യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 23.09.2022
വിഷയം: സ്വർഗം
സ്വർഗം ഒരു അനുഗ്രഹ ലോകമാണ്. സ്വർഗത്തിൽ ഒരു കണ്ണും കാണാത്ത, ഒരു കാതും കേൾക്കാത്ത, ഒരു മനുഷ്യന്റെയും ചിത്തത്തിൽ നിനക്കാനാവാത്ത സുഖസൗഭാഗ്യങ്ങളുണ്ടെന്നാണ് നബി (സ്വ) വിശദീകരിച്ചിരിക്കുന്നത് (ഹദീസ് 2836, അഹ്‌മദ് 10216). തഖ്‌വ (ദൈവ ഭയഭക്തി)യാണ് സ്വർഗത്തിലേക്കുള്ള എളുപ്പ മാർഗം. അല്ലാഹു പറയുന്നു: ജീവിതത്തിൽ സൂക്ഷ്മത പാലിച്ചവർക്ക് സ്വർഗീയ ഉദ്യാനങ്ങളും മുന്തിരിപ്പഴങ്ങളും തുടുത്ത മാറിടമുള്ള വയസ്സൊത്ത സൗന്ദര്യധാമങ്ങളും നിറഞ്ഞ ചഷകങ്ങളുമുള്ള വൻവിജയമുണ്ട്. ഒരു അനാവശ്യ സംസാരമോ വ്യാജവാർത്തയോ അവർക്കവിടെ കേൾക്കാനാവില്ല. ഭുവന വാനങ്ങളുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവും കരുണാമയനുമായ താങ്കളുടെ നാഥങ്കൽ നിന്നുള്ള ഒരു പ്രതിഫലവും കണക്കനുസരിച്ച പാരിതോഷികവുമാണിത് (സൂറത്തുന്നബഹ് 31, 32, 33, 34, 35, 36).
തന്റെ അടിമകളിൽ നിന്ന് ഭയഭക്തിയുള്ളവർക്ക് അവകാശമായി നൽകുന്ന സ്വർഗമെന്ന് സൂറത്തു മർയം 63ാം സൂക്തത്തിൽ അല്ലാഹു തന്നെ പരാമർശിക്കുന്നുണ്ട്. പരിശുദ്ധ ഖുർആൻ സത്യവിശ്വാസികൾക്ക് സന്മാർഗവും സുവിശേഷവുമാണല്ലൊ (സൂറത്തുന്നംല് 2). ഏറ്റവും വണ്ണമായ പ്രതിഫലമുണ്ടെന്നതാണ് ആ സുവിശേഷം. അതാണ് സ്വർഗം. അല്ലാഹു പറയുന്നു: നിശ്ചയം ഈ ഖുർആൻ ഏറ്റവും ഋജുവായതിലേക്ക് നയിക്കുകയും സൽകർമാനുഷ്ഠാനികളായ സത്യവിശ്വാസികൾക്ക് മഹത്തായ പ്രതിഫലമാണുള്ളതെന്നും വിശ്വാസമില്ലാത്തവർക്ക് വേദനയുറ്റ ശിക്ഷ നാം ഒരുക്കിയിട്ടുണ്ടെന്നും ശുഭവാർത്തയറിയിക്കുകയും ചെയ്യുന്നു (സൂറത്തു ഇസ്‌റാഅ് 9). അതായത് സത്യവിശ്വാസികളെ അന്ത്യനാളിൽ അല്ലാഹു സ്വർഗം നൽകിക്കൊണ്ടായിരിക്കും ആദരിക്കുക. ആകാശ ഭൂമി ലോകങ്ങളുടെ വിശാല വീതിയുള്ളതാണ് സ്വർഗം. സ്വർഗത്തിലെ മാലാഖമാർ അവരെ സ്വീകരിക്കും, അവർക്കായി സ്വർഗീയ കവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും ചെയ്യും. അതേപ്പറ്റി അല്ലാഹു വിവരിക്കുന്നു: തങ്ങളുടെ നാഥനോട് സൂക്ഷ്മത പുലർത്തിയിരുന്നവർ കൂട്ടമായി സ്വർഗത്തിലേക്ക്് ആനയിക്കപ്പെടുന്നതും വാതായനങ്ങൾ തുറന്നുവെക്കപ്പെട്ടതായിരിക്കെ അവരതിനു സമീപമെത്തുന്നതും പാറാവുകാർ ഇങ്ങനെ സ്വാഗതം ചെയ്യുന്നതുമാണ് 'നിങ്ങൾ സമാധാനം ഭവിക്കട്ടെ, നിങ്ങൾ പരിശുദ്ധരായിരുന്നു, അതിനാൽ ശാശ്വതനിവാസം വിധിക്കപ്പെട്ടവരായി നിങ്ങൾ ഇതിൽ പ്രവേശിച്ചുകൊള്ളുക' (സൂറത്തുസ്സുമർ 73). അങ്ങനെ പ്രസന്നവദരരായി അവർ സ്വർഗത്തിൽ പ്രവേശിക്കും.
