുന്നാസും പാരായണം ചെയ്യാൻ പറഞ്ഞ് അവ പോലുള്ള മറ്റൊന്നും കിട്ടില്ലെന്ന് അറിയിക്കുകയുണ്ടായി (ഹദീസ് നസാഈ 5441). നബി (സ്വ) എല്ലാ രാത്രിയും കിടന്നുറങ്ങാൻ നേരം ഉള്ളംകൈകൾ രണ്ടും കൂട്ടിപ്പിടിച്ച്് സൂറത്തുൽ ഇഖ്‌ലാസും സൂറത്തുൽ ഫലഖും സൂറത്തുന്നാസും ഓതും. ശേഷം രണ്ടു കൈകൊണ്ടും ശരീരം സകലം എത്തുന്ന മുറക്ക് മൂന്നു പ്രാവശ്യം തടവും (ഹദീസ് ബുഖാരി 5017).
സൂറത്തുൽ ഫലഖ് കൂടുതൽ മഹത്തരവും ഫലവത്തുമായ അധ്യായമാണെന്നാണ് അകസ്സാരം.
ഇങ്ങനെയൊരു സൂറത്തും സൂറത്തുന്നാസും അവതീർണമാവുന്നുവെന്ന് നബി (സ്വ) അനുചരന്മാരെ സന്തോഷം വാർത്ത അറിയിച്ചിട്ടുണ്ട്. നബി (സ്വ) പറഞ്ഞു: ഇന്നു രാത്രി ഇറങ്ങിയ സൂക്തങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ, അവ പോലുള്ളത് ഇതുവരെ കണ്ടിട്ടുണ്ടാവില്ല ഖുൽ അഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അഊദു ബിറബ്ബി ന്നാസ് എന്നീ സൂറത്തുകളാണവ (ഹദീസ് മുസ്ലിം 814).
എല്ലാ കാര്യത്തിലും സൂറത്തുൽ ഫലഖ് കൊണ്ട് അഭയം പ്രാപിക്കാനും സർവ്വ നാശങ്ങളിൽ നിന്നും ഈ സൂറത്ത് ഔതി സുരക്ഷ തേടാനുമാണ് സർവ്വ ലോക രക്ഷിതാവായ അല്ലാഹു നിർദേശിക്കുന്നത്.
കേവലം അഞ്ചു സൂക്തങ്ങളിലൂടെയാണ് പ്രസ്തുത സൂറത്തിലെ സർവ്വ സുരക്ഷാ കാവൽതേട്ടവും.
ഒന്നാം സൂക്തത്തിൽ, രാത്രിയുടെ അന്ധകാരത്തിന് ശേഷം ശാന്തിയും സുരക്ഷയും പ്രഭയും പരത്തുന്ന പ്രഭാതത്തിന്റെ രക്ഷിതാവിനോട് കാവൽ തേടുന്നുവെന്ന് നബിയോട് പ്രഖ്യാപിക്കാൻ കൽപ്പിക്കുന്നു.
രണ്ടാം സൂക്തത്തിൽ, അല്ലാഹു പടച്ച സർവതിന്റെയും നാശത്തിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും കാവൽ തേടുന്നുവെന്ന്. സത്യവിശ്വാസികൾ സകല തിന്മകളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടേണ്ടിയിരിക്കുന്നു. നബി (സ്വ) അപ്രകാരം ചെയ്യുമായിരുന്നു. നബി (സ്വ) അല്ലാഹുവിനോട് അവൻ നിയന്ത്രിക്കുന്ന സകലതിനെ തൊട്ടും കാവൽ തേടുമായിരുന്നു (ഹദീസ് തുർമുദി 3400).
മൂന്നാം സൂക്തത്തിൽ, ഇരുളടയുന്ന രാത്രിയുടെ തിന്മയിൽ നിന്ന് കാവൽ തേടുന്നുവെന്ന്. നിശയിലെ ക്രൂരമായ സമയമാണ് ഈ സമയം.
നാലാം സൂക്തത്തിൽ, കെട്ടുകളിൽ ഊതുന്ന മാരണക്കാരികളുടെ ദ്രോഹത്തിൽ നിന്നും കാവൽ തേടുന്നുവെന്ന്. അതായത് ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന, സ്വസ്ഥ ജീവിതങ്ങളെ പ്രശ്‌നാധിഷ്ഠങ്ങളാക്കുന്ന ദുഷ്ടകരങ്ങളെ തൊട്ടുള്ള കാവൽ തേട്ടമാണത്.
അഞ്ചാം സൂക്തത്തിൽ, അസൂയാലുക്കളുടെ അസൂയയിൽ നിന്ന് കാവൽ തേടുന്നുവെന്ന്. അസൂയയിൽ നിന്നുള്ള കാവൽ തേട്ടത്തിൽ സൂറത്ത് ഉപസംഹരിച്ചത് അസൂയ ഏറെ വിനാശകരമെന്ന് സൂചിപ്പിക്കാനാണ്. മറ്റുള്ളവർക്കുള്ള അനുഗ്രഹങ്ങൾ നീങ്ങിക്കിട്ടാൻ ആഗ്രഹിക്കുന്ന ദുഷ്ടലാക്കാണ് അസൂയ എന്ന അസുര ഭാവം.
