യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/02/2022
വിഷയം: സ്വർഗവും വിട്ടുവീഴ്ചയും
ഇസ്ലാം വിജയ പാതയാണ്. സത്യമത വിശ്വാസം പാരത്രികവും ലൗകികവുമായ ലോകങ്ങളിലെ ജീവിതത്തെ വിജയകരമാക്കുന്നു. സത്യവിശ്വാസികളായി വിജയികളാവാനാണ് അല്ലാഹു അടിമകളോട് കൽപ്പിക്കുന്നത്. 'നാഥനിൽ വിശ്വസിക്കാൻ ദൂതർ നിങ്ങളെ ക്ഷണിച്ചിട്ടും നിങ്ങളെന്തുകൊണ്ട് വിശ്വസിക്കുന്നില്ലെ'ന്ന് വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് (സൂറത്തുൽ ഹദീദ് 08). അല്ലാഹുവിനെ വഴിപ്പെടാനും ആരാധിക്കാനും സത്യവിശ്വാസികളോട് കൽപനയുണ്ട്. കൃത്യതയോടെയുള്ള നമസ്‌കാരം നിത്യവും നിർബന്ധമാക്കി. വിജയത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് നമസ്‌കാരത്തിനായുള്ള ബാങ്ക് മുഴങ്ങുന്നത്. അല്ലാഹു പറയുന്നു: നിങ്ങൾ നമസ്‌കാരം നിലനിർത്തുക, സത്യവിശ്വാസികൾക്ക് ശുഭവാർത്ത അറിയിക്കുക (സൂറത്തു യൂനുസ് 87).
ദാനധർമ്മങ്ങളും മറ്റു ഉദാര സേവനങ്ങളും ചെയ്ത് നാഥനിലേക്ക് അടുക്കാനും ഇസ്ലാം മതം നിഷ്‌കർഷിക്കുന്നു. 'നോക്കൂ, നിങ്ങളിതാ അല്ലാഹുവിന്റെ മാർഗത്തിൽ ധനം ചെലവഴിക്കാൻ ക്ഷണിക്കപ്പെടുന്നു' (സൂറത്തു മുഹമ്മദ് 38). ഈ ക്ഷണം സ്വീകരിച്ച് ദാനശീലരായവർക്ക് അതിയായ പ്രതിഫലങ്ങളാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. അക്കാര്യം നബി (സ്വ) അറിയിക്കുന്നു: മനുഷ്യരുടെ എല്ലാ സൽപ്രവർത്തനങ്ങൾക്കും ഇരട്ടി പ്രതിഫലമുണ്ട്, ഒരു നന്മ ചെയ്താൽ പത്ത് ചെയ്തത് പോലെയാണ്. അതിന്റെ പ്രതിഫലം എഴുന്നൂർ വരെ ഇരട്ടിക്കാം (ഹദീസ് മുസ്ലിം 1151). ദോഷങ്ങളിൽ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാനും വിളിയാളമുണ്ട.് 'അല്ലാഹു നിങ്ങൾക്ക് ദോഷങ്ങൾ പൊറുത്തുതരാൻ നിങ്ങളെ ക്ഷണിക്കുന്നു' (സൂറത്തു ഇബ്രാഹിം 10). അല്ലാഹു പാപങ്ങളെ ഏറെ പൊറുത്തു കൊടുക്കുന്നവനാണ്. അവൻ പൊറുത്തുകൊടുക്കലിനെ ഏറെ ഇഷ്ടപ്പെടുന്നു. പരസ്പരം വിട്ടുവീഴ്ചയോടും വിടുതിയോടും ഇടപെടാനും അല്ലാഹു ക്ഷണിക്കുന്നുണ്ട്. വീഴ്ചകളിലും പാക പിഴവുകളിലും നാം അന്യോന്യം മാപ്പു നൽകി ജീവിക്കണം. എന്നാൽ അല്ലാഹുവിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിക്കാം. അല്ലാഹു പാപങ്ങൾ പൊറുക്കുക വഴി സ്വർഗത്തിലേക്ക് ക്ഷണിക്കുന്നു. 'അല്ലാഹു തന്റെയനുമതി പ്രകാരം പാപമോചനത്തിലേക്കും സ്വർഗത്തിലേക്കാണ് ക്ഷണിക്കുന്നത്' (സൂറത്തു ബഖറ 221).
സത്യവിശ്വാസികൾ നാഥന്റെ ക്ഷണത്തിനും വിളിയാളത്തിനും ഉത്തരം നൽകി നന്മകളുമായി മുന്നേറുന്നവരാണ്. അവർ പറയുമത്രെ: 'നാഥാ, സത്യവിശ്വാസത്തിലേക്കുള്ള പ്രബോധക വിളിയാളം, നിങ്ങൾ വിശ്വസിക്കൂ എന്ന ക്ഷണം ഞങ്ങൾ ശ്രവിച്ചു. തത്സമയം ഞങ്ങൾ വിശ്വാസം കൈകൊണ്ടു. അതിനാൽ നാഥാ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും തിന്മകൾ മാപ്പാക്കിത്തരികയും പുണ്യാത്മക്കളിൽ ചേർത്തു മരിപ്പിക്കുകയും ചെയ്യേണമേ. ദൂതന്മാരിലൂടെയുള്ള നിന്റെ വാഗ്ദത്തനേട്ടം ഞങ്ങൾക്കു നൽകണമേ. പുനരുത്ഥാനദിനം ഞങ്ങളെ അപമാനിക്കരുതേ. നീ വാഗ്ദാനം ലംഘിക്കുകയില്ല തന്നെ (സൂറത്തു ആലു ഇംറാൻ 193, 194). അല്ലാഹു വിളിക്ക് ഉത്തരം നൽകിയവരുടെ വിളിക്ക് അല്ലാഹുവും ഉത്തരം നൽകും. അവരുടെ പ്രാർത്ഥന ഫലിക്കും. ദോഷങ്ങൾ മാപ്പാക്കി ജീവിതം സൗഭാഗ്യകരമാക്കുകയും പരലോകത്ത് സ്വർഗവാസം നൽകുകയും ചെയ്യും. അവരുടെ പ്രാർത്ഥനക്ക് മറുപടിയായി അല്ലാഹു പ്രതികരിക്കുമത്രെ. തത്സമയം തങ്ങളുടെ നാഥൻ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളിൽ ഒരു പ്രവർത്തകന്റെ കർമ്മവും ഞാൻ ഫലശൂന്യമാക്കില്ലതന്നെ (ആലു ഇംറാൻ 195).
