ഭക്ഷ്യലഭ്യത, ആരോഗ്യം, നിർഭയത്വം - ജീവിതത്തിലെ അനുഗ്രഹ സൗഭാഗ്യങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 19/08/2022

വിഷയം: അനുഗ്രഹങ്ങളെ നിലനിർത്തണം


സ്രഷ്ടാവായ അല്ലാഹു സൃഷ്ടികൾക്കായി അനന്തമായ അനുഗ്രഹങ്ങളാണ് പ്രപഞ്ചത്തിൽ ഒരുക്കിയിരിക്കുന്നത്. 'അനുഗ്രഹമായി നിങ്ങൾക്ക് എന്തൊക്കെയുണ്ടോ അവയത്രയും അല്ലാഹുവിങ്കൽ നിന്നുള്ളതത്രേ' (സൂറത്തുൽ ന്നഹ്‌ല് 53). അന്നപാനീയമാണ് നമ്മുക്കേകിയ അനുഗ്രഹങ്ങളിൽ വെച്ചേറ്റവും വണ്ണമായത്. അന്നപാനീയങ്ങളിലൂടെയാണ് നാം മനുഷ്യരടക്കമുള്ള ജീവികൾ ഊർജം നുകർന്ന് ജീവൻ നിലനിർത്തുന്നത്.അല്ലാഹു പറയുന്നു: എന്നാൽ മനുഷ്യൻ തന്റെ ആഹാരത്തെക്കുറിച്ച് ആലോചിച്ചു നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം വർഷിച്ചു. പിന്നീട് നിലം കിളർത്തി. എന്നിട്ടതിൽ ധാധ്യങ്ങളും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും തഴച്ചു വളർന്നു നിൽക്കുന്ന തോട്ടങ്ങളും പഴവർഗങ്ങളും കാലിത്തീറ്റകളും നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കുമുള്ള വിഭവങ്ങളായി നാം ഉൽപ്പാദിപ്പിച്ചു (സൂറത്തു അബസ 24 മുതൽ 32 വരെ).

ഈ അനുഗ്രഹങ്ങൾക്കൊക്കെ ദാതാവായ അല്ലാഹുവിനോട് നന്ദി ചെയ്യേണ്ടിയിരിക്കുന്നു. ഭക്ഷ്യ ജല സംവിധാനങ്ങളെ സംരക്ഷിച്ചും അവയുടെ വിഭവങ്ങളെ നന്നായി വികസിപ്പിച്ചും, അമിതവ്യയവും ധൂർത്തുമില്ലാതെ ഉപയോഗിച്ചും ആവശ്യക്കാർക്ക് ദാനമായി നൽകിയുമാണ് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കേണ്ടത്. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ അന്നപാനാദികൾ കഴിക്കുക, എന്നാൽ ദുർവ്യയം അരുത്. ദുർവ്യയക്കാരെ അവൻ ഇഷ്ടപ്പെടുകയില്ല (സൂറത്തുൽ അഅ്‌റാഫ് 31).

അല്ലാഹു ഏകിയ മറ്റൊരു അനുഗ്രഹമാണ് ശാന്തിയും സമാധാനവും. നിർഭയത്വവും സമാധാനാന്തരീക്ഷവും ഉണ്ടെങ്കിൽ മാത്രമേ മനുഷ്യന് സ്വസ്ഥപൂർണമായ ജീവിതം നയിക്കാനാവുകയുള്ളൂ. എന്നാൽ മാത്രമേ നാടിൽ സൽസംസ്‌കൃതി ഉയരുകയുള്ളൂ. വിശപ്പ്, ഭയം എന്നീ അവസ്ഥകളിൽ നിന്നുള്ള മോചനം നൽകിയനുഗ്രഹിച്ച അല്ലാഹുവിനെ ഖുർആൻ പരാമർശിക്കുന്നു ണ്ട്: വിശപ്പിൽ നിന്ന് ഭക്ഷണവും ഭയത്തിനു പകരം ശാന്തിയും നൽകിയ കഅ്ബയുടെ നാഥനെ അവർ ആരാധിച്ചു കൊള്ളട്ടെ (സൂറത്തു ഖുറൈശ് 3,4). 

മനസ്സമാധാനവും ശരീരാരോഗ്യവും ഭക്ഷണലഭ്യതയും ഉണ്ടായവന് ഇഹലോക സൗഭാഗ്യം പൂർണമായിരിക്കുന്നുവെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് തുർമുദി 2346, ഇബ്‌നു 4141). അനുഗ്രഹ ദാതാവായ അല്ലാഹുവിന് നന്ദി ചെയ്തും കാരണക്കാരാവർക്ക് പ്രാർത്ഥിച്ചും സന്താനങ്ങളെ അനുഗ്രഹങ്ങളെ നന്നായി പ്രയോഗിക്കാൻ പ്രാപ്തരാക്കിയുമാണ് ഈ അനുഗ്രഹങ്ങളെയൊക്കെയും നാം നിലനിർത്തേണ്ടത്. കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെങ്കിൽ തീർച്ചയായും അനുഗ്രഹവർധനയുണ്ടാവുമെന്നാണ് അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നത് (സൂറത്തു ഇബ്രാഹിം 7).  


back to top