യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 06/05/2022
വിഷയം: യുവത്വം
സൂറത്തു റൂം 54ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നു: 'ദുർബലാവസ്ഥയിൽ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു, പിന്നീട് ദുർബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും ചെയ്തു'. പ്രസ്തുത ആയത്തിൽ പറയപ്പെട്ട ദുർബലാവസ്ഥ ശിശുത്വവും ബലാവസ്ഥ യുവത്വവുമാണ്. യുവത്വമെന്നാൽ ജീവിതത്തിലെ പ്രസരപ്പിന്റെയും ഊർജ്ജസ്വലതയുടെയും ഘട്ടമാണ്. അല്ലാഹു മനുഷ്യന് ഇഹലോകത്തു വെച്ച് നൽകുന്ന അനുഗ്രഹങ്ങളുടെ സുവർണകാലമാണ് യുവത്വകാലം. പരിശുദ്ധ ഖുർആൻ പ്രവാചകന്മാരുടെ യുവത്വത്തിലെ മനകരുത്തും ശരീരകരുത്തും കഥനം ചെയ്യുന്നുണ്ട്. സന്മാർഗ പ്രചരണത്തിന് ശക്തിയെ യുക്തമായി പ്രയോഗിച്ചു വിജയിച്ചവരാണവർ.
യുവാവായ മൂസാ നബി (അ) യുടെ പരോപകാര സന്നദ്ധത ഖുർആൻ വിവരിച്ചിട്ടുണ്ട്. ശുഐബ് നബി (അ) യുടെ പെൺമക്കൾക്ക് കിണറിൽ നിന്ന് വെള്ളം കോരാൻ സഹായിച്ച സന്ദർഭം. ഒരു പെൺ കുട്ടി ബാപ്പയോട് പറയുന്നുണ്ട് : ബാപ്പാ ഇദ്ദേഹത്തെ നിങ്ങൾ കൂലിക്കാരനായി നിശ്ചയിച്ചോളൂ, താങ്കൾ കൂലിക്കാരനായി നിയമിക്കുന്നവരിൽ ഉദാത്തൻ ശക്തനും വിശ്വസ്തനുമായവനത്രേ (സൂറത്തുൽ ഖിസ്വസ് 26).
ജ്ഞാനാർജ്ജനത്തിനായി യുവത്വം ഉപയോഗപ്പെടുത്തിയ യഹ്‌യാ നബി (അ)യോട് അല്ലാഹു പറഞ്ഞിട്ടുണ്ട് : ഹേ യഹ്‌യാ തിരുവേദം ശക്തിയോടെ മുറുകെ പിടിക്കുക (സൂറത്തു മർയം 12).
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) യുവത്വത്തെ ശരിയായ ഉപയോഗപ്പെടുത്തണമെന്ന് പല സന്ദർഭങ്ങളിലായി അനുചരന്മാരെ പഠിപ്പിച്ചിട്ടുണ്ട്. അഞ്ചു കാര്യങ്ങൾ വരുന്നതിന് മുമ്പായി അഞ്ചു കാര്യങ്ങളെ മുതലാക്കണമെന്നാണ് നബി (സ്വ) അരുൾ ചെയ്തിരിക്കുന്നത്. അതിലൊന്ന് വാർധക്യത്തിന് മുമ്പ് യുവത്വത്തെ പ്രയോജനപ്പെടുത്തണമെന്നാണ് (മുസ്തദ്‌റക് 4/306)
യുവാക്കൾ വിജ്ഞാനത്തിനും സാമൂഹിക സേവനങ്ങൾക്കും സമയം കണ്ടെത്തണം. നാടിന്റെ പുരോഗതിക്കും യശസ്സിനും ഊർജ്ജം ചെലവഴിക്കണം. സബഅ് രാജ്ഞിയായിരുന്ന ബൽഖീസിനോട് സ്വജനത പറഞ്ഞത് ശ്രദ്ധേയമാണ്. അവർ പ്രതികരിച്ചു: ശക്തിയും തീവ്ര സമരശേഷിയുമുള്ളവരാണ് നാം, ആധിപത്യം ഭവതിയുടെ കരങ്ങളിലായതുകൊണ്ട് സുചിന്തിതമായി തീരുമാനം കണ്ടാലും (സൂറത്തു ന്നംല് 33). തങ്ങളുടെ ബലവും ആവേശവും ഉപയോഗപ്പെടുത്താമെന്ന് ഏൽക്കുകയായിരുന്നു അവർ.

