അനുഗ്രഹങ്ങൾക്ക് ഉപകാര സ്മരണ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 11/03/2022

വിഷയം: അനുഗ്രഹ സ്മരണ


മനുഷ്യന്റെ ജീവനും ഉപജീവനുമെല്ലാം അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. അതിനാൽ ഓരോ ശ്വാസ നിശ്വാസങ്ങൾക്കും ഭക്ഷ്യ തരികൾക്കും ജല കണികകൾക്കും നാം അവനോട് കടപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ഹേ മനുഷ്യരേ, അല്ലാഹു നിങ്ങൾക്ക് വർഷിച്ചു തന്ന അനുഗ്രഹങ്ങൾ അനുസ്മരിക്കുക, ആകാശത്തും ഭുമിയിലും നിന്ന് ഉപജീവനമേകാൻ അല്ലാഹുവല്ലാതെ വല്ല സ്രഷ്ടാവുമുണ്ടോ (സൂറത്തുൽ ഫാത്വിർ 03). ജീവൻ നിലനിർത്തുന്ന അന്നപാനീയങ്ങൾ സമയാസമയം നൽകുന്ന ഏറെ പരിശുദ്ധനും മഹോന്നതനുമാണ് അല്ലാഹു. സൃഷ്ടി നേർവഴി കാട്ടുകയും അന്നപാനാദികൾ തരികയും രോഗം ശമിപ്പിക്കുകയും മരപ്പിച്ച് പുനർ ജീവിപ്പിക്കുകയും പാപങ്ങൾ പൊറുക്കുകയും ചെയ്യുന്ന അല്ലാഹുവിനെ ഇബ്രാഹിം നബി (അ) സ്മരിക്കുന്നത് വിശുദ്ധ ഖുർആൻ സൂറത്തു ശ്ശുഅറാഅ് 78, 79, 80, 81, 82 സൂക്തങ്ങളിൽ കാണാം. 

ഭക്ഷ്യാനുഗ്രഹം വലിയൊരു ദാനമാണ്. ഭക്ഷ്യമില്ലെങ്കിൽ ജീവന് നിലനിൽപ്പില്ല. സൃഷ്ടി ഭക്ഷണം കഴിച്ചും വെള്ളം കുടിച്ചും സ്രഷ്ടാവിനോട് നന്ദിയുള്ളവനാകുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമാണ്. നബി (സ്വ) പറയുന്നു:  ഒരാൾ തിന്നതിനും കുടിച്ചതിനും അല്ലാഹുവിനെ സ്തുതിക്കുന്നത് അവന് ഏറെ തൃപ്തി നൽകുന്നു (ഹദീസ് മുസ്ലിം 2734). അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനെ സ്തുതിക്കുകയും ഉപകാരസ്മരണ ചെയ്യലും നാമോരോർത്തരുടെയും ബാധ്യതയാണ്. പ്രവാചകന്മാർ ആ ബാധ്യത വളരെ ഭംഗിയായി നിർവ്വഹിച്ചിരുന്നു. അതീവ കൃതജ്ഞനായിരുന്നുവെന്നാണ് അല്ലാഹു നൂഹ് നബി (അ)യെ ഖുർആനിൽ വിശേഷിപ്പിച്ചിരിക്കുന്നത്. നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) അല്ലാഹു ഏകിയ അനുഗ്രഹങ്ങൾക്ക് നിരന്തരം സ്തുതികൾ പാടുകയും നന്ദി പ്രകാശിപ്പിക്കുകയു ചെയ്യുമായിരുന്നു (ഹദീസ് അബൂ ദാവൂദ് 5073, ഇബ്‌നു ഹിബ്ബാൻ 3/142). അങ്ങനെ നന്ദി പറയാനാണ് അല്ലാഹുവിന്റെ താൽപര്യവും. അവനെയാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ അവന്റെ അനുഗ്രഹങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യുക (സൂറത്തു ന്നഹ് ല് 114). 

