ഹിജ്‌റയുടെ അർത്ഥതലങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 29/07/2022

വിഷയം: ഹിജ്‌റാ വർഷാരംഭം


ഏവർക്കും നന്മയാർന്ന ഹിജ്‌റാ പുതുവർഷം നേരുന്നു. 


ഹിജ്‌റ ചരിത്രത്തിലെ കേവലം പലായനമല്ല, അതൊരു പാഠമാണ്. പ്രവാചകർ മുഹമ്മദ് നബി (സ്വ) മക്കാ ദേശത്തു നിന്ന് മദീനയിലേക്ക് നടത്തിയ ഹിജ്‌റ വെറും കുടിയേറ്റമല്ല, സത്യത്തിന്റെ ദീപശിഖയുമായുള്ള മുന്നേറ്റമായിരുന്നു. നന്മകളും മൂല്യങ്ങളും പകരാനും, സർവ്വ തിന്മകളും ദൂഷ്യങ്ങളും തിരസ്‌ക്കരിക്കാനുമുള്ള വിജയ തേരോട്ടമായിരുന്നു. ഹിജ്‌റ ചെയ്യുന്നയാൾ (മുഹാജിർ) എന്നാൽ അല്ലാഹു വിരോധിച്ച കാര്യങ്ങളെ വെടിഞ്ഞാളെന്നാണ് നബി (സ്വ) തന്നെ വിവക്ഷിച്ചത് (ഹദീസ് ബുഖാരി 6484). ആ തിരസ്‌ക്കാരമൊരിക്കലും വെറുതെയാവില്ല, അതൊരു പുരസ്‌ക്കാരമായി എന്നും തുടരുകയും ചെയ്യും. ഏത് ഹിജ്‌റയാണ് ഏറ്റവും ഉത്തമമെന്ന് ചോദിച്ചയാളോട് നബി (സ്വ) പറഞ്ഞത് അല്ലാഹു വെറുത്ത കാര്യങ്ങൾ ഒഴിവാക്കലെന്നാണ് (ഹദീസ് നസാഈ 4165). അല്ലാഹു ഇഷ്ടപ്പെടുന്ന മാനുഷിക ഗുണങ്ങളിലേക്കും ശ്രേഷ്ഠമായ സാംസ്‌കാരിക നിലവാരങ്ങളിലേക്കും ഉത്തുംഗ സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും കുതിക്കലാണത്. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരും അന്ത്യനാളിൽ നബി (സ്വ)യോട് ഏറ്റവും അടുപ്പമുള്ളവരും സൽഗുണ സമ്പന്നരെന്നാണ് ഹദീസ് (തുർമുദി 2018, സ്വഹീഹു ഇബ്‌നു ഹിബ്ബാൻ 5557). 

ഹിജ്‌റ എന്നത് അർത്ഥമാക്കുന്നത് പലായനം മാത്രമല്ല, പ്രവിശാലമായ അർത്ഥവ്യാപ്തിയുണ്ടതിന്. ഏതു നന്മയിലേക്കും ധർമ്മാചരണത്തിലേക്കുമുള്ള പരിവർത്തനവും ഹിജ്‌റയിൽപ്പെട്ടതാണ്. അജ്ഞതയിൽ നിന്ന് അറിവിലേക്കും, മറവിയിൽ നിന്ന് ഓർമ്മയിലേക്കും, നിഷേധാത്മകതയിൽ നിന്ന് അനുസരണയിലേക്കും, നിഷ്‌ക്രിയത്വത്തിൽ നിന്ന് സജീവതയിലേക്കുമുള്ള രൂപമാറ്റമാണ് ഹിജ്‌റയെന്നാണ് പണ്ഡിതർ അഭിപ്രായപ്പെട്ടത്.


back to top