യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 09/09/2022
വിഷയം: രാഷ്ട്രസേവനം ബാധ്യതയാണ്
സത്യമത പ്രചാരകരായ പ്രവാചകന്മാർ ധർമ്മപ്രബോധനത്തോടൊപ്പം സ്വന്തം നാടിനെ സേവിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. മക്കാരാജ്യത്തെ നിർഭയസ്ഥലിയാക്കണമെന്നാണ് ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് (സൂറത്തു ഇബ്രാഹിം 35). അല്ലാഹുവിന്റെ അടിമയും കൂട്ടുകാരനും പ്രവാചകനുമായ ഇബ്രാഹിം നബി (അ) മക്കാ നാടിന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടല്ലൊ, അടിമയും പ്രവാചകനുമായ ഞാൻ മദീനക്ക് വേണ്ടി അപ്രകാരവും അതിലുപരിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെന്ന് നബി മുഹമ്മദ് (സ്വ) പറയുമായിരുന്നു (ഹദീസ് മുസ്ലിം 1373). ദേശ സ്‌നേഹവും സേവനവും മതപരവും ദേശീയവും എന്നല്ല മാനുഷികവുമായ ബാധ്യതയാണ്. കാരണം നാടെന്നാൽ നാം ജീവിക്കുന്ന മണ്ണും വിണ്ണുമുള്ള സങ്കേതമാണ്. അതിന്റെ അഭിവൃതിക്കും അന്തസ്സിനും പ്രവർത്തിക്കേണ്ടത് ഓരോർത്തരുടെയും കർത്തവ്യമാണ്. അതിൽ ഏറ്റവിത്യാസങ്ങളില്ല. ഉദ്യോഗസ്ഥനും തൊഴിലാളിയും വിദ്യാർത്ഥിയും അങ്ങനെ എല്ലാവരും അവരവരുടെ ഇടങ്ങളിൽ നാടിനായി പ്രവർത്തിക്കണം.
നാടിന്റെ പ്രതാഭവും പ്രൗഢിയും നിലനിർത്തുന്നതും, വിഭവങ്ങളും സാമ്പത്തിക സ്രോതസ്സുകളും പൊതുമുതലുകളും കാത്തുസൂക്ഷിക്കുന്നതുമെല്ലാം ഓരോ പൗരനും രാഷ്ട്രത്തിന് ചെയ്യുന്ന സുകൃത സേവനങ്ങളാണ്. നബി (സ്വ) പറയുന്നു: രണ്ടു കണ്ണുകളെ നരകം തൊടുകയില്ല, ഒന്ന് ദൈവഭയഭക്തിയാൽ കരഞ്ഞ കണ്ണ്, രണ്ടമത്തേത് ദൈവമാർഗത്തിൽ ഉറക്കമൊഴിച്ച് കാവലിരുന്ന കണ്ണ് (ഹദീസ് തുർമുദി 1639).

