സൂറത്തു റഹ്‌മാൻ, ദൈവാനുഗ്രഹങ്ങളുടെ സ്തുതിപാഠങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 25/03/2022

വിഷയം: സൂറത്തു റഹ്‌മാൻ

പരിശുദ്ധ ഖുർആനിലെ മഹത്തരവും സവിശേഷകരവുമായ ഒരു അധ്യായമാണ് സൂറത്തു റഹ്‌മാൻ. മദീനയിലാണ് ഈ സൂറത്ത് അവതരിച്ചത്. അല്ലാഹുവിന്റെ വിശേഷ നാമങ്ങളായ അസ്മാഉൽ ഹുസ്്‌നയിലെ പെട്ട റഹ്‌മാൻ എന്നാണ് നാമകരണം. കാരണം അല്ലാഹുവിന്റെ കാരുണ്യ വർഷങ്ങളും അനുഗ്രഹ പേമാരികളും സ്തുതിഗീതങ്ങളായി പ്രസ്താവിക്കുന്നതിനാലാണ്. പ്രസ്തുത സൂറത്ത് തുടങ്ങുന്നത് തന്നെ ഇങ്ങനെ: 'കൃപാലുവായ അല്ലാഹു ഈ ഖുർആൻ അഭ്യസിപ്പിച്ചിരിക്കുന്നു. അവൻ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരിക്കാൻ പഠിപ്പിക്കുകയും ചെയ്തു'. വിശുദ്ധ ഖുർആനിന്റെ അവതരണവും അതിന്റെ അനായാസ പഠന മനപാഠ സാധ്യതകളും അല്ലാഹുവിൽ നിന്നുള്ള വലിയ അനുഗ്രഹങ്ങളാണ്. മനുഷ്യനെ ശ്രേഷ്ഠമായി സൃഷ്ടിച്ചതും സംസാര ശേഷിയും ബുദ്ധിയും വിവേകവും നൽകിയതുമെല്ലാം വിലമതിക്കാനാവാത്ത ദൈവദാനങ്ങളെന്നാണ് ആദ്യ സൂക്തങ്ങൾ വിവരിക്കുന്നത്. 

സൂര്യനെയും ചന്ദ്രനെയും അതിസൂക്ഷമമായി ചലിപ്പിച്ചു കൊണ്ടുള്ള അല്ലാഹുവിന്റെ നിയന്ത്രണവും സൂറത്ത് ഓർമ്മിപ്പിക്കുന്നുണ്ട്്: 'സൂര്യ ചന്ദ്ര സഞ്ചാരം ഒരു നിശ്ചിത കണക്കുപ്രകാരമാണ്'. ഭൂമിയുടെ സംവിധാനവും അതിലെ കായ്കനികളുടെ വളർച്ചയുമെല്ലാം തുടർന്ന് വിവരിക്കപ്പെടുന്നുണ്ട്: 'ഭൂമിയെ അല്ലാഹു മനുഷ്യർക്ക് വേണ്ടിയുണ്ടാക്കി. അതിൽ പഴങ്ങളും കുമ്പാളകളുള്ള ഈന്തവൃക്ഷങ്ങളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്'. ഇങ്ങനെ എത്രങ്ങാനം സൗകര്യ സംവിധാനങ്ങളാണ് അല്ലാഹു മനുഷ്യർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സൂറത്തു റഹ്‌മാൻ വിസ്തരിക്കുന്നുണ്ട്, എന്നിട്ട് നമ്മോട് ചോദിക്കുന്നു: ഉദാത്ത കർമ്മങ്ങൾക്കുള്ള പ്രതിഫലം നല്ലതു ചെയ്തുകൊടുക്കൽ മാത്രമല്ലേ? എന്ന്

ഖുർആൻ പ്രകാരം സ്രഷ്ടാവിനെ അനുസരിച്ചും ഭയഭക്തി കാണിച്ചും, സൃഷ്ടികളെ സഹായിച്ചും അവരുടെ വേദന യാതനകൾ അകറ്റിയും സൗകര്യങ്ങൾ ചെയ്തു കൊടുത്തും ജീവിക്കുന്നവർക്ക്  നന്മയിലെ മുന്നോക്കക്കാർക്കായി പ്രത്യേകം സജ്ജമാക്കിയ ഇരട്ട സ്വർഗങ്ങൾ പ്രാപ്യമായിരിക്കുമത്രെ. 'തന്റെ നാഥന്റെ തിരുസന്നിധിയെ പേടിക്കുന്നവന്ന് രണ്ട് സ്വർഗങ്ങളുണ്ടാകും'. ആ രണ്ടു സ്വർഗങ്ങളും അതിലെ പാത്രങ്ങളും മറ്റു വകകളും സ്വർണത്താലുള്ളതെന്നാണ് നബി (സ്വ) വിശദീകരിച്ചു തന്നിരിക്കുന്നത്്. മൂല്യത്തിലും മഹത്വത്തിലും അവയേക്കാൾ  കുറവുള്ള വേറെ രണ്ടു സ്വർഗങ്ങൾ കൂടിയുണ്ട് :'മേൽപറഞ്ഞ രണ്ടുമല്ലാതെ വേറെയുമുണ്ട്് ഉദ്യാനദ്വയങ്ങൾ'. ആ രണ്ടു സ്വർഗങ്ങളും അതിലെ പാത്രങ്ങളും മറ്റു വകകളും വെള്ളിയാൽ നിർമിതമാണെന്നാണ് നബി (സ്വ) പറഞ്ഞുതന്നിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

അര്‌റഹ്‌മാൻ എന്ന പ്രവിത്ര നാമത്തിൽ തുടങ്ങുന്ന സൂറത്തിൽ മുഴുനീളെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളും അത്ഭുത വിധാനങ്ങളും കാരുണ്യങ്ങളും അനുഗ്രഹങ്ങളുമാണ് തുടരുന്നത്. അല്ലാഹുവിന്റെ മറ്റൊരു നാമമായ 'ദുൽ ജലാലി വൽ ഇക്‌റാം' പരാമർശിച്ചുകൊണ്ടുള്ള സ്തുതി പാടിയാണ് ഉപസംഹരിക്കുന്നത്: 'താങ്കളുടെ മഹോന്നതനും അത്യുദാരനുമായ നാഥന്റെ അഭിധാനം അനുഗ്രഹപൂർണമത്രേ'. നമ്മുടെ പ്രാർത്ഥനകളിൽ യാ ദൽ ജലാലി വൽ ഇക്‌റാം എന്ന നാമ വിളി  ഉൾപ്പെടുത്താനാണ് നബി (സ്വ) നിർദേശിച്ചിരിക്കുന്നത് (ഹദീസ് തുർമുദി 3525).


back to top