സഹായ സഹകരണ ഹസ്തങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 05/08/2022

വിഷയം: സഹായവും സഹകരണവും

സഹകരണം സത്യവിശ്വാസിയുടെ അടയാളമാണ്. നന്മയുടെയും ഭക്തിയുടെയും കാര്യങ്ങളിൽ അന്യോന്യം സഹായിക്കാനാണ് അല്ലാഹു സത്യവിശ്വാസികളോട് കൽപ്പിച്ചിരിക്കുന്നത് (ഖുർആൻ, സൂറത്തുൽ മാഇദ 02). നുഅ്മാൻ ബ്‌നു ബശീർ (റ) പറയുന്നുണ്ട്: ഒരിക്കൽ നബി (സ്വ) പറയുന്നത് ഞാൻ സശ്രദ്ധം കേൾക്കുയായിരുന്നു, നബി (സ്വ) ഇങ്ങനെയാണ് മൊഴിഞ്ഞത് : 'സത്യവിശ്വാസികൾ തമ്മിലുള്ള സ്‌നേഹവായ്പും കാരുണ്യസ്പർശവും വളരെ ആർദ്രമാണ്, അവർ ഒരൊറ്റ തടി കണക്കെയായിരിക്കും' (ഹദീസ് ഇബ്‌നു ഹിബ്ബാൻ 297). വ്യക്തികൾക്കിടയിലുള്ള സഹായ സഹകരണ മനോഭാവം അവരിലുള്ള വിശ്വാസ ദൃഢതയും അവർ തമ്മിലുള്ള പാരസ്പര്യ ബോധവും സ്വഭാവ സംസ്‌കാര ഉന്നതിയുമാണ് സൂചിപ്പിക്കുന്നത്. അതാണ് അല്ലാഹുവും അവന്റെ തിരുദൂതർ മുഹമ്മദ് നബി (സ്വ)യും ഇഷ്ടപ്പെടുന്നതും. 

കൂട്ടത്തിലെ ഒരാൾ പ്രയാസം അനുഭവപ്പെട്ടാൽ സഹായിക്കുകയും കൂടെനിൽക്കുകയും ശക്തി പകരുകയും ചെയ്യുന്ന ഒരുപറ്റം ആൾക്കാരെ ക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ അവരെ മുക്തകണ്ഠം പ്രശംസിക്കുകയാണ് നബി (സ്വ) ചെയ്തത്. ശേഷം അവരുടെ മഹിമകൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: 'അവർ എന്നിൽപ്പെട്ടവരാണ്, ഞാൻ അവരിൽപ്പെട്ടതുമാണ്' (ഹദീസ് ബുഖാരി, മുസ്ലിം). അതായത് അവരുടെ ഈ സഹകരണ സ്വഭാവം നബി (സ്വ)യുടെ ശ്രേഷ്ഠ ഗുണങ്ങൡപ്പെട്ടതാണ്. നബി (സ്വ) ജനങ്ങളുടെ ആപൽഘട്ടങ്ങളിൽ കൂടെനിന്ന് സഹായിക്കുമായിരുന്നെന്നാണ് പ്രിയ പത്‌നി ഖദീജാ (റ) സാക്ഷ്യപ്പെടുത്തുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). 

സമൂഹത്തിൽ ആത്മാഭിമാനം ഉണ്ടാക്കുന്ന കാര്യമാണ് സഹായ സഹകരണ പ്രവർത്തനങ്ങൾ. മറ്റു ഫലങ്ങൾക്കും ഈ സ്വഭാവം കാരണമാവുന്നതാണ്. അതിൽപ്പെട്ടതാണ് അല്ലാഹുവിൽ നിന്നുള്ള കാവലും പരിരക്ഷയും. നബി (സ്വ) പറയുന്നു: ഒരാൾ മറ്റൊരാളെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും (ഹദീസ് മുസ്ലിം 2699). 

സമൂഹത്തിന്റെ ഐക്യവും അഖണ്ഡതയും സുസ്ഥിരതയും ഭദ്രമാക്കുന്നതാണ് ഈ പാരസ്പര്യം. സത്യവിശ്വാസികൾ പരസ്പരം ഒരു കെട്ടിടം കണക്കെയാണ്, അതിലെ ചില ഭാഗങ്ങൾ മറ്റു ഭാഗങ്ങളെ ശക്തിപ്പെടുത്തും പ്രകാരം (ഹദീസ് ബുഖാരി, മുസ്ലിം). 

സഹായ സഹകരണങ്ങൾ ചെയ്തവരോട് നല്ല നിലയിൽ വർത്തിക്കാനാണ് നബി (സ്വ) പഠിപ്പിക്കുന്നത്. അവരുടെ നന്മകൾ എടുത്തുപറഞ്ഞ് സ്മരിക്കുകയും സഹായ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും അവരുടെ നന്മകൾക്കായി പ്രാർത്ഥിക്കുകയും വേണം. സഹായിച്ചവനിക്ക് പ്രത്യുപകാരം ചെയ്യാൻ ഒന്നും കിട്ടിയില്ലെങ്കിൽ അവനെ സ്തുതിച്ചു കൊണ്ടെങ്കിലും നന്ദി പ്രകടിപ്പിക്കണമെന്നാണ് നബി (സ്വ) നൽകുന്ന ഉപദേശം (ഹദീസ് ഇബ്‌നു ഹിബ്ബാൻ 3415).



back to top