യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 07/10/2022
വിഷയം: പ്രവാചക സ്‌നേഹം
ലോക നേതാവ് പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ നിയോഗം ലോകർക്കുള്ള അനുഗ്രഹ സൗഭാഗ്യമാണല്ലൊ. പ്രവാചകരെ (സ്വ) സ്‌നേഹിക്കലും അനുധാവനം ചെയ്യലും ഏവരുടെയും ബാധ്യതയുമാണ്. ഒരിക്കൽ ഒരാൾ നബി (സ്വ)യുടെ അടുക്കൽ ചെന്ന് പറയുകയാണ്: തിരുദൂതരേ, അല്ലാഹുവാണേ സത്യം നിശ്ചയമായും ഞാൻ സ്വന്തത്തെക്കാളും അങ്ങയെ സ്‌നേഹിക്കുന്നു, എന്റെ കുടുംബത്തെക്കാളും ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു, എന്റെ സന്താനങ്ങളെക്കാളും അങ്ങയെ ഞാൻ സ്‌നേഹിക്കുന്നു. ഞാൻ വീട്ടിലിരിക്കുമ്പോൾ അങ്ങയെ ഓർത്തുപോവുന്നു, അങ്ങനെ അങ്ങയുടെ സവിധത്തിൽ വന്ന് കാണും വരെ എനിക്ക് ക്ഷമയില്ല. ഞാൻ എന്റെയും അങ്ങയുടെയും മരണം ഓർത്തുപോവുകയാണ്. അങ്ങ് സ്വർഗത്തിൽ മറ്റു നബിമാരോടൊപ്പം ഉന്നതസ്ഥാനത്തായിരിക്കും. ഞാൻ സ്വർഗത്തിലെത്തിയാൽ അങ്ങയെ കാണാനാവില്ലെന്ന് ഞാൻ പേടിക്കുന്നു. ഇതെല്ലാം കേട്ട് നബി (സ്വ) മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെയാണ് മാലാഖ ജിബ്രീൽ (അ) ഒരു ഖുർആനിക സൂക്തവുമായി ഇറങ്ങിവരുന്നത്. സൂക്ത് ഇങ്ങനെ: അല്ലാഹുവിനെയും തിരുദൂതരെയും ആര് അനുസരിക്കുന്നുവോ അവർ അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാർ, സ്വിദ്ദീഖുകൾ, രക്തസാക്ഷികൾ, സദ്‌വൃത്തർ എന്നിവരോടൊപ്പമായിരിക്കും, എത്രയും മെച്ചപ്പെട്ട കൂട്ടുകാരേ്രത അവർ (സൂറത്തുന്നിസാഅ് 69).
അതാണ് പ്രവാചക സ്‌നേഹം. മുഹമ്മദ് നബി (സ്വ) മാനവികതയുടെ പ്രവാചകരാണ്, മനുഷ്യരാശിക്ക് ഒന്നടങ്കം മഹാനുഗ്രഹമാണ്. ആ സ്‌നേഹം നബി (സ്വ)യുടെ ജന്മദിന വേളയിൽ അലയടിച്ചുയർന്ന് സത്യവിശ്വാസികളുടെ മനതാരിൽ ഹർഷപുളകിതമാകണം, നാവുകൾ പ്രവാചക കീർത്തനങ്ങളാൽ വാചാലമാകണം. അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവരും കൂട്ടുകാരനുമാണ് പ്രവാചകർ (സ്വ). നബി (സ്വ) പറയുന്നുണ്ട്: അല്ലാഹു ഇബ്രാഹിം നബിയെ കൂട്ടുകാരനാക്കിയത് പോലെ എന്നെയും കൂട്ടുകാരനാക്കിയിട്ടുണ്ട് (ഹദീസ് മുസ്ലിം 532).
