യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 04/03/2022
വിഷയം: സാമൂഹ്യ മാധ്യമങ്ങൾ
സ്രഷ്ടാവായ നാഥൻ നമ്മുക്ക് ആശയ വിനിമയത്തിനും സന്ദേശ കൈമാറ്റത്തിനും ധാരാളം മാർഗങ്ങൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്. ഇന്നത്തെ പ്രധാന സമ്പർക്ക ഇടമെന്നത് സൈബർ രംഗമാണ്. നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലും സ്വൽസ്വഭാവും വിശ്വാസ സംസ്‌കാരവും കണിശമായി പുലർത്തേണ്ടിയിരിക്കുന്നു. നബി (സ്വ) പറഞ്ഞിരിക്കുന്നു: സ്വൽസ്വഭാവികളാണ് അന്ത്യനാളിൽ നിങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടവും എനിക്കടുത്തായി ഇരിക്കുന്നവരും (ഹദീസ് തുർമുദി 2018). സ്വർഗ ലോകത്ത് ഉയർന്ന പദവിയോടെ നബി (സ്വ)യോടൊപ്പം ചേരാൻ ഏതു സമയത്തും ഏതു അവസ്ഥയിലും ശ്രേഷ്ഠ സ്വഭാവിയായിരിക്കണമെന്നാണ് പ്രസ്തുത ഹദീസ് പാഠം. മറ്റൊരിക്കൽ നബി (സ്വ) പറഞ്ഞതായി കാണാം: നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക, ഒരു ദോഷം ചെയ്തു പോയാൽ അതിനെ തുടർന്ന് ഒരു നന്മ ചെയ്യണം അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ ഇടപെടണം (ഹദീസ് തുർമുദി 1987).
ഡിജിറ്റൽ ഫ്‌ളാറ്റു ഫോമിലും സാമൂഹ്യ മാധ്യമങ്ങളിലും മറ്റുള്ളവരുമായി സംവദിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും സ്വഭാവ മര്യാദകൾ നന്നായി പാലിക്കണം. അല്ലാഹു എല്ലാം നിരീക്ഷിക്കുകയും കാണുകയും ചെയ്യുന്നുണ്ടെന്ന് ബോധമുണ്ടാകണം. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനുമാണല്ലൊ. കണ്ണുകളുടെ കട്ടുനോട്ടവും മനസ്സുകൾ ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു (സൂറത്തു ഗാഫിർ 19).
സൈബർ ഇടങ്ങളിൽ ചാരിത്ര്യ ശുദ്ധി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. കണ്ണിനെയും മറ്റു ശരീരാവയവങ്ങളെയും അരുതാത്തവയിൽ നിന്ന് മാറ്റിനിർത്തണം. സന്മാർഗവും സൂക്ഷ്മതയും ചാരിത്ര്യ യശസ്സും ഐശ്വര്യവും നൽകാൻ നബി (സ്വ) അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് മുസ്ലിം 2721).
ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കലാണ് സത്യവിശ്വാസത്തിന്റെയും ബുദ്ധികൂർമ്മതയുടെയും സ്വഭാവ മഹിമയുടെയും ലക്ഷണം. തനിക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലാണ് ഒരു നല്ല മുസ്ലിം ചെയ്യേണ്ടതെന്ന് നബി (സ്വ) പഠിപ്പിക്കുന്നുണ്ട് (ഹദീസ് തുർമുദി 2317). പാരത്രിക ലോകത്ത് വെച്ച് നൽകപ്പെടുന്ന ഏടിൽ നന്മകൾ എഴുതപ്പെടാൻ സോഷ്യൽ മീഡിയകളിലെ എഴുത്തുകളിലും ധാർമികത പുലർത്തേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: അവർ മുമ്പ് അനുവർത്തിച്ചതും അവയുടെ അനന്തരഫലങ്ങളും നാം രേഖപ്പെടുത്തുന്നുണ്ട്. സർവ കാര്യവും ഒരു സ്പഷ്ടപ്രമാണത്തിൽ നാം തിട്ടപ്പെടുത്തിവെച്ചിരിക്കുന്നു (സൂറത്തു യാസീൻ 12).
എഴുതിയവൻ മണ്ണടഞ്ഞാലും ലിഖിതങ്ങൾ ബാക്കിയാവുമെന്നും അതിനാൽ പരലോകത്ത് സന്തോഷം നൽകുന്ന എഴുത്തുകൾ മാത്രം കൈയെ ചെയ്യിപ്പിക്കണമെന്ന് ഒരു അറബി കാവ്യമായി അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റുന്ന ഓരോ വാക്കിനും നാഥനോട് മറുപടി പറയേണ്ടി വരുമെന്നോർക്കുക. ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകാതിരിക്കില്ല (സൂറത്തു ഖാഫ് 18). സൈബർ ഇടങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വളരെ സൂക്ഷ്മതയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. സൈബർ ഇടപെടലിൽ സത്യസന്ധത മുഖ്യമാണ്. ഔദ്യോഗികവും വിശ്വാസയോഗ്യവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണം. വ്യാജങ്ങൾ പങ്കുവെക്കുകയോ അയക്കുകയോ ചെയ്യരുത്. കേട്ടതൊക്കെ പറയരുതെന്നും അവയിൽ കളവുണ്ടായേക്കാമെന്നും ഹദീസുണ്ട് (മുസ്ലിം 10/1).
ഡിജിറ്റൽ രംഗം ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം. കുടുംബക്കാരും ബന്ധുമിത്രാദികളുമായും ബന്ധം നിലനിർത്തിക്കൊണ്ടിരിക്കാനും സുഖവിവരങ്ങൾ അറിയാൻ ഏറെ ഉപകാരപ്രദമാണ്. പഠിക്കാനും പഠിപ്പിക്കാനും ധാരാളമുണ്ട് ഇന്റർനെറ്റ് ലോകത്ത്. എന്നാൽ അനാവശ്യങ്ങളിൽപെടാതെ, സമയം കളയാതെ നോക്കണം. പൈശാചിക ഇടങ്ങളും വ്യാപകമാണ് ഈ രംഗത്ത്. അവയിൽ പെടാതെ നമ്മെയും നമ്മുടെ മക്കളെയും സൂക്ഷിക്കണം. കുഴപ്പക്കാരുടെ മാർഗം അനുധാവനം ചെയ്യരുതെന്നാണ് സൂറത്തുൽ അഅ്‌റാഫ് 142ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നത്.
