യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 08.04.2022
വിഷയം: വിശുദ്ധ ഖുർആൻ
വിശുദ്ധ ഖുർആൻ ആത്മാവിനും ശരീരത്തിനും ശമനം പ്രദാനം ചെയ്യുന്ന, സകലർക്കും കരുണ പ്രചോദിപ്പിക്കുന്ന ദൈവിക ഗ്രന്ഥമാണ്. 'ഈ ഖുർആൻ നാമവതരിപ്പിച്ച അുഗ്രഹീത ഗ്രന്ഥമത്രെ, അതു കൊണ്ട് നിങ്ങളത് അനുധാവനം ചെയ്യുകയും കൽപനകൾ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം വർഷിക്കപ്പെടാൻ വേണ്ടി' (സൂറത്തുൽ അനആം 155).
പരിശുദ്ധ റമദാൻ മാസത്തിലാണ് ഖുർആൻ അല്ലാഹു അവതരിപ്പിച്ചത്. അല്ലാഹു പറയുന്നുണ്ട്: മാനുഷ്യകത്തിനു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാർഗ ദർശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുർആൻ അവതീർണമായ മാസമാണ് റമദാൻ (സൂറത്തു ബഖറ 185). ഖുർആനിക മാഹാത്മ്യങ്ങൾ അല്ലാഹു പലതും അല്ലാഹു വിവരിച്ചിട്ടുണ്ട്: നിശ്ചയം ഇത് വിശിഷ്ടമായ ഖുർആൻ തന്നെ. ഒരു സുരക്ഷിത രേഖയിലാണതുള്ളത്. പരിശുദ്ധമാരേ അത് സ്പർശിക്കൂ. പ്രപഞ്ച നാഥനിൽ നിന്നവതീർണമാണത് (സൂറത്തുൽ വാഖിഅ 77, 78, 79, 80). സ്ഫുടമായ അറബി ഭാഷയിലാണ് അല്ലാഹു ഇറക്കിയതെന്ന് സൂറത്തു ശ്ശുഅറാഅ് 195ാം സൂക്തവും വ്യക്തമാക്കുന്നു. പതിവായി ഖുർആൻ പാരായണം ചെയ്യുന്നവന് അറബി ഭാഷാ ഗ്രാഹ്യമായിരിക്കും. ഖുർആനിലെ വാക്യങ്ങൾ അതീവ യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിൽ നിന്നുള്ള ദൃഢീകൃതവും പ്രതിപാദിക്കപ്പെട്ടതുമാണെന്ന് സൂറത്തു ഹൂദ് 1ാം സൂക്തത്തിലുണ്ട്.
ഖുർആനിനെ അല്ലാഹു എല്ലാ കുറവുകളിൽ നിന്നും കൂടിച്ചേർക്കലുകളിൽ നിന്നും സംരക്ഷിച്ചതാണ്. 'മുന്നിലും പിന്നിലും നിന്ന് യാതൊരു ശൈഥില്യവുമേശാത്തതും യുക്തിമാനും സതുത്യർഹനുമായവന്റെ പക്കൽ നിന്ന് അവതീർണമായതുമായ ഒരജയ്യ വേദമേ്രത അത്' (സൂറത്തു ഫുസ്സ്വിലത്ത് 41, 42).
പാരായണം ആരാധനയായുള്ള ദൈവ വാക്യങ്ങളായ ഖുർആൻ ഋജു പാതയിലേക്കാണ് മനുഷ്യനെ വഴികാട്ടുന്നത്. സന്മാർഗം സിദ്ധിച്ചവരുടെ ഹൃദയങ്ങളെ നയിക്കുന്ന ആത്മരൂപവും, ഉൾക്കാഴ്ചകൾക്ക് ദിവ്യപ്രകാശം പകരുന്ന വിളക്കുമാടവുമാണ് ഖുർആൻ. അത് ചിത്തങ്ങളെ പ്രഭാപൂരിതമാക്കും, ഹൃദയങ്ങള സചേതനമാക്കുകയും ചെയ്യും. അല്ലാഹു നബി (സ്വ) യോടായി പറയുന്നു: മുൻ പ്രവാചകർക്കെന്ന പോലെ താങ്കൾക്ക് നമ്മുടെ കൽപനകളിൽ നിന്നുള്ള ചൈതന്യവത്തായ ഖുർആൻ നാം ബോധനം നൽകിയിരിക്കുന്നു. വേദമോ സത്യവിശ്വാസമോ എന്താണെന്ന് താങ്കൾക്ക് അറിയുമായിരുന്നില്ല. എങ്കിലും അതിനെ നമ്മുടെ അടിമകളിൽ നിന്ന് നാമുദ്ദേശിക്കുന്നവരെ സന്മാർഗ ദർശനം ചെയ്യുന്ന ഒരു പ്രകാശമാക്കി (സൂറത്തു ശ്ശൂറാ 52).
