യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 29/04/2022
വിഷയം: കർമ്മഫലങ്ങൾ
പരിശുദ്ധ റമദാൻ മാസം വിടവാങ്ങുകയായി. ദിക്‌റിലും (ദൈവ സ്മരണ) ശുക്‌റിലും (ദൈവത്തോടുള്ള നന്ദിപ്രകാശം) കഴിഞ്ഞുകൂടി ഈ പ്രവിത മാസത്തെ യാത്രയയക്കാനാണ് അല്ലാഹു നിർദേശിച്ചിരിക്കുന്നത്. റമദാനിന്റെ അനർഘ നിമിഷങ്ങളിൽ കഴിച്ചുകൂട്ടാൻ സൗഭാഗ്യമേകിയ നാഥന് തന്നെയാണ് സർവ്വ സ്തുതിയും നന്ദിയും. അല്ലാഹു പറയുന്നുണ്ട് : നിങ്ങൾ എണ്ണം പൂർത്തീകരിക്കാനും നേർമാർഗത്തിലാക്കിയതിന്റെ പേരിൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുവാനും കൃതജ്ഞത പ്രകാശിപ്പിക്കാനുമാണ് ഈ ശാസനം (സൂറത്തുൽ ബഖറ 185).
നന്മ ചെയ്യുന്നതിൽ മത്സരിക്കേണ്ടവരാണ് സത്യവിശ്വാസികൾ (സൂറത്തുൽ മുഥഫ്ഫിഫീൻ 26). സൽക്കർമ്മങ്ങൾ ആവേശത്തിൽ ചെയ്യുകയും നിത്യമാക്കുകയും വേണം. നബി (സ്വ) പറയുന്നു: അല്ലാഹുവിന് ഏറ്റം ഇഷ്ടപ്പെട്ട സൽക്കർമ്മങ്ങൾ നിത്യമായവയാണ്, അതെത്ര കുറഞ്ഞാലും ശശി (ബുഖാരി, മുസ്ലിം). നബി (സ്വ) ഒരു സുകൃതം ചെയ്താൽ അതിനെ പതിവാക്കുമായിരുന്നുവത്രെ (ഹദീസ് മുസ്ലിം 746). മാത്രമല്ല, 'ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്നെ അനുസരിക്കുന്നതായി സ്ഥിരപ്പെടുത്തണേ' എന്ന് നബി (സ്വ) പ്രാർത്ഥിക്കുകയും ചെയ്തിരുന്നു (ഹദീസ് നസാഈ 9/121). നിശ്ചയമായും എല്ലാ കർമ്മങ്ങൾക്കും അതിന്റേതായ പരിണത ഫലങ്ങളുണ്ടെന്നാണാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് ബുഖാരി 6493). അതിനാൽ ഓരോ നിമിഷങ്ങളും സൽക്കർമ്മങ്ങൾ പതിവാക്കി കർമ്മസാഫല്യത്തിൻേതാക്കാനാണ് ഇസ്ലാം മതം പാഠം നൽകുന്നത്.
നോമ്പുകാരന്റെ പാകപിഴവുകൾക്ക് പരിഹാരവും പാവപ്പെട്ടവർക്ക് കൈതാങ്ങുമാണ് ഫിത്വ്ർ സകാത്ത്്. ആണും പെണുമായ, ചെറുതും വലുതുമായ എല്ലാവർക്കും നിർബന്ധമാണ് ഈ ദാനം. പെരുന്നാൾ നമസ്‌കാരത്തിന് മുമ്പായി കൊടുത്തു വീട്ടണം. താമസിക്കുന്ന പ്രദേശത്തെ ധാന്യഭക്ഷ്യങ്ങളിൽ നിന്ന്് ഒരു സ്വാഅ് (3.200 ലിറ്റർ അല്ലെങ്കിൽ രണ്ടര കിലോ ഗ്രാം മുതൽ 3 കിലോ ഗ്രാം വരെ) നൽകാനാണ് നബി (സ്വ) പറഞ്ഞത്. പ്രവാചകരുടെ (സ്വ) യുടെ കാലത്ത് കാരക്കയോ ബാർലിയോ നൽകിയിരുന്നു. നിശ്ചിത അളവിലെ ഭക്ഷ്യവസ്തുക്കളുടെ മൂല്യം തുകയായി കൊടുത്താലും മതിയെന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു. യുഎഇ സാഹചര്യം പ്രകാരം ഒരാൾ ഇരുപതിയഞ്ച് ദിർഹം നൽകാനാണ് യുഎഇ ഔഖാഫ് നിർദേശിക്കുന്നത്. ആശ്രിതരുടേത് കുടുംബനാഥനാണ് നൽകേണ്ടത്. നിരാലംബരും നിരാശ്രയരുമായ ദരിദ്രജനമാണ്് ഈ സകാത്തിന്റെ അർഹർ.

