പ്രകൃതി സംരക്ഷണം മനുഷ്യന്റെ ബാധ്യത

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 11/02/2022

വിഷയം: പ്രകൃതി സംരക്ഷണം

അല്ലാഹു ഭൂമിയെ വളരെ ഭംഗിയായാണ് സംവിധാനിച്ചിരിക്കുന്നത്. സസ്യ ജന്തു വൈവിധ്യങ്ങളാലും ജീവ വൈചാത്യങ്ങളാലും ഭൗമാന്തരീക്ഷത്തെ ഏറെ ചന്തത്തിലാക്കി സുഖരസങ്ങളായ കാഴ്ചകളാക്കി മാറ്റിയ സ്രഷ്ടാവ് പ്രകൃതി സൃഷ്ടിപ്പിലും അതിലെ ജീവ ഘടകങ്ങളിലും ശരിയായ യുക്തിയോടെ ചിന്തിക്കാനും നന്ദി പ്രകാശിപ്പിക്കാനുമാണ് വിശുദ്ധ ഖുർആനിലൂടെ ആഹ്വാനം ചെയ്യുന്നത്. 'വരണ്ട ഭൂമി അവർക്കൊരു ദൃഷ്ടാന്തമാണ്, അത് നാം സചേതനമാക്കുകയും അതിൽ നിന്ന് ധാന്യം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അവർ ആഹരിക്കുന്നത് അതിനൽ നിന്നാണ്. ഈന്തയുടെയും മുന്തിരിയുടെയും ഉദ്യാനങ്ങൾ അതിൽ നാമുണ്ടാക്കുകയും ഉറവകളൊഴുക്കുകയുമുണ്ടായി, അവയുടെ പഴങ്ങൾ അവർ ഭക്ഷിക്കാൻ വേണ്ടി. അവരുടെ സ്വഹസ്തങ്ങളല്ല അവയുണ്ടാക്കിയത്. എന്നിട്ടും അവർ നന്ദി പ്രകാശിപ്പിക്കുന്നില്ലേ' (സൂറത്തു യാസീൻ 33, 34, 35). മുഴുകാര്യങ്ങളും നന്നായി ദൃഢീകരിച്ച അല്ലാഹുവിന്റെ പ്രവൃത്തിയേ്രത അത് (സൂറത്തുന്നംല് 88). 

ഈ സുന്ദര ഭൂമിലെ മണ്ണിനെയും വായുവിനെയും പ്രകൃതിയിൽ ആവാസം വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന സകല ചരാചങ്ങളെയും സംരക്ഷിക്കലും പ്രകൃതി വിഭവങ്ങളെ പരിപാലിക്കലും മനുഷ്യന് അല്ലാഹു ബാധ്യതയാക്കിരിക്കുകയാണ്. നിങ്ങളെയവൻ ഭൂമിയിൽ നിന്നു സൃഷ്ടിക്കുകയും അതിലധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു (സൂറത്തു ഹൂദ് 61). അതായത് മനുഷ്യ അധിവാസം താമസ നിർമിതികളാലും സസ്യ നടീലുകളാലും ഭൂസ്വത്തിനെ സജീവമാക്കാനാണ്.

പ്രകൃതി അല്ലാഹു നൽകിയ വരദാനമാണ്. അതിന്റെ സംരക്ഷണം മതപരവും ദേശീയപരവുമായ കടമയാണ്. ഈ പ്രകൃതിയിൽ വെച്ച് പ്രഥമാ ഗണ്യാ പരിഗണിക്കേണ്ടത് വെള്ളത്തെയാണ്. അല്ലാഹു പറയുന്നു: സർവ ജീവ വസ്തുക്കളെയും ജലത്തിൽ നിന്ന് നാം സൃഷ്ടിച്ചു (സൂറത്തുൽ അമ്പിയാഅ് 30). വെള്ളമാണ് ജീവന്റെ രഹസ്യം. വളർച്ചയുടെ അത്യാവശ്യ ഘടകമായ ജലം പ്രകൃതിയുടെ മൂലധാതുവാണ്. ജീവന് ഒഴിച്ചുകൂടാനാവാത്തതാണ്. കുടിക്കാനും കൃഷി ചെയ്യാനും വിവിധങ്ങളായ ദൈനംദിന ആവശ്യങ്ങൾങ്ങൾക്കുമെല്ലാം വെള്ളം തന്നെ ശരണം. ജല സംരക്ഷണവും ശരിയായ ജലോപഭോഗ സംസ്‌കാരവും അത്യന്താപേക്ഷിതമാണ്.

വായു പ്രകൃതിയുടെ മറ്റൊരു പ്രധാന ഘടകമാണ്.  അതിനെ മലിനമാവാതെ ശുദ്ധമായി നിലനിർത്തേണ്ടത് നാമോരോർത്തരുടെയും കടമയാണ്. പ്രകൃതിയെ മലിനപ്പെടുത്തുന്ന രീതിയിൽ പാഴ് വസ്തുക്കൾ കത്തിക്കരുത്. ഒന്നിനെയും ബുദ്ധിമുട്ടിക്കരുതെന്നാണല്ലൊ പ്രവാചക അധ്യാപനം (ഹദീസ് ഇബ്‌നു മാജ 2341). അന്തരീക്ഷം വെടിപ്പായി സംരക്ഷിക്കലും മലിനമുക്തമാക്കലും മനുഷ്യന്റെ ബാധ്യതയാണ്. വഴിയിൽ മരക്കൊമ്പ് പൊതുജനത്തിന് ബുദ്ധിമുട്ടാവുന്നത് കണ്ടയാൾ അത് നീക്കിയ കാരണത്താൽ സ്വർഗത്തിൽ പ്രവേശിച്ചുവെന്നാണ് നബി (സ്വ) വിവരിച്ചത് (ഹദീസ് ഇബ്‌നു മാജ 3682, അഹ്‌മദ് 10436).

അല്ലാഹു പറയുന്നു: കാലികളെയും അവൻ പടച്ചു. ചുടേൽക്കാനുള്ള കമ്പിളിയും മറ്റുപകാരങ്ങളും നിങ്ങൾക്കവയിൽ നിന്നും കിട്ടും (സൂറത്തു ന്നഹ് ൽ 05). ജീവികളും സസ്യങ്ങളും പ്രകൃതിയെ സമ്പന്നമാക്കുന്ന ചേരുവകളാണ്. അവകളോരോന്നിനെയും സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ സസ്യങ്ങളെ വളരാൻ അനുവദിക്കണമെന്നാണ് നബി (സ്വ) നൽകുന്ന പാഠം (ഹദീസ് ബുഖാരി, മുസ്ലിം). കാരണം സസ്യജാലങ്ങളിൽ മനുഷ്യനും പറവകൾക്കും മറ്റു ജീവികൾക്കുമെല്ലാം ഉപകാരങ്ങളുണ്ട്. അതിലെ ഭക്ഷ്യങ്ങൾ ദാനധർമ്മങ്ങളാണ്. ഓരോ ജീവിയും ഭക്ഷിക്കുമ്പോഴും കൃഷി ചെയ്തവന് അതിന്റെ പ്രതിഫലം അല്ലാഹു നൽകുന്നതാണ്.


back to top