നന്ദിയുള്ളവരുടെ അനുഗ്രഹങ്ങൾ അധികരിക്കുന്നതാണ്. അത് ദൈവ വാഗ്ദാനമാണ്. അല്ലാഹു പറയുന്നു: കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ നിശ്ചയം നിങ്ങൾക്കു ഞാൻ അനുഗ്രഹവർധന നൽകുന്നതാണ് (സൂറത്തു ഇബ്രാഹിം 07). അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകാശനത്തിന്റെ ആദ്യപടിയാണ് അല്ലാഹുവിനോടുള്ള അനുസരണ. അതിന്റെ ഭാഗമായി അനുഗ്രഹങ്ങളെ അല്ലാഹു പറഞ്ഞ പ്രകാരം മാത്രം ഉപയോഗപ്പെടുത്തണം. അനുഗ്രഹങ്ങളെ നശിപ്പിക്കാതെ നിലനിർത്തണം. മിതത്വം പാലിക്കണം. കളഞ്ഞുകുളിക്കരുത്. അമിതവ്യയമരുത്. 'അന്നപാനീയങ്ങൾ കഴിക്കുക, എന്നാൽ ദുർവ്യയം അരുത്. ദുർവ്യയക്കാരെ അവൻ ഇഷ്ടപ്പെടുകയില്ല' (സൂറത്തുൽ അഅ്‌റാഫ് 31). 

നൽകപ്പെട്ട ഓരോ അനുഗ്രഹത്തിന്റെ കാര്യത്തിലും ഓരോർത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. എങ്ങനെ വിനിയോഗിച്ചുവെന്ന് വിചാരണ നേരിടേണ്ടതാണ്. ഒരിക്കൽ നബി (സ്വ)യും സ്വഹാബികളും ഈത്തപ്പഴവും കാരക്കയും മാംസവും സുഭിക്ഷമായി ഭക്ഷിക്കുകയുണ്ടായി. ശേഷം നബി (സ്വ) എല്ലാവരോടുമായി പറഞ്ഞു: അല്ലാഹുവാണേ, സത്യം ഈ അനുഗ്രഹങ്ങളുടെ കാര്യത്തിൽ ഓരോർത്തരും അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുന്നതാണ് (ഹദീസ് തുർമുദി 2369). നമ്മുടെ ഓരോ അനുഗ്രഹങ്ങളിലും കൂടുതൽ കൂടുതൽ ബർകത് ഉണ്ടാവാനും ഇനിമിനിയും അനുഗ്രഹങ്ങളുണ്ടാവാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാം.

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാൻ യോജ്യമായ ദിവസങ്ങളാണ് നമ്മളിലേക്ക് ആഗതമായിരിക്കുന്നത്. എല്ലായ്‌പ്പോഴും നന്മകൾ ചെയ്യണമെന്നാണ് നബി (സ്വ) കൽപ്പിച്ചിരിക്കുന്നത്, എന്നാൽ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യവർഷത്തിന്റെ സമയങ്ങളുണ്ട്, അവ പ്രത്യേകം മുതലെടാക്കാനും നിർദേശമുണ്ട് (ത്വബ്്‌റാനി, മുഅ്ജമുൽ കബീർ 719). അത്തരത്തിൽ മഹത്തരമാണ് ശഅ്ബാൻ മാസം. ഈ മാസത്തിൽ സൽപ്രവർത്തനങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുമത്രെ. ഈ മാസത്തിൽ നബി (സ്വ) കൂടുതലായി വ്രതമനുഷ്ഠിക്കുമായിരുന്നു. നബി (സ്വ) ശഅ്ബാൻ മാസത്തെക്കുറിച്ച്് പറയുമായിരുന്നു: റമദാൻ, റജബ് മാസങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിക്കാതെ പോവുന്ന മാസമാണ് ആ മാസം. ആ മാസത്തിൽ സൽപ്രവർത്തനങ്ങൾ ലോക രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയർത്തപ്പെടും. നോമ്പുകാരനായിരിക്കെ എന്റെ സൽകർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടാനാണ് എനിക്കിഷ്ടം (ഹദീസ് സസാഈ 2357). ശഅ്ബാൻ പതിനഞ്ചിലെ രാവ് ഏറെ പവിത്രമാണ്. ആ രാവിൽ ജനങ്ങൾക്ക് വിടുതി നൽകിയവർക്ക് അല്ലാഹുവും വിടുതിയും പാപമോചനവും നൽകുന്നതാണ്. പുണ്യമായ റമദാനിനെ വരവേൽക്കാനുള്ള മാസം കൂടിയാണ് ശഅ്ബാൻ.


back to top