യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 25/02/2022
വിഷയം: ഇസ്‌റാഅ് മിഹ്‌റാജ്
അല്ലാഹു നബി (സ്വ) യെ മസ്ജിദ് അഖ്‌സയിലേക്ക് രാപ്രയാണം നടത്തിച്ചും ഏഴ് ആകാശങ്ങളിലേക്ക് ആരോഹണം ചെയ്യിപ്പിച്ചതും വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: 'തന്റെ അടിമ മുഹമ്മദ് നബിയെ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സാ (അതിന്റെ ചുറ്റുപാടും നാം അനുഗ്രഹ പൂർണമാക്കിയിട്ടുണ്ട്)യിലേക്ക് ഒരു രാത്രിയിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധനത്രെ. നബിക്ക് ചില ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കാനായിരുന്നു അത്' (സൂറത്തുൽ ഇസ്‌റാഅ് 01). ഇസ്‌റാഅ് മിഅ്‌റാജ് സഞ്ചാരത്തിൽ നബി (സ്വ) ആകാശ ലോകവും മറ്റു അത്ഭുതങ്ങൾ കാണുകയുണ്ടായി. തന്റെ നാഥന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങൾ അവിടന്ന് കാണുകയുണ്ടായി (സൂറത്തുന്നജ്മ് 18).
ആകാശാരോഹണത്തിൽ മറ്റു നബിമാരെ നമ്മുടെ നബി മുഹമ്മദ് (സ്വ) തങ്ങൾ കണ്ടുമുട്ടുകയുണ്ടായി. അന്നേരം ഇബ്രാഹിം നബി (അ) നമ്മുടെ നബി (സ്വ) യോട് വസ്വിയ്യത് ചെയ്തത് 'തങ്ങളുടെ സമുദായത്തോട് സ്വർഗീയ സസ്യങ്ങളെന്ന് അറിയപ്പെടുന്ന ദിക്‌റുകളായ സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ എന്നിവ അധികരിപ്പിക്കാൻ പ്രേരിപ്പിക്കണ'മെന്നാണ് (ഹദീസ് തുർമുദി 3462). മൊഴിയാൻ വളരെ എളുപ്പമുള്ളതും, പ്രതിഫല കാര്യത്തിൽ മൂല്യമേറിയതുമാണ് ഈ പരിശുദ്ധ വാക്യങ്ങൾ.
ഈ ആകാശ പ്രയാണത്തിലാണ് നബി (സ്വ)യുടെ സമുദായത്തിന് അഞ്ചു നേരത്തെ നമസ്‌കാരങ്ങൾ നിർബന്ധമാക്കപ്പെടുന്നത്. അഞ്ചാണെങ്കിലും മൂല്യത്തിൽ അമ്പതിന്റെ പ്രതിഫലങ്ങൾ ലഭിക്കുന്നതാണ് ഫർള് നമസ്‌കാരങ്ങൾ. യഥാ വിധി യഥാ സമയം നിർബന്ധ നമസ്‌കാരങ്ങൾ നിർവ്വഹിക്കുകയും അതിയായി സുന്നത്ത് നമസ്‌കാരങ്ങൾ ശീലമാക്കുകയും ചെയ്തവർ അനായാസം സ്വർഗത്തിലേക്ക് മുന്നേറുമത്രെ.
മിഹ്‌റാജ് യാത്രയിൽ സ്വർഗത്തിൽ വെച്ച് നബി (സ്വ) നേരിയൊരു ശബ്ദം കേൾക്കാനിടയായി. നബി (സ്വ) ജിബ്‌രീലി (അ)നോട് ചോദിച്ചു: ഇതെന്താണ്? ജിബ്‌രീൽ (അ) മറുപടി പറഞ്ഞു: ബാങ്കു വിളിക്കുന്ന ബിലാലാണ് (ഹദീസ് അഹ്‌മദ് 2366). ബിലാൽ (റ) രാത്രിയിലാവട്ടെ പകലിലാവട്ടെ ഏതു നേരത്തും വുദൂ ചെയ്താൽ നമസ്‌ക്കരിക്കുമായിരുന്നു (ഹദീസ് മുസ്ലിം 2458). അതു കൊണ്ടാണ് ബിലാൽ (റ) സ്വർഗത്തിൽ നേരത്തെ എത്തിച്ചേർന്നത്.