നബി (സ്വ) പറയുന്നു: സ്വർഗത്തിൽ ആദ്യം പ്രവേശിക്കുന്നവർ പൗർണമി നാളിലെ പൂർണ ചന്ദ്രനെ പോലെയായിരിക്കും, അവർക്ക് ശേഷം പ്രവേശിക്കുന്നവർ ആകാശത്തിലെ ജാജ്ജ്വല്യമാനമായ നക്ഷത്രതുല്യമായിരിക്കും (ഹദീസ് ബുഖാരി, മുസ്ലിം). സ്വർഗസ്ഥരായ അവർക്കുള്ള സൗകര്യങ്ങൾ അല്ലാഹു വ്യക്തമാക്കുന്നുണ്ട്: എന്നാൽ തങ്ങളുടെ നാഥനെ സൂക്ഷിച്ചവർക്ക് ചുവട്ടിലൂടെ ആറുകളൊഴുകുന്നതും മേൽക്കുമേൽ തട്ടുകളായി പണിതതുമായ മണിമേടകളുണ്ട്. അല്ലാഹുവിന്റെ വാഗ്ദാനമാണിത് അവൻ കരാറുകൾ ലംഘിക്കുന്നതല്ല (സൂറത്തുസ്സുമർ 20). തീർച്ച, സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴെക്കൂടി ആറുകളൊഴുകുന്ന സ്വർഗീയ ഉദ്യാനങ്ങൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിലവർ ശാശ്വതവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള ആരാമങ്ങളിൽ ഉത്തമവസതികളും അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിന്റെ സംതൃപ്തിയേ്രത മഹോന്നതം, മഹത്തായ വിജയം അതാകുന്നു (സൂറത്തു ത്തൗബ 72). സ്വർഗസ്ഥരോട് അല്ലാഹു വിളിച്ചു ചോദിക്കും: സ്വർഗവാസികളേ, നിങ്ങൾ തൃപ്തരാണോ? അവർ പറയും: എങ്ങനെ തൃപ്തിപ്പെടാതിരിക്കും! നാഥാ, നീ സൃഷ്ടികളിലാർക്കും നൽകാത്തതാണ് ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. അപ്പോൾ അല്ലാഹു പറയും: അവയേക്കാൾ ശ്രേഷ്ഠമായത് ഞാൻ നിങ്ങൾക്ക് നൽകട്ടയോ. അവർ പറയും എന്താണ് അവയേക്കാൾ ഏറ്റവും ശ്രേഷ്ഠമായത്? അവരോട് അല്ലാഹു പറയും: ഞാൻ നിങ്ങൾക്ക് എന്റെ തൃപ്തി കനിഞ്ഞേകും, അതുണ്ടായാൽ ഒരിക്കലും ഞാൻ നിങ്ങളോട് കോപിക്കുകയില്ല (ഹദീസ് ബുഖാരി, മുസ്ലിം).
പാപമോചനത്തിലേക്കും ഭുവനവാനങ്ങളുടെ വിസ്തൃതിയുള്ള സ്വർഗത്തിലേക്കും അതിദുത്രം ചെല്ലാനാണ് അല്ലാഹു സത്യവിശ്വാസികളോട് കൽപിക്കുന്നത് (സൂറത്തു ആലുഇംറാൻ 133). അവർ നന്മകളിലേക്ക് കുതിച്ചു മത്സരിക്കുന്നവരും ദുഷ്ടത്തരങ്ങളിൽ നിന്ന് ഏറെ മാറിനിൽക്കുന്നവരുമായിരിക്കും. ഭയഭക്തിയുള്ളവർ അഗോചരമായവയിൽ വിശ്വസിക്കുകയും നമസ്‌കാരം മുറപോലെയനുഷ്ഠിക്കുകയും അല്ലാഹു നൽകിയതിൽ നിന്നു ചെലവഴിക്കുകയും ചെയ്യുന്നവരെന്ന് സൂറത്തു ബഖറ 3ാം സൂക്തത്തിൽ അല്ലാഹു വിശേഷിപ്പിക്കുന്നുണ്ട്. നാഥാ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു, അതിനാൽ ഞങ്ങൾക്കു പാപങ്ങൾ പൊറുത്തുതരികയും നരകത്തിൽ നിന്നു കാവലേകുകയും ചെയ്യണമേ എന്നു പ്രാർത്ഥിക്കുന്നവരും ക്ഷമിക്കുന്നവരും സത്യസന്ധരും ഭക്തിയുള്ളവരും ധനം ചെലവു ചെയ്യുന്നവരും നിശയുടെ അന്ത്യയാമങ്ങളിൽ പാപമോചനമർത്ഥിക്കുന്നവരുമായിരിക്കും അവർ (സൂറത്തു ആലുഇംറാൻ 16, 17). അവർ സ്വർഗത്തിൽ വിജയാശ്രീലാളിതരായിരിക്കും. അവർ പ്രതികരിക്കും: നമ്മോടുള്ള തന്റെ കരാർ സത്യസന്ധമായി പൂർത്തീകരിക്കുകയും വിചാരിക്കുന്നടിത്തെങ്ങും നിവസിക്കാനാകും വിധം ഈ സ്വർഗഭൂമി നമ്മുക്ക് അവകാശപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ സ്‌തോത്രങ്ങളും. കർമാനുഷ്ഠാനികൾക്കുള്ള പ്രതിഫലം എത്ര ഉൽകൃഷ്ടം (സൂറത്തു സുമർ 74).

