ജനോപകാരികൾ അല്ലാഹുവിന് പ്രിയർ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട് 

തീയ്യതി: 13/05/2022

വിഷയം: ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവർ

അപരന് നന്മ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. നബി (സ്വ) പറഞ്ഞിരിക്കുന്നു: ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവിന് ഏറ്റം പ്രിയർ. മറ്റൊരുത്തന് സന്തോഷം നൽകുന്ന, പ്രയാസങ്ങൾ അകറ്റുന്ന, അവന്റെ കടങ്ങൾ വീട്ടാൻ സഹായിക്കുന്ന, വിശപ്പ് അടപ്പിക്കുന്ന, ആവശ്യങ്ങളിൽ കൂടെ നടന്ന് നടത്തിതരുന്ന പ്രവർത്തനങ്ങളാണ് അല്ലാഹുവിന് ഇഷ്ടം. മാത്രമല്ല ഈ പള്ളിയിൽ (മദീനയിലെ പള്ളി) ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം ഈ പ്രവർത്തനങ്ങൾ തന്നെയാണ് (ഹദീസ് ത്വബ്‌റാനി കബീർ 13646).

ജനങ്ങളെ സഹായിച്ചും സന്തോഷിപ്പിച്ചും ആവശ്യങ്ങൾ ചെയ്തുകൊടുക്കലും നന്മ ചെയ്യലുമെല്ലാം മതം പ്രോത്സാഹനം നൽകുന്ന സുകൃതങ്ങളാണ്. സൽകർമ്മങ്ങൾ മത്സരിച്ചു ചെയ്യാനാണ് അല്ലാഹു കൽപ്പിക്കുന്നത് (സൂറത്തുൽ ബഖറ 148). ജനോപകാര പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും ചെയ്യാൻ സർവ്വസന്നദ്ധരായിരുന്നു പ്രവാചകന്മാർ. സകരിയ നബി (അ)യെയും കുടുംബത്തെയും ജനസേവന കാര്യത്തിൽ അല്ലാഹു പ്രകീർത്തിച്ചിട്ടുണ്ട്. അവരെപ്പറ്റി ശ്രേഷ്ഠ കർമ്മങ്ങൾക്ക് തത്രപ്പെടുന്നവരെന്നാണ് ഖുർആനിൽ പറഞ്ഞത് (സൂറത്തുൽ അമ്പിയാഅ് 90). 

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ ആവേശം കാട്ടുമായിരുന്നു. മാത്രമല്ല, അത്തരം സേവനങ്ങൾ ചെയ്യാൻ സൗഭാഗ്യം നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു (ഹദീസ് തുർമുദി 2627, നസാഈ 4995). അനുചരന്മാരോട് കഴിയും വിധം മറ്റുള്ളവർക്ക് ഉപകാരം ചെയ്യാൻ നിർദേശിക്കുമായിരുന്നു (ഹദീസ് മുസ്ലിം 2199).  ജനോപകാര പ്രവർത്തനങ്ങളിലേർപ്പെട്ട സ്വഹാബികളെ കണ്ട നബി (സ്വ) പ്രശംസിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട് (ഹദീസ് ബുഖാരി 1635). 

ജനങ്ങൾക്ക് ഉപകാരങ്ങൾ ചെയ്യുകയും ഏതുവിധേനയും ഉപദ്രവം ചെയ്യാത്തവരുമാണ് അല്ലാഹുവിങ്കൽ ഏറ്റവും ശ്രേഷ്ഠരായവർ. നബി (സ്വ) പറയുന്നു: ഒരാളിൽ നിന്ന് നന്മ പ്രതീക്ഷക്കപ്പെടുകയും തിന്മ ഉണ്ടാവില്ലെന്ന് നിർഭയത്വം ഉണ്ടാകുകയും ചെയ്താൽ അയാളാണ് നിങ്ങളിൽ ഉത്തമൻ (ഹദീസ് അഹ്‌മദ് 8812, തുർമുദി 2263). സത്യവിശ്വാസിയുടെ കൈയിൽ നിന്നും നാവിൽ നിന്നും ജനങ്ങൾക്ക്  ഉപദ്രവങ്ങൾ ഏൽക്കില്ലെന്ന് ഹദീസുണ്ട് (ഹദീസ് നസാഈ 4995). 

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ നിലനിൽക്കണമെങ്കിൽ മറ്റുള്ളവർക്കും കൂടി അവ ഉപകാരപ്പെടണം. ദൈവാനുഗ്രഹങ്ങൾ ജനോപകാരങ്ങളായി ഉപയോഗപ്പെടുത്തുന്നുവെങ്കിൽ അല്ലാഹു അവ സ്ഥിരപ്പെടുത്തുകയും, അല്ലെങ്കിൽ എടുത്തുകളയുമെന്നും നബി (സ്വ) പറഞ്ഞിട്ടുണ്ട് (ത്വബ്‌റാനി അൗസത്വ് 5162). ജനോപകാര സേവനങ്ങൾ മറ്റുള്ളവരിൽ സ്‌നേഹവും മതിപ്പും ഉളവാക്കും. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവർക്ക് കരുണാമയനായ അല്ലാഹു സ്‌നേഹബന്ധം സ്ഥാപിക്കുക തന്നെ ചെയ്യുന്നതാണ് (സൂറത്തു മർയം 96). അങ്ങനെ പരസ്പര സ്‌നേഹവും ആർദ്രതയും ഇണക്കവുമുള്ളവരായിരിക്കണം നാം. നബി (സ്വ) പറയുന്നു: സത്യവിശ്വാസികൾ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും കാര്യത്തിൽ ഒരൊറ്റ ശരീരം പോലെയാണ്, ഒരു ശാരീരികാവയവത്തിന് രോഗം പിടിപ്പെട്ടാൽ ശരീരം മൊത്തം പനിച്ചും ഉറക്കമൊഴിച്ചിമിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം).


back to top