യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04/03/2022
വിഷയം: ദൈവ തൃപ്തി
അല്ലാഹു പറയുന്നു: വിധേയത്വം ആത്മാർത്ഥമായി അല്ലാഹുവിനു മാത്രമാക്കി ഋജുമാനസരായി അവനെ ആരാധിക്കാനും നമസ്‌കാരം നിലനിർത്താനും സകാത്ത് കൊടുക്കാനുമേ അവർ അനുശാസിക്കപ്പെട്ടിരുന്നുള്ളൂ, അതേ്രത നേരെ ചൊവ്വേയുള്ള മതം ( സൂറത്തുൽ ബയ്യിന 05). നബി (സ്വ) പറയുന്നു: നിശ്ചയം അല്ലാഹു അവന്റെ തൃപ്തി കാംക്ഷിച്ചു കൊണ്ടുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങളേ സ്വീകരിക്കുകയുള്ളൂ (ഹദീസ് നസാഈ 3140). സത്യവിശ്വാസിയുടെ ആരാധനകൾ, ഇടപാടുകൾ എന്നല്ല സകലമാന കാര്യങ്ങൾക്ക് അല്ലാഹുവിങ്കൽ സ്വീകാര്യത കിട്ടണമെങ്കിൽ അവനിൽ നിന്നുള്ള പ്രതിഫലവും തൃപ്തിയും പ്രതീക്ഷിച്ചുകൊണ്ടുള്ളവയായിരിക്കണം. അല്ലാഹു പറയുന്നുണ്ട്: പറയുക എന്റെ നമസ്‌കാരവും മറ്റാരാധനകളും ജീവിതവും മരണവുമൊക്കെ സർവലോക സംരക്ഷകനായ അല്ലാഹുവിനുള്ളതാകുന്നു (സൂറത്തു അൻആം 162).
സത്യവിശ്വാസി ഖിബ്‌ലക്ക് മുന്നിട്ട് നമസ്‌കരിക്കുമ്പോൾ സ്രഷ്ടാവിന്റെ സന്നിധിയിലേക്കാണ് അഭിമൂഖീകരിക്കുന്നത്. 'പാശ്ചാത്യവും പൗരസ്ത്യവും അല്ലാഹുവിന്നുള്ളതാണ്. അതു കൊണ്ട് നിങ്ങൾ എങ്ങോട്ടു തിരിഞ്ഞാലും അവിടെ ദൈവ സാന്നിധ്യമുണ്ട്' (സൂറത്തുൽ ബഖറ 115). സകാത്ത് നൽകുമ്പോൾ ദൈവ പ്രീതി കാംക്ഷിച്ചുള്ള സാമ്പത്തിക ശുദ്ധിയാണ് സത്യവിശ്വാസി കൈവരുത്തുന്നത്. അതവന്റെ സമ്പത്തിലും പ്രതിഫല ലബ്ധിയിലും ഇരട്ടിയിരട്ടി വർധനവ് വരുത്തും. 'അല്ലാഹുവിന്റെ സംതൃപ്തി കാംക്ഷിച്ചു സമ്പത്തിൽ നിന്ന് സൽകിയാൽ അവർ തന്നെയത്രെ ഇരട്ടിപ്പിക്കുന്നവർ' (സൂറത്തുൽ അൻആം 39). ദൈവ പ്രീതി വിചാരിച്ചു ചെയ്യുന്ന ഓരോ ദാനത്തിനും അതിന്റേതായ പ്രതിഫലം കിട്ടിയിരിക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). സത്യവിശ്വാസി ചെയ്യുന്ന ഓരോ നന്മയും തഥൈവ. അത്തരം സജ്ജങ്ങളെ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: 'അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുാണ് ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണം തരുന്നത്, ഒരു പ്രതിഫലവും കൃതജ്ഞതയും നിങ്ങളിൽ നിന്ന് ഞങ്ങളുദ്ദേശിക്കുന്നില്ല' (സൂറത്തുൽ ഇൻസാൻ 9).
അബൂബക്കർ സിദ്ധീഖ് (റ) അല്ലാഹുവിന്റെ മാർഗത്തിൽ ജനങ്ങൾക്ക് ധാരാളം നന്മകൾ ചെയ്യുമായിരുന്നു. അക്കാര്യം പരാമർശിച്ചുകൊണ്ടാണ് സൂറത്തു ലൈലിലെ 17, 18, 19, 20, 21 സൂക്തങ്ങൾ അവതരിച്ചത്, “വിശുദ്ധി കൈവരിക്കാൻ വേണ്ടി തന്റെ ധനം വ്യയം ചെയ്യുന്ന അതിസൂക്ഷ്മാലു അതിൽ നിന്ന് ദൂരീകൃതനാകും. തന്റെ മഹോന്നത നാഥന്റെ സ്‌നേഹകാംക്ഷയല്ലാതെ ആർക്കെങ്കിലും പ്രത്യുപകാരം ചെയ്യേണ്ട ഒരു ബാധ്യതയും അദ്ദേഹത്തിനുണ്ടാവില്ല. വഴിയെ അദ്ദേഹം സംതൃപ്തിയടയും”.
നമ്മൾ നന്മകൾ ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടയാൾ നമ്മുടെ കുടുംബക്കാരും ബന്ധക്കാരുമാണ്. അവരോട് സഹുഷ്ണമായി വർത്തിക്കണം, നല്ലത് പറയണം. എല്ലാം ദൈവ വഴിയിൽ തൃപ്തി കാംക്ഷിച്ചായിരിക്കണം. അല്ലാഹു പറയുന്നു: അടുത്ത ബന്ധുക്കൾക്കും അഗതികൾക്കും യാത്രക്കാർക്കും അവരുടെ അവകാശം താങ്കൾ നൽകുക, അല്ലാഹുവിന്റെ സംതൃപ്തി കാംക്ഷിക്കുന്നവർക്ക് അതാണ് ശ്രേഷ്ഠം (സൂറത്തു റൂം 38).
അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ക്ഷമ, ദേഷ്യം കടിച്ചമർത്തൽ എന്നിവ അല്ലാഹു പുകഴ്ത്തി സ്വഭാവ ഗുണങ്ങളാണ്. അല്ലാഹുവിന്റെ പ്രീതിക്കായി ദേഷ്യം കടിച്ചമർത്തിയവന് മഹത്തായ പ്രതിഫലമുണ്ടെന്നാണ് നബി (സ്വ) പറഞ്ഞത്.
