യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 18/03/2022
വിഷയം: കുട്ടികൾ അനുഗ്രഹങ്ങളാണ്
അബൂ ഹുറൈറ (റ) വിവരിക്കുന്നു: ഒരിക്കൽ ഞാൻ നബി (സ്വ)യോടൊപ്പം മദീനയിലെ ഒരു അങ്ങാടിയിലായിരുന്നു. അപ്പോഴാണ് നബി (സ്വ) യുടെ ഒരു പേരക്കുട്ടി ഓടിവരുന്നത്. നബി (സ്വ) കുട്ടി യെ വാരിപ്പുണർന്നു, ഉമ്മ വെച്ചു നെഞ്ചോട് ചേർത്തു പ്രാർത്ഥിച്ചു: അല്ലാഹുവേ, ഞാനീ കുട്ടിയെ ഇഷ്ടപ്പെടുന്നു, നീയും ഇഷ്ടപ്പെടണേ (ഹദീസ് ബുഖാരി, മുസ്ലിം). മക്കൾ സൗഭാഗ്യങ്ങളാണ്, സൗരഭ്യങ്ങളാണ്. സമ്പത്തും സന്താനങ്ങളും ഭൗതിക ജീവിതത്തിലെ അലങ്കാരങ്ങളെന്നാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ സൂറത്തുൽ കഹ്ഫിലെ 46ാം സൂക്തത്തിലൂടെ പ്രസ്താവിച്ചിരിക്കുന്നത്. വരദാനങ്ങളാണ് മക്കൾ. പ്രവാചകന്മാർ ഈ ദാനങ്ങൾക്കായി പ്രാർത്ഥിച്ചത് ഖുർആനിൽ കാണാം. സകരിയ നബി (അ) പ്രാർത്ഥിച്ചു: നാഥാ നിന്റെ പക്കലിൽ നിന്നു ഒരുത്തമ സന്താനത്തെ എനിക്കു തരണമേ (സൂറത്തു ആലു ഇംറാൻ 38).
കുട്ടികൾക്ക് വേണ്ട വിധം പരിലാളനയും പരിപാലനവും നൽകാനാണ് പരിശുദ്ധ ഇസ്ലാം നിർദേശിക്കുന്നത്. സമയാസമയം അവർക്ക് വേണ്ട മാനസികവും ശാരീരികവുമായ ആവശ്യങ്ങൾ നടത്തിക്കൊടുക്കണം. മാതാപിതാക്കളാണ് അതിന് ഉത്തരവാദിത്വപ്പെട്ടവർ. പുരുഷൻ തന്റെ കുടുംബത്തിന്റെ കാര്യത്തിലും സ്ത്രീ വീട്ടു കാര്യത്തിലും ചോദ്യം ചെയ്യപ്പെടും വിധം ഉത്തരവാദിത്വപ്പെട്ടവരാണെന്നാണല്ലൊ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
പ്രഥമമായി ശിശു പരിപാലനം മാതാക്കളുടെ ബാധ്യതയാണ്. ഉപജീവന ചെലവുകൾ വഴിക്കേണ്ടത് പിതാവിന്റെ ബാധ്യതയും. അല്ലാഹു പറയുന്നു: ഉമ്മമാർ ശിശുക്കൾക്ക്് രണ്ടു പൂർണ വർഷം മുലപ്പാൽ നൽകണം. മുലയൂട്ടുന്നവർക്കുള്ള ഭക്ഷണവും വസ്ത്രവും ന്യായമായി നൽകേണ്ടത് ശിശുവിന്റെ പിതാവാണ് (സൂറത്തുൽ ബഖറ 233). മക്കൾക്ക് ധാർമിക പഠനം നൽകേണ്ടതും സ്വൽസ്വഭാവ രൂപീകരണം നടത്തേണ്ടതും പിതാവിന്റെ ബാധ്യതയാണ്. മക്കൾക്ക് ചെറുപ്പത്തിൽ അല്ലാഹുവുമായി ബന്ധമുണ്ടാക്കിക്കൊടുക്കണം. ലുഖ്മാനുൽ ഹകീം (റ) തന്റെ മകനോട് ഉപദേശിക്കുന്നത് ഖുർആൻ ഉദ്ധരിക്കുന്നുണ്ട്: എൻറെ കുഞ്ഞുമകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും അത് നീയനുവർത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്. അവൻ സൃക്ഷ്മദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാൻ 16). അദ്ദേഹം മകനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്: മകനേ, നീ നി ന്റെ നാവിനെ സൂക്ഷിക്കുക എന്നാൽ നീ രക്ഷപ്പെടും, തിന്മയുടെ വഴികൾ അവഗണിക്കുക എന്നാൽ നിനക്ക് നിർഭയനാകാം, സൽവൃത്തരോട് കൂട്ടുകൂടുക എന്നാൽ നിനക്ക് നേട്ടമുണ്ടാക്കാം.
പിതാക്കൾക്ക് മക്കളോട് കുറേ കടപ്പാടുകൾ ചെയ്തു തീർക്കാനുണ്ട്. നബി (സ്വ) പറഞ്ഞിരിക്കുന്നു: നിശ്ചയം, നിനക്ക് നിന്റെ കുട്ടിയോട് ബാധ്യതയുണ്ട് (ഹദീസ് മുസ്ലിം 1159). മക്കളെ സൗഹൃദപൂർവ്വം വളർത്തണം. നല്ല കാര്യങ്ങൾ ചെയ്തു ചെയ്തു പഠിപ്പിക്കണം. പേടിയുണ്ടാക്കുന്ന കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആശങ്കയകറ്റണം. മകന്റെ കാര്യം ഉപ്പയും മകളുടെ കാര്യം ഉമ്മയും കേട്ടു മനസ്സിലാക്കി പരിഹരിക്കണം. പ്രിയ പുത്രി ഫാത്വിമ (റ) നബി (സ്വ) യോട് വേദനകളും സങ്കടങ്ങളും പങ്കുവെക്കുമായിരുന്നു (ഹദീസ് ബുഖാരി 5361).
മാതാപിതാക്കൾ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം ഇടക്കിടെ ഉറപ്പുവരുത്തണം. അതിനായി സമയം മാറ്റി വെക്കണം. നല്ല അനുഭവങ്ങൾ അവർക്ക് വിവരിച്ചു കൊടുത്ത് വിശ്വാസദൃഢത വരുത്തണം. ഇഹലോകത്തും പരലോകത്തും വിജയിക്കാനാവശ്യമായ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കണം. സ്വഭാവം സാംശീകരിക്കണം. സത്യസന്ധതയും വിശ്വാസ്യത ശീലിപ്പിക്കണം. ആൾക്കാരോട് നന്മയോടെ പെരുമാറാൻ പ്രാപ്തരാക്കണം. വലിയവരെ ബഹുമാനിക്കാനും ചെറിയവരെ സ്്‌നേഹിക്കാനും പാഠങ്ങൾ നൽകണം. നാടിനോട് കൂറുള്ളവരുമാക്കണം.