സത്യവിശ്വാസിയുടെ സമ്പൂർണ ജീവിതരേഖയാണ് ഖുർആൻ. ചെയ്യേണ്ടതും ചെയ്യരുതാത്തതും സൂക്ഷ്മത പാലിക്കേണ്ടതുമായ കാര്യങ്ങളിൽ അവർ ഖുർആനിനെ അവലംബിക്കേണ്ടിയിരിക്കുന്നു. ഹറാം ചെയ്യാതിരിക്കുന്നതും ഹലാൽ ചെയ്യുന്നതും സംശയാസ്പദമായതിൽ നിന്ന് വിട്ടുനിൽക്കുന്നതുമെല്ലാം ദൃഢമായ ഖുർആൻ ജ്ഞാനം പ്രകാരമെന്ന് സാരം. 'അചഞ്ചല വിജ്ഞാനമുള്ളവർ ഇങ്ങനെയാണിതിൽ പ്രതികരിക്കുക: രണ്ടു വിഭാഗം ആയത്തുകളും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു, എല്ലാം അല്ലാഹുവിങ്കൽ നിന്നവതീർണമാകുന്നു. ബുദ്ധിമാന്മാർ മാത്രമേ കാര്യങ്ങൾ ഗരഹിച്ചു പാഠമുൾക്കൊള്ളുകയുള്ളൂ' (സൂറത്തു ആലുഇംറാൻ 7).
മാലാഖ ജിബ്രീൽ (അ) റമദാനിലെ എല്ലാം രാതിയിലും നബി (സ്വ)യെ കണ്ടുമുട്ടി ഖുർആൻ പഠിപ്പിക്കുമായിരുന്നു (ബുഖാരി, മുസ്ലിം). നമ്മുടെ വീടകങ്ങളിലും ഖുർആൻ പാഠങ്ങളും പഠനങ്ങളും സജീവമായി നടത്തേണ്ടതുണ്ട്. മക്കളെ ഖുർആൻ ശീലിപ്പിക്കണം. അനുഗ്രഹങ്ങൾ വർഷിക്കും. അല്ലാഹുവിൽ നിന്ന് കാവലുമുണ്ടാകും. ഇഹലോകത്ത് വെച്ച് കാരുണ്യവും പാപമുക്തിയുണ്ടാകും. പരലോകത്ത് ഖുർആൻ ശിപാർശയുമായെത്തി സ്വർഗത്തിലുമെത്തിക്കും. നബി (സ്വ) പറയുന്നു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, അന്ത്യനാളിൽ ഖുർആൻ തന്നെ ഓതിയയാൾക്ക് ശിപാർശയുമായെത്തുന്നതായിരിക്കും (ഹദീസ് മുസ്ലിം 804). ശുപാർശകനായി എത്തുന്ന ഖുർആൻ അന്നേരം അയാളോട് പറയും: ഞാൻ നിന്റെ കൂട്ടുകാരൻ ഖുർആൻ...അയാൾ വലതു കൈയിൽ അധികാരവും ഇടതു കൈയിൽ ശ്വാശതത്വവും നൽകപ്പെടും, തലയിൽ ഗരിമയുള്ള കിരീടം വെക്കപ്പെടുകയും ചെയ്യും (ഹദീസ് അഹ്‌മദ് 22950).