സ്വർഗ ലോകം നദികളാൽ അലംകൃതമണ്. 'സൂക്ഷ്മാലുക്കൾക്കുള്ള വാഗ്ദത്ത സ്വർഗത്തിന്റെ ഉപമ, അതിന്റെ ചുവട്ടിലൂടെ ആറുകളൊഴുകിക്കൊണ്ടിക്കുന്നതാണ്' (സൂറത്തു റഅ്ദ് 35). ഈ നദികളിൽ വെച്ച് പ്രധാനപ്പെട്ടതാണ് കൗസർ നദി. ആ നദിയെ നബി (സ്വ) മിഹ്‌റാജ് പ്രയാണത്തിൽ കണ്ടതാണ്. നബി (സ്വ) പറയുന്നു: ഞാൻ സ്വർഗത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരു നദി കണ്ടു. അതിന്റെ ഇരു അറ്റങ്ങളിൽ വിലയേറിയ മുത്തുകളാലും രത്‌നങ്ങളാലുമുള്ള കുംഭഗോപുരങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഞാൻ ചോദിച്ചു ജിബ്‌രീലേ, ഇത് എന്താണ്? ജിബ്‌രീൽ (അ) പറഞ്ഞു: ഇതാണ് തങ്ങൾക്ക് അല്ലാഹു നൽകിയിരിക്കുന്ന കൗസർ (ഹദീസ് ബുഖാരി 4964). നബി ചര്യ ശരിയായി പിൻപറ്റിയവർക്കും മറ്റുള്ളവരെ കുറ്റം പറയാതെ, ചീത്ത പറയാതെ, അധിക്ഷേപിക്കാതെ നാവിനെ സൂക്ഷിച്ചവർക്കുമാണ് കൗസറിൽ നിന്ന് വെള്ളമെടുക്കാനാവുക. അതിൽ വീഴ്ച വരുത്തിയവരുടെ ദയനീയ അവസ്ഥ നബി (സ്വ) മിഹ്‌റാജിൽ കണ്ടതാണ്.
ഇസ്‌റാഅ് മിഹ്‌റാജ് പ്രയാണങ്ങൾ നബി (സ്വ)യുടെ ജീവിതത്തിലെ ഏറെ ശ്രദ്ധേയമായ അമാനുഷിക സംഭവങ്ങളാണ്. അതേപ്പറ്റി നബി (സ്വ)യുടെ അവസ്ഥാ വിശേഷം വിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിക്കുന്നു: 'ആ ദൃശ്യം അവിടത്തെ ഹൃദയം വ്യാജമാക്കിട്ടില്ല' (സൂറത്തു ന്നജ്മ് 11). 'നബിയുടെ ദൃഷ്ടി വ്യതിചലിക്കുകയോ പരിധിവിട്ടുപോവുകയോ ചെയ്തിട്ടില്ല' (സൂറത്തു ന്നജ്മ് 17).
ഈ അത്ഭുത പ്രയാണത്തെപ്പറ്റിയും കണ്ട കാഴ്ചകളെ പ്പറ്റിയും നബി (സ്വ) അനുചരന്മാരോട് പറഞ്ഞപ്പോൾ അവരുടെ മനസ്സിലും ശരീരത്തിലുമെല്ലാം വിശ്വാസാവേശം പ്രവഹിക്കുകയായിരുന്നു. അവിശ്വസനീയ കാര്യങ്ങളായിട്ടും നബി (സ്വ) വിവരിച്ചതിനാൽ വിശ്വസിക്കുകയായിരുന്നു അവർ. അവരിൽ മുന്നിലായിരുന്നു അബൂബക്കർ സിദ്ധീഖ് (റ). ഖുറൈശി കൂട്ടം അബുബക്കറി (റ)ന്റെ അടുക്കലേക്ക് ചെന്ന് പറഞ്ഞു: മുഹമ്മദ് രാത്രി ബൈത്തുൽ മുഖദ്ദസിലേക്ക് പോയി നേരം പുലരും മുമ്പ് തിരിച്ചു വന്നുവെന്ന് താങ്കൽ വിശ്വസിക്കുന്നുണ്ടോ?! അബൂബക്കർ (റ) മറുപടി നൽകി: അതേ, നിശ്ചയമായും മുഹമ്മദ് നബി (സ്വ) ഇതിനേക്കാൾ അവിശ്വസനീയമായത് പറഞ്ഞാലും ഞാൻ വിശ്വസിക്കും, നബി (സ്വ)യുടെ ആകാശാരോഹണ വിവരണവും ഏതു നേരത്തും ഞാൻ വിശ്വസിക്കും. അങ്ങനെയാണ് “അൽ സിദ്ധീഖ്” എന്ന് നാമകരണം ചെയ്യപ്പെട്ടത് (മുസ്തദ്‌റഖ് 4407). ഖുർആൻ വിവരിച്ച പ്രകാരം, നബി (സ്വ) കഥനം ചെയ്ത പ്രകാരം ഇസ്‌റഅ് മിഹ്‌റാജ് സംഭവങ്ങളിൽ വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങൾ.
