മക്കളെ മൂല്യങ്ങൾ പഠിപ്പിക്കണം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 12/08/2022

വിഷയം: സന്താന പരിപാലനം

അല്ലാഹു പരിശുദ്ധ ഖുർആനിൽ പ്രസ്താവിച്ച പ്രകാരം മക്കൾ ഐഹിക ലോകത്തിലെ അലങ്കാരങ്ങളാണ്. അവരെ നന്നായി വളർത്തുന്നതും പരിപാലിക്കുന്നതും സ്വർഗ പ്രവേശത്തിന് തന്നെ കാരണമാക്കുന്ന സുകൃതമാണ്്. 

മക്കളാണ് വീടിന്റെ പ്രകാശം. അവരാണ് നാടിന്റെ കവലാളുക്കൾ. സംസ്‌കാരവും സംസ്‌കൃതിയും നിലനിർത്തേണ്ട ഭാസുര ഭാവി വാഗ്ദാനങ്ങളാണ് അവർ. കണ്കുളിർമ ഏകുന്ന മക്കളെ നൽകാനാണ് ഇബാദു റഹ്‌മാൻ എന്നറിയപ്പെടുന്ന ശ്രേഷ്ഠ സത്യവിശ്വാസികൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. യഥാർത്ഥത്തിൽ മക്കൾ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹ ദാനങ്ങളാണ്.

മക്കളുടെ കാര്യത്തിൽ മാതാപിതാക്കളാണ് ഉത്തരവാദികൾ. അവരെ നേരാംവണ്ണം വളർത്തിയോ ഇല്ലയോ എന്ന് അല്ലാഹു അവരോട് ചോദ്യം ചെയ്യുന്നതായിരിക്കും (ഹദീസു സ്വഹീഹു ഹിബ്ബാൻ 4570). മക്കൾ ശുദ്ധപ്രകൃതക്കാരായിക്കും, മാതാപിതാക്കൾ വളർത്തും പ്രകാരമായിരിക്കും അവർ ആയിത്തീരുക. മക്കളെ ചെറുപ്പത്തിൽ തന്നെ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുമായി ബന്ധം ഉണ്ടാക്കിയെടുക്കണം, എല്ലാം അവൻ നിരീക്ഷിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയും വേണം. നബി (സ്വ) കുട്ടിയായ ഇബ്‌നു അബ്ബാസി (റ)നെ ഉപദേശിച്ചത് ഇങ്ങനെയാണ്: കുഞ്ഞുമോനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിന്നെ സംരക്ഷിക്കും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് തേടുക (ഹദീസ് തുർമുദി 2516). 

മക്കളെ ചെറുപ്രായത്തിൽ തന്നെ നമസ്‌ക്കാരം പരിശീലിപ്പിച്ച് ശീലമാക്കിക്കണം. കുടുംബക്കാരോട് നമസ്‌ക്കാരത്തിനായി കൽപ്പിക്കുകയും അതിനായി ക്ഷമ ശീലമാക്കണമെന്നുമാണ് അല്ലാഹു നബി (സ്വ) യെ ഉണർത്തിയത് (ഖുർആൻ, സൂറത്തു ത്വാഹാ 132). ഖുർആൻ പാരായണം, ഖുർആൻ മനപാഠം, ഖുർആൻ പഠനം, ദൈവ സ്മരണ, ഭയഭക്തി, പ്രവാചകാനുധാവനം, നല്ല സ്വഭാവങ്ങൾ എന്നിവയൊക്കെ മക്കൾക്ക് യഥാസമയം പകരേണ്ട മൂല്യങ്ങളാണ്. 

ഈ മൂല്യങ്ങളോടെ വളർത്തപ്പെട്ട ബാല്യങ്ങളാണ് കരുത്തുറ്റ യുവ പ്രതിഭകളായിമാറുന്നത്. നാടിന്റെ യാഥാർത്ഥ വികസനം യുവത്വത്തിലൂടെയെന്നാണ് ശൈഖ് സായിദ് (റഹിമഹുല്ലാഹ്) പറഞ്ഞത്.


back to top