വിജ്ഞാനം = കഠിനാധ്വാനം + സ്ഥിരോത്സാഹം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്

തീയ്യതി: 26/08/2022
വിഷയം: ജ്ഞാനാർജ്ജനം

അല്ലാഹുവാണ് എല്ലാം അറിയുന്നവൻ. അവന്റെയടുത്ത് എല്ലാ വീജ്ഞാനീയങ്ങളുമുണ്ട്. എല്ലാവരെയും പഠിപ്പിക്കുന്നവൻ അവനാണ്. പരിശുദ്ധ ഖുർആനിന്റെ അവതരണത്തിന്റെ ആദ്യഭാഗത്ത് തന്നെ മനുഷ്യന് അവനിക്ക് അറിവില്ലാത്തത് തൂലികകൊണ്ട് പഠിപ്പിച്ച അല്ലാഹുവെന്ന് പ്രഖ്യാപിക്കുന്നുണ്ട് (സൂറത്തുൽ അലഖ്). അല്ലാഹുവിന്റെ പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ നിയോഗം അധ്യാപകനായിട്ടാണെന്ന് തിരുദൂതർ (സ്വ) തന്നെ അറിയിച്ചിട്ടുണ്ട് (ഹദീസ് ഇബ്‌നു മാജ 229, ദാരിമി 361). 

വിജ്ഞാനമാണ് മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാന ഭാവം.  വിജ്ഞാനമുണ്ടാവുമ്പോഴാണ് മനുഷ്യ സംസ്‌കാരം രൂപപ്പെടുന്നതും സമൂഹമായി സംസ്‌കൃതി പ്രാപിക്കുന്നതും നാട് വികസിക്കുന്നതും. അല്ലാഹു പറയുന്നു: നിങ്ങളിൽ നിന്ന് സത്യവിശ്വാസം വരിച്ചവരെയും അറിവുനൽകപ്പെട്ടവരെയും അല്ലാഹു ഏറെ പദവികൾ ഉയർത്തുന്നതാണ് (സൂറത്തു മുജാദില 11). 

കഠിനാധ്വാനവും സ്ഥിരോത്സാഹവും സഹനവും മനുക്കരുത്തുമാണ് ജ്ഞാനാർജ്ജനത്തിന്റെ ചേരുവകൾ. യുവത്വം വിജ്ഞാന സമ്പാദനത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് അല്ലാഹു യഹ്‌യാ നബി (അ)യോട് കൽപ്പിച്ചത്. അങ്ങനെയാണ് 'ഹേ യഹ്‌യാ തിരുവേദം മുറുകെപ്പിടിക്കണ'മെന്ന് അഭിസംബോധനം ചെയ്തത് (സൂറത്തു മർയം 12). ജ്ഞാനം നേടാനാവുന്നത് കഠിനമായ ശ്രമങ്ങളിലൂടെയെന്നാണ് നബി വചനം (ഹദീസ് ബുഖാരി). അറിവുകൾ കരസ്ഥമാക്കാൻ ഏറെ പ്രയത്‌നിക്കുകയും ക്ഷമിക്കുകയും വേണം. തടിയനങ്ങാതെ വെറുതെയിരുന്നാൽ വിജ്ഞാനം സമ്പാദിക്കാനാവില്ലെന്ന് സാരം. വിജ്ഞാനം വിലപ്പെട്ട സ്വത്താണ്, പൂർണമായും സമർപ്പിച്ചാലേ അതിൽ ചിലതെങ്കിലും നേടാവുകയുള്ളൂ എന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. 

വിജ്ഞാനത്തിന് എന്നും നല്ല വശങ്ങളേയുള്ളൂ. അറിവ് നേടാനായവൻ ഭാഗ്യം സിദ്ധിച്ചവനെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, അബൂദാവൂദ് 3641). നബി (സ്വ) ഒരു ദിവസത്തിന്റെ പകൽ തുടങ്ങുന്നത് തന്നെ അല്ലാഹുവിനോട് ഉപകാരപ്രദമായ അറിവ് നൽകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് (ഹദീസ് അഹ്‌മദ് 26602, ഇബ്‌നുമാജ 925). മാത്രമല്ല, ഉപകാരപ്രദമായ അറിവുകൾക്കായി അല്ലാഹുവിനോട് ചോദിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു (ഹദീസ് ഇബ്‌നു മാജ 3843).

back to top