പരിശുദ്ധ റമദാൻ മാസം വന്നെത്തി

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 01/04/2022

വിഷയം: റമദാൻ മാസം

അല്ലാഹു മനുഷ്യർക്ക് പരിശുദ്ധ ആരാധനകൾക്കും സുകൃത സുന്ദര അനുഷ്ഠാനങ്ങൾക്കും ചില വിശേഷാൽ മുഹൂർത്തങ്ങളും ദിവസങ്ങളും വ്യവസ്ഥപ്പെടുത്തികൊടുത്തിട്ടുണ്ട്്. അത്തരത്തിൽ സൽകൃത്യങ്ങളുടെ ഉത്സവക്കാലമാണ് വിശുദ്ധ റമദാൻ മാസം. റമദാനിൽ സൽപ്രവർത്തനങ്ങൾക്ക് വർദ്ധിച്ച തോതിലുള്ള പ്രതിഫലങ്ങളാണ് അവൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം സമാഗതമായാൽ വിശ്വാസി മനസ്സുകൾ ആനന്ദം കൊള്ളും, ആത്മീയ നിർവൃതിയോടെ ആരാധനാ നിമഗ്നരാവുകയും ചെയ്യുമത്രെ. 

റമദാൻ മാസമായാൽ നബി (സ്വ) അനുചരന്മാരെ സന്തോഷം വാർത്ത അറിയിക്കുമായിരുന്നു: നിശ്ചയം നിങ്ങളിലേക്ക് റമദാൻ പുണ്യമാസം എത്തിയിരിക്കുന്നു, വ്രതാനുഷ്ഠാനം നിർബന്ധമായ ഈ മാസത്തിൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും നരക വാതായനങ്ങൾ അടക്കപ്പെടുകയും പിശാചുക്കൾ ചങ്ങലയിൽ ബന്ധിക്കപ്പെടുകയും ചെയ്യും (ഹദീസ് അഹ്‌മദ് 8991). നന്മയുള്ളവന് ധാർമികമായി മുന്നേറാനുള്ള സുവർണാവസരമാണ് റമദാനെന്നും നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്് (ഹദീസ് തുർമുദി 682).

ആ റമദാൻ നമ്മളിലേക്ക് വന്നെത്തിയിരിക്കുകയാണ്. നന്മകൾക്ക് ഇരട്ടികളായ പ്രതിഫലങ്ങൾ നൽകപ്പെടുന്ന, അനുഗ്രഹങ്ങൾ നിരന്തരമായി വർഷിക്കുന്ന മാസമാണിത്. റമദാൻ വന്നെത്തിയാൽ അല്ലാഹുവിന്റെ കാരുണ്യ വാതിലുകൾ തുറക്കപ്പെടുമെന്നും ഹദീസുണ്ട് (ഹദീസ് തുർമുദി 683, ഇബ്‌നു മാജ 1326).

വരൂ നമ്മുക്ക് ഹൃദയവിശുദ്ധിയോടെ മനുഷ്യർക്ക് വിട്ടുവീഴ്ച ചെയ്തും അല്ലാഹുവിനോട് പശ്ചാത്തപിച്ചും സുകൃത സ്വരൂപരാവാം. കാരണം ദോഷങ്ങൾ മായ്ക്കപ്പെട്ട് വീഴ്ചകൾക്ക് വിടുതി നൽകപ്പെട്ട് സുകൃത സ്ഥാനം ഉയർത്തപ്പെടുന്ന പാപമോചനത്തിന്റെയും കൂടി മാസമാണ് റമദാൻ. നബി (സ്വ) പറയുന്നു: അഞ്ചു നേരങ്ങളായുള്ള ഓരോ നമസ്‌കാരങ്ങളും, ഒരു ജുമുഅ നമസ്‌കാരം മുതൽ അടുത്ത ജുമുഅയും, ഒരു റമദാൻ മാസം മുതൽ അടുത്ത റമദാനും അവക്കിടയിലുള്ള വൻ പാപങ്ങളൊഴികെ ഓരോ പാപങ്ങളും പൊറുപ്പിക്കുന്നതാണ് (ഹദീസ് മുസ്ലിം 233, അഹ്‌മദ് 9435). 

റമദാൻ പകലുകൾ നോമ്പനുഷ്ഠിച്ചും രാവുകൾ നമസ്‌കാരങ്ങളാൽ പ്രാർത്ഥനാ നിരതരായും ആത്മീയമായി സമ്പന്നമാക്കേണ്ട നിമിഷങ്ങളാണ്. റമദാനിൽ സത്യവിശ്വാസത്തോടെയും നാഥനിൽ നിന്നുള്ള പ്രതിഫലേഛയോടെയും വ്രതമനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നവന്റെ ഗതകാല തെറ്റുകുറ്റങ്ങൾ പൊറുക്കപ്പെടും (ഹദീസ് നസാഈ 2210). 

നബി (സ്വ) പറഞ്ഞിരിക്കുന്നു: വ്രതം പരിചയാണ്. വ്രതമനുഷ്ഠിച്ചവൻ ആരോടും അസഭ്യമായി സംസാരിക്കാനോ വഴക്കിടാനോ പാടില്ല. മറ്റൊരാൾ ചീത്ത വിളിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ തന്നെ “ഞാൻ നോമ്പുകാരനാണ്, ഞാൻ നോമ്പുകാരനാണ്” എന്നു പറയുക (ഹദീസ് ബുഖാരി, മുസ്ലിം). നോമ്പുകാരന്റെ മനസ്സും ശരീരവും നോമ്പുകാരാണ്. നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽകുന്നത് പോലെ തന്നെ നിഷിദ്ധ കാര്യങ്ങളിൽ നിന്ന് അവയവങ്ങളെ ഓരോന്നിനെയും വിട്ടുനിർത്തണം. ഏവരോടും നന്നായി പെരുമാറണം. സ്വഹാബി വര്യൻ ജാബിർ (റ) പറഞ്ഞിരിക്കുന്നു: നോമ്പുകാരന്റെ കണ്ണും കാതും നാവുമെല്ലാം നോമ്പുകാരായിരിക്കണം, നോമ്പനുഷ്ഠിക്കുന്ന സമയത്ത് അതിന്റെ ഗൗരവവും ശാന്തതയും നിലനിർത്തണം. നോമ്പുള്ള അവസ്ഥയെയും നോമ്പില്ലാത്ത അവസ്ഥയെയും സമമായി കാണരുത്.  ജാബിറി (റ) ന്റെ ഈ ഉപദേശങ്ങൾ അനുസരിച്ചായിരിക്കണം നമ്മുടെ നോമ്പുകാലവും.


back to top