ദാനധർമ്മങ്ങൾക്ക് നല്ല പകരങ്ങൾ ലഭിക്കും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 15/04/2022

വിഷയം: ദാനധർമ്മം

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി (സ്വ) തങ്ങൾ അതി ഉദാരമതിയായിരുന്നു, റമദാനിൽ ജിബ്‌റീൽ കാണുമ്പോൾ നബി (സ്വ) ഉദാര ദാന പ്രവർത്തനങ്ങളിലായിരിക്കും. നിശ്ചയം അല്ലാഹുവിൽ നിന്ന് അനുഗ്രഹമായി വരുന്ന കാറ്റിനേക്കാളധികം നബി (സ്വ) നന്മകൾക്കായി ദാനങ്ങൾ ചെയ്യുന്നവരായിരുന്നു (ഹദീസ് ബുഖാരി, മുസ്ലിം). പ്രവാചകാനുചരന്മാരും ദാനപ്രിയരായിരുന്നു. 

സ്വഹാബിവര്യൻ അബൂൽ ദഹ്ദാഹി (റ)ന്റെ ദാന സന്നദ്ധത ചരിത്രത്തിൽ കേളി കേട്ടതാണ്. നബി (സ്വ) സ്വഹാബികളോട് ദാന ധർമ്മത്തിന്റെ മഹത്വമുണർത്തിയപ്പോൾ അബൂ ദഹ്ദാഹ് (റ) തന്റെ സമ്പത്തിൽ നിന്ന് ഏറ്റവും ഇഷ്ടമുള്ള തോട്ടം ദാനമായി നൽകുകയായിരുന്നു. 'നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് ചെലവ് ചെയ്യുന്നത് വരെ പുണ്യം നേടാനാകില്ല' എന്ന പരിശുദ്ധ ഖുർആൻ സൂറത്തു ആലു ഇംറാനിലെ 92ാം സൂക്തം അനർത്ഥമാക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ നബി (സ്വ) അദ്ദേഹത്തിന് സ്വർഗം ലഭിക്കുമെന്ന സന്തോഷം വാർത്ത അറിയിക്കുകയുണ്ടായി (ഹദീസ് അഹ്‌മദ് 12818). 

ഈ പുണ്യ റമദാനിൽ നാം നബി (സ്വ)യും സ്വഹാബത്തും കാണിച്ചുതന്ന അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുള്ള ദാനധർമ്മ കർമ്മങ്ങൾ അധികരിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാഹു പറയുന്നു: സ്വധനം ദൈവമാർഗത്തിൽ ചെലവഴിക്കുന്നവരും തുടർന്ന് ആ ഉപകാരമെടുത്തു പറയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതിരിക്കുന്നവരും ആരോ, അവർക്ക് നാഥങ്കൽ തക്ക പ്രതിഫലമുണ്ട്. അവർ ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരില്ല (സൂറത്തുൽ ബഖറ 262). 

ദാന ധർമ്മങ്ങൾക്കായി ചെലവഴിക്കുന്ന സത്യവിശ്വാസികൾക്ക് അല്ലാഹു അതിനേക്കാൾ നല്ല പകരങ്ങൾ പ്രതിഫലമായി നൽകുന്നതായിരിക്കും. 'എന്തൊരു വസ്തു നിങ്ങൾ വ്യയം ചെയ്യുന്നുണ്ടെങ്കിലും അവനതിനു പകരം തരും' (സൂറത്തു സബഅ് 39). ദാനദാതാവിനായി അല്ലാഹു ഒരു മാലാഖയെ അയക്കും. ആ മലക്ക് പ്രാർത്ഥിക്കും: അല്ലാഹുവേ, ചെലവഴിച്ചയാൾക്ക് നീ നല്ലൊരു പകരം നൽകണേ (ഹദീസ് ബുഖാരി, മുസ്ലിം). അങ്ങനെ ദാന ദാതാക്കളുടെ ജീവിതത്തിലും ഉപജീവനങ്ങളിലും പുണ്യങ്ങൾ അധികരിക്കും, നന്മകൾ ഇരട്ടി ഇരട്ടികളായി പ്രതിഫലങ്ങളായി ഭവിക്കും. ദാന ധർമ്മത്തിനുള്ള പ്രതിഫലങ്ങൾ ഇരട്ട ിക്കുന്നതിന്റെ ഉപമ ഖുർആൻ തന്നെ വിവരിക്കുന്നുണ്ട്: അല്ലാഹുവിന്റെ വഴിയിൽ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. അതു ഏഴു കതിരുകൾ ഉൽപ്പാദിപ്പിച്ചു. ഓരോന്നിലും നൂറുവീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി അല്ലാഹു നൽകും. അവൻ വിപുലമായ ശേഷിയും ജ്ഞാനവുമുള്ളവനത്രെ (സൂറത്തുൽ ബഖറ 261). ദാനം ചെയ്യുന്നവർ അന്ത്യനാളിൽ അവരുടെ ദാനം കാരണമായി ലഭിക്കുന്ന തണലിലായിരിക്കും (ഹദീസ് അഹ്‌മദ് 17333). അവർ ദാനധർമ്മത്തിന്റെ പേരിൽ പ്രത്യേകമായി സജ്ജീകരിച്ച വാതിലിലൂടെ സ്വർഗത്തിലേക്കും ആനയിക്കപ്പെടും (ഹദീസ് ബുഖാരി 1897). 

റമദാനിൽ ചെയ്യാനാവുന്ന മഹത്തായ ദാനകർമ്മമാണ് വ്രതാനുഷ്ഠാനികൾക്ക് നോമ്പു തുറപ്പിക്കൽ. നോമ്പ് തുറപ്പിച്ചവന് നോമ്പ് അനുഷ്ഠിച്ചവന്റെ അതേ പ്രതിഫലം ലവലേശം കുറയാതെ കിട്ടുമെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് തുർമുദി 807, ഇബ്‌നു മാജ 1746). ഭക്ഷണ ദാനമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത്. നബി (സ്വ) പറയുന്നു: സത്യവിശ്വാസിക്ക് സന്തോഷം പകരുന്ന , അവന്റെ പ്രയാസങ്ങളകറ്റുന്ന, കടം വീട്ടുന്ന, വിശപ്പ് ശമിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം (ഹദീസ് ത്വബ്‌റാനി, സ്വഖീർ -861).


back to top