അല്ലാഹുവിനോടുളള സ്‌നേഹം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 16/09/2022

വിഷയം: അല്ലാഹുവിനെ സ്‌നേഹിക്കാം

ദൈവ സ്‌നേഹത്തിന്റെ പ്രധാന കാരിണി ഭയഭക്തി (തഖ്‌വ)യാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിനോട് ഇഷ്ടം കൂടിയവരാണ് മുതഖീങ്ങൾ (ദൈവ ഭയഭക്തിയുള്ളവർ). അവർ അല്ലാഹുവിനെയും അല്ലാഹു അവരെയും നന്നായി ഇഷ്ടപ്പെടുന്നുണ്ട്. തഖ്‌വയുള്ളവരെ അല്ലാഹു സ്‌നേഹിക്കുക തന്നെ ചെയ്യുമെന്ന് വിശുദ്ധ ഖുർആൻ സൂറത്തുത്തൗബ 4ാം സൂക്തത്തിൽ പ്രഖ്യാപിക്കുന്നുണ്ട്.

നബി (സ്വ) ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു: നാഥാ, ഞാൻ നിന്നോട് നിന്റെ സ്‌നേഹവും നിന്നെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹവും നിന്റെ ഇഷ്ടത്തിന് കാരണമാക്കുന്ന സൽപ്രവർത്തനങ്ങളുടെ ഇഷ്ടത്തെയും നൽകാൻ കേഴുകയാണ് (ഹദീസ് തുർമുദി 3235). ദൈവ സ്‌നേഹമാണ് ആത്മാവിന്റെ ഭക്ഷണവും ഹൃദയത്തിന്റെ സല്ലാപവും. പ്രവാചകന്മാർ ദൈവ സ്‌നേഹത്തിനായി ആർത്തിപൂണ്ടവരായിരുന്നു. അല്ലാഹു പറയുന്നു: സത്യവിശ്വാസികളാണ് അല്ലാഹുവിനോട് ഏറ്റം സ്‌നേഹമുള്ളവരായിരിക്കുന്നത് (സൂറത്തുൽ ബഖറ 165). ഒരു സത്യവിശ്വാസിക്ക് എങ്ങനെ അല്ലാഹുവിനെ സനേഹിക്കാതിരിക്കാനാവും?! സകല ജീവ സംവിധാനങ്ങളും ജീവിത സൗഖ്യങ്ങളും നൽകിയനുഗ്രഹിച്ചവനാണല്ലൊ അവൻ. 'അല്ലാഹുവാണ് നിങ്ങൾക്കായി ഭൂമിയെ ആവാസസ്ഥലവും ആകാശത്തെ മേൽക്കൂരയുമാക്കുകയും മെച്ചപ്പെട്ട ആകാര സൗഷ്ഠവം നൽകുകയും വിശിഷ്ട ഭോജ്യങ്ങളിൽ നിന്ന് ഉപജീവനം തരികയും ചെയ്തത്, അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു. പ്രപഞ്ച നാഥനായ അല്ലാഹു അനുഗ്രഹ സമ്പൂർണനത്രെ (സൂറത്തു ഗാഫിർ 64). 

പടച്ചോനെ സ്‌നേഹിക്കൽ പടപ്പുകളുടെ ബാധ്യതയാണെന്നർത്ഥം. അവനെ സ്മരിക്കുന്ന ദിക്‌റുകൾ പതിവാക്കിയും അവന്റെ സംസാരമായ വിശുദ്ധ ഖുർആൻ മനസ്സിലാക്കി പാരായണം ചെയ്യലുമെല്ലാം അവനോടുള്ള സ്‌നേഹ പ്രകടനങ്ങളാണ്. ഖുർആനിനെക്കാൾ മധുരതരമായി മറ്റൊന്നുമില്ലല്ലൊ. ദൈവവിശ്വാസികളുടെ ഹൃദയങ്ങൾക്ക് മധു പകരുന്ന കൃത്യമാണ് ഖുർആൻ പാരായണം. അബ്ദുല്ലാ ബ്‌നു മസാഊദ് (റ) പറയുന്നു: ഒരാൾ അല്ലാഹുവിനോടുള്ള അവന്റെ സ്‌നേഹം അളക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പരിശുദ്ധ ഖുർആനിനായി സ്വന്തത്തെ പാകപ്പെടുത്തികൊള്ളട്ടെ, അവൻ ഖുർആനിനെ ഇഷ്ടപ്പെട്ടാൽ അല്ലാഹുവിനെയും ഇഷ്ടപ്പെടുന്നുവെന്ന് ഗണിക്കാം, കാരണം ഖുർആൻ  അവന്റെ വാക്യങ്ങളാണ്.  

അല്ലാഹുവിനെ സ്‌നേഹിക്കുന്നവർ സ്വൽസ്വഭാവികളുമായിരിക്കും. ഇടപാടുകളിലും നിലപാടുകളിലും ധാർമികത പുലർത്തുന്നവരായിരിക്കും. നബി (സ്വ) പറയുന്നു: ഒരാൾ അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും ഇഷ്ടപ്പെടാൻ, അല്ലെങ്കിൽ അല്ലാഹുവും തിരുദൂതരും അവനെ ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ സംസാരത്തിൽ സത്യസന്ധത പാലിക്കുകയും വിശ്വാസിച്ചേൽപ്പിച്ചത് വിശ്വാസ്യതയോടെ നിർവ്വഹിക്കുകയും അയൽവാസികളോട് നന്നായി പെറുമാറുകയും ചെയ്തുകൊള്ളട്ടെ (ശിഅബുൽ ഈമാൻ 3/110). 

ദൃഢമായ സത്യവിശ്വാസത്തിന്റെ മാധുര്യം നുകർന്ന മൂന്നൂ വിഭാഗങ്ങളെ നബി (സ്വ) എണ്ണിപ്പറഞ്ഞിട്ടുണ്ട്. അതിൽ ആദ്യം പറഞ്ഞ വിഭാഗം ലോകത്തുള്ള സകലതിനേക്കാളും അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും സ്‌നേഹിക്കുന്നവരാണ് (ഹദീസ് ബുഖാരി, മുസ്ലിം). കാരണം ഈ ദിവ്യസ്‌നേഹമാണ് എല്ലാ വിജയങ്ങളുടെയും നിദാനം. ഈ സ്‌നേഹം തന്നെയാണ് സ്വർഗത്തിലേക്കും അതിലും കവിഞ്ഞ പരലോക സൗഭാഗ്യങ്ങൾക്കും ഹേതുകമാവുന്നത്. അന്ത്യനാൾ എപ്പോഴെന്ന് ചോദിച്ചയാളോട് നബി (സ്വ) തിരിച്ചുചോദിക്കുകയുണ്ടായി: അന്ത്യനാളിന് വേണ്ടി താങ്കൾ എന്തൊക്കെ ഒരുക്കിയിട്ടുണ്ട്? അദ്ദേഹം പറഞ്ഞു: ഒന്നുമില്ല, എന്നാലും അല്ലാഹുവിനെയും അവന്റെ തിരു പ്രവാചകരെയും ഇഷ്ടപ്പെടുന്നുണ്ട്. അപ്പോൾ നബി (സ്വ) പറഞ്ഞു: നീ ഇഷ്ടപ്പെടുന്നവരോടൊപ്പമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം).


back to top