പ്രവാചക സ്‌നേഹം ഇസ്ലാം മതത്തിന്റെ ഭാഗമാണ്, സത്യവിശ്വാസത്തിന്റെ ഭാഗമാണ്. മാതാപിതാക്കൾ, സന്താനങ്ങൾ എന്നല്ല സകല ലോകരെക്കാളും എന്നെ ഇഷ്ടപ്പെടുന്നത് വരെ ഒരാളും പരിപൂർണ സത്യവിശ്വാസിയാകില്ലെന്നാണ് നബി (സ്വ) അറിയിച്ചിട്ടുള്ളത് (ഹദീസ് ബുഖാരി, മുസ്ലിം). ആ നബിയുടെ ശിപാർശയാണ് നമ്മുക്ക് അന്ത്യനാളിൽ അനുഗ്രഹമായി കിട്ടാനുള്ളത്. എല്ലാ നബിമാർക്കും ഉറപ്പായും ഉത്തരം കിട്ടുന്ന ഒരു പ്രാർത്ഥന അല്ലാഹു നൽകിയിട്ടുണ്ട്, എല്ലാവരും അത് പെട്ടെന്നു തന്നെ ഉപയോഗിച്ചു തീർത്തു. എന്നാൽ നബി (സ്വ) അത് അന്ത്യനാളിൽ തങ്ങളുടെ സമുദായത്തിനുള്ള ശിപാർശയായി എടുത്തുവെച്ചിരിക്കുകയാണ് (ഹദീസ് ബുഖാരി, മുസ്ലിം).
സംശുദ്ധമായ എല്ലാ സൽസ്വഭാവഗുണങ്ങളും നബി (സ്വ)യിൽ സമ്മേളിച്ചിട്ടുണ്ട്. അതാണ് ഖുർആൻ പ്രഖ്യാപിച്ചത് അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കൾ (സൂറത്തുൽ ഖലം 4). ഏവരോടും വിട്ടുവീഴ്ചയും സഹിഷ്ണുതയുമുള്ളവരായിരുന്നു. ഏറെ ഉദാരമതിയായിരുന്നു. ബന്ധം വിഛേദിച്ചവരോടും ബന്ധം ചേർക്കുന്നവരായിരുന്നു. അക്രമിച്ചവർക്ക് മാപ്പു നൽകിയിരുന്നു. വലിയവരെ ബഹുമാനിച്ചിരുന്നു. ചെറിയവരോട് വാത്സല്യം കാണിച്ചിരുന്നു. ആ സ്വഭാവങ്ങളൊക്കെയും നാമും ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് പ്രവാചക സ്‌നേഹം യാഥാർത്ഥ്യമാവുക. അല്ലാഹു പറയുന്നു: നിശ്ചയം അല്ലാഹുവിന്റെ ദൂതരിൽ നിങ്ങൾക്ക് അതായത് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവനെ ധാരാളം അനുസ്മരിക്കുകയും ചെയ്യുന്നവർക്ക് ഉദാത്ത മാതൃകയുണ്ട് (സൂറത്തു അഹ്‌സാബ് 21).
നബി (സ്വ)യുടെ കാല ശേഷം നന്നായി പ്രവാചക സ്‌നേഹം കാട്ടുകയും നബി ദർശനം കൊതിക്കുകയും ചെയ്യുന്ന ആൾക്കാരുണ്ടാവുമെന്ന് നബി (സ്വ) തങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് മുസ്ലിം 2832). സ്‌നേഹിച്ചവരൊടൊപ്പമായിരിക്കും സ്വർഗത്തിലുമെന്നും മറ്റൊരു ഹദീസുമുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നബി (സ്വ)യുടെ മേൽ സ്വലാത്തും സലാമും അധികരിപ്പിക്കുന്നതും ഏറെ പ്രതിഫലാർഹമായ പ്രവാചക സ്‌നേഹ പ്രകടനങ്ങളാണ്. ഉബയ്യ് ബ്‌നു കഅ്ബ് (റ) നബി (സ്വ)യോട് പറഞ്ഞു: തിരുദൂതരേ പ്രാർത്ഥനകളിൽ എത്രഭാഗം അങ്ങയുടെ മേൽ സ്വലാത്തായി ചൊല്ലണം? നബി (സ്വ) പറഞ്ഞു: താങ്കൾക്ക് ഇഷ്ടമുള്ളത്ര. വീണ്ടും ചോദിച്ചു: നാലിലൊന്ന് ