യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 22/04/2022
വിഷയം: റമദാനിലെ അവസാന പത്തു ദിനരാത്രങ്ങൾ
ലൈലത്തുൽ ഖദ്‌റെന്ന അത്യപൂർവ്വവും അതിശ്രേഷ്ഠവുമായ രാവ് പ്രതീക്ഷിക്കപ്പെടുന്ന മുഹൂർത്തങ്ങളാണ് റമദാൻ അവസാന പത്തു ദിവസങ്ങളിലേത്. സൂറത്തുൽ ഖദ്‌റിൽ വിശദീകരിച്ച പ്രകാരം വർദ്ധിത പ്രതിഫലങ്ങളുള്ള നിമിഷങ്ങളാണ് ആ പുണ നിശ. അല്ലാഹു പറയുന്നു: നിശ്ചയം ഈ ഖുർആൻ നാം അവതരിപ്പിച്ചത് മഹത്വപൂർണമായ രാത്രിയിലത്രേ, മഹത്വപൂർണമായ രാത്രി എന്താണെന്ന് താങ്കൾക്കറിയാമോ ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമാണത് (സൂറത്തുൽ ഖദ്ർ 1,2, 3).
ദോഷങ്ങൾ പ്രത്യേകമായി പൊറുക്കപ്പെടുന്ന രാവാണ് ലൈലത്തുൽ ഖദ്ർ. നബി (സ്വ) പറയുന്നു: പൂർണ സത്യവിശ്വാസത്തോടെ നാഥനിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ലൈലത്തുൽ ഖദ്ർ രാവിൽ നമസ്‌ക്കരിച്ചവന് മുൻകാല ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് (ഹദീസ് ബുഖാരി, മുസ്ലിം). ഈ രാവിൽ മാലാഖമാർ പുണ്യങ്ങളുടെ കേദാരങ്ങളുമായി ഭൂമിയിലേക്ക് ഇറങ്ങുമത്രെ. മലക്കുകളും വിശിഷ്യാ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു (സൂറത്തുൽ ഖദ് ർ 4). ആ സമയത്ത്് ദിക്‌റുകളിലും മറ്റു ആരാധനകളിലും മുഴുകുന്നവർക്ക് മലക്കുകൾ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊടുക്കും, ആ സമയത്ത് പ്രാർത്ഥിക്കുന്നവർക്ക് അവർ ആമീൻ പറയുകയും ചെയ്യും.
ആ രാത്രിയിൽ ലോകർക്ക് ആകമാനം രക്ഷയും സമാധാനവും അവതരിക്കും. ഉണ്മപ്രഭാതോദയം വരെ അത് ശാന്തിയത്രേ (സൂറത്തുൽ ഖദ്ർ 5). അതായത് ആ രാത്രിയിൽ രക്ഷയുടെ നാഥനായ അല്ലാഹു രക്ഷ മാത്രമേ അവതരിപ്പിക്കുകയുള്ളൂ. അവനിൽ നിന്നാണല്ലൊ രക്ഷ. അവന്റെ മതം കാരുണ്യത്തിന്റെയും രക്ഷയുടെയും മതമാണ്.
ലൈലത്തുൽ ഖദ്ർ റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ പ്രതീക്ഷുകൊള്ളട്ടെയെന്നാണ് നബി (സ്വ) ഉണർത്തിയത് (ഹദീസ് ബുഖാരി 1158, ത്വബ്‌റാനി മുഅ്ജമുൽ അൗസത്വ് 7204). നബി (സ്വ) ഈ പത്തു ദിനരാത്രങ്ങളിൽ പ്രത്യേകം ആരാധനകൾ ചെയ്യുമായിരുന്നു (ഹദീസ് മുസ്ലിം 1175). ലൈലത്തുൽ ഖദ്‌റിന്റെ മഹത്വം പ്രതീക്ഷിച്ചുകൊണ്ടായിരുന്നു അത്. ആ രാത്രികൾ നമസ്‌കാരത്തിനും ആരാധനകൾക്കുമായി മാത്രം മാറ്റിവെച്ച് അല്ലാഹുവിലേക്ക് അഭിമുഖീകരിക്കുമായിരുന്നു. വീട്ടുകാരെ അപ്രകാരം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. അലിയ്യുബ്‌നു അബൂത്വാലിബ് (റ) പറയുന്നു: റമദാനിലെ അവസാന പത്തു രാത്രികളിൽ നബി (സ്വ) വീട്ടിലെ നമസ്‌കരിക്കാനാവുന്ന ചെറുതും വലുതുമായ എല്ലാവരെയും ഉറക്കിൽ നിന്ന് ഉണർത്തുമായിരുന്നു (ഹദീസ് തുർമുദി 795, ത്വബ്‌റാനി മുഅ്ജമുൽ അൗസത്വ് 7/253).
പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടുന്ന രാവും കൂടിയാണ് ലൈലത്തുൽ ഖദ്ർ. പ്രാർത്ഥിച്ചവന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടും. ലൈലത്തുൽ ഖദ്‌റിൽ പ്രത്യേകമായി ചൊല്ലേണ്ടതെന്തെന്ന് ചോദിച്ച പ്രിയ പത്‌നി ആയിഷ (റ)യോട് നബി (സ്വ) 'അല്ലാഹുമ്മ ഇന്നക അഫുവ്വുൻ തുഹിബ്ബുൽ അഫ്‌വ ഫഅ്ഫു അന്നീ എന്ന പ്രാർത്ഥന ഉരുവിടാനാണ് നിർദേശിച്ചത്. അല്ലാഹുവേ നീ പൊറുത്തു തരുന്നവനാണ്, നീ പൊറുക്കലിനെ ഇഷ്ടപ്പെടുന്നു, അതിനാൽ എനിക്ക് പൊറുത്തുതരണേ എന്നാണ് ആ പ്രാർത്ഥയുടെ അർത്ഥം.

