യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 30/09/2022
വിഷയം: ധനം
ധനം അനുഗ്രഹമാണ്, മനുഷ്യന്റെ ഉപജീവനത്തിന് അനിവാര്യമായ അലങ്കാരവുമാണത്. അക്കാര്യമാണ് സൂറത്തുൽ കഹ്ഫ് 46ാം സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്. അധ്വാനത്തിലൂടെ ധനവകകൾ സമ്പാദിക്കാനാണ് അല്ലാഹു കൽപ്പിക്കുന്നത്: ഭൂമി നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത് അവനാണ്. അതുകൊണ്ട് അതിന്റെ ഉപരിതലങ്ങളിൽ നിങ്ങൾ സഞ്ചരിക്കുകയും അവന്റെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കുകയും ചെയ്തുകൊള്ളുക. അവങ്കലിലേക്കു തന്നെയാണ് പുനരുത്ഥാനം (സൂറത്തുൽ മുൽക് 15).
സമ്പാദിച്ചുള്ള സമ്പത്ത് കൊണ്ടാണ് മനുഷ്യൻ സ്വന്തത്തിനും കുടുംബത്തിനുമുള്ള മാന്യമായ ജീവിത വകകൾ കണ്ടെത്തേണ്ടത്. പിൻഗാമികളായ സന്താനങ്ങളെ ജനങ്ങളോട് യാചിക്കുന്നവരാക്കുന്നതിനേ ക്കാൾ അവരെ സമ്പത്തുള്ളവരാക്കുന്നത് ഏറ്റവും ഉത്തമമെന്നാണ് നബി (സ്വ) പഠിപ്പിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
ധനവിനിയോഗത്തിൽ പിശുക്കോ അമിതവ്യയമോ ധൂർത്തോ ഇല്ലാതെ സന്തുലിതത്വം പാലിക്കുന്നവരെ അല്ലാഹു സൂറത്തുൽ ഫുർഖാൻ 67ാം സൂക്തത്തിലൂടെ പുകഴ്ത്തിപ്പറയുന്നുണ്ട്്. സൂറത്തുൽ ഇസ്‌റാഅ് 29ാം സൂക്തത്തിലൂടെ അല്ലാഹു പറയുന്നു: നീ ഒട്ടും പിശുക്ക് കാട്ടുകയും ധൂർത്തടിക്കുകയുമരുത്, അങ്ങനെ ചെയ്താൽ അധിക്ഷേപാർഹനും അതീവ ദുഖിതനുമായിരിക്കേണ്ടിവരും.
സ്വന്തത്തിനോ കുടുംബനാഥനോ ആശ്രിതർക്കോ നഷ്ടമോ കടക്കെടുതിയോ വരാത്തവിധം ഉപകാരകാര്യങ്ങൾക്കായി വിനിയോഗം കരുതലോടെ നടത്തുന്നവരാണ് ബുദ്ധിമാന്മാർ. നിർഭയാവസ്ഥക്ക് ശേഷം മനസ്സുകൾക്ക് ഭയപ്പാട് വരത്തരുതേ എന്ന് പറഞ്ഞ നബി (സ്വ)യോട് അനുചരർ ചോദിച്ചു: അതെന്താണ് ? തിരുദൂതരേ. നബി (സ്വ) പറഞ്ഞു: അതാണ് കടം (ഹദീസ് അഹ്്മദ് 17783).
ശരിയായ ധന നിക്ഷേപങ്ങളും സമ്പാദനങ്ങളുമാണ് മനുഷ്യന് ജീവിതത്തിലെ ഉപജീവന അതിജീവന മാർഗങ്ങൾ എളുപ്പമാക്കുന്നത്, എന്നു മാത്രമല്ല അതിലൂടെ തന്നെയാണ് ആരാധനകൾക്കുള്ള ഊർജവും മാർഗവും കൈവരിക്കുന്നത്. ഒരിക്കൽ ഒരാൾ ഇബ്‌നു മുബാറകി (റ)നോട് ചോദിച്ചു: താങ്കൾ ജോലിയും കച്ചവടവും ചെയ്യുന്നതായി നമ്മൾ കാണുന്നു, അപ്പോൾ നിങ്ങൾ പരിത്യാഗ ജീവിതം നയിക്കുന്നില്ലേ? അപ്പോൾ അദ്ദേഹം മറുപടി മൊഴിഞ്ഞു: ജോലിയും കച്ചവടവും ഞാൻ ചെയ്യുന്നത് എന്റെ മുഖം സംരക്ഷിക്കാനും എന്റെ ശരീരം വളർത്താനുമാണ്, അതിലൂടെ എന്റെ നാഥനെ എനിക്ക് ആരാധിക്കാനുമാവും.
അന്ത്യനാളിൽ അല്ലാഹുവിങ്കലിൽ നിന്ന് അഞ്ചു കാര്യങ്ങളെക്കുറിച്ച് വിചാരണ ചെയ്യുന്നത് വരെ മനുഷ്യരുടെ പാദങ്ങൾ അനങ്ങുകയില്ല. ആ അഞ്ചു കാര്യങ്ങളിൽപ്പെട്ട ഒന്നാണ് ധനം. അത് എവിടെന്ന് സമ്പാദിച്ചു, എങ്ങനെ ചെലവഴിച്ചു എന്നൊക്കെ ചോദ്യം ചെയ്യപ്പെടും (തുർമുദി 2416). ശരിയായ രീതിയിൽ അധ്വാനിച്ചു സമ്പാദിക്കുകയും ദൈവ തൃപ്തിയിൽ നേരാംവണ്ണം ചെലവഴിക്കുകയും ചെയ്തവരുടെ ധനത്തിന് അല്ലാഹു വളർച്ചയും വർധനവും നൽകി ധന്യമാക്കും. വണ്ണമായ പരലോക പ്രതിഫലവും നൽകും. അല്ലാഹു പറയുന്നു: നിങ്ങൾ അല്ലാഹുവിലും ദൂതരിലും വിശ്വസിക്കുകയും അവൻ നിങ്ങളെ പ്രതിനിധികളാക്കിയ ധനം ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളിൽ നിന്ന് സത്യവിശ്വാസം കൈക്കൊള്ളുകയും ധനം ചെലവഴിക്കുകയും ചെയ്തവരാരോ അവർക്ക് മഹത്തായ കൂലിയുണ്ടാകും (സൂറത്തു ഹദീദ് 07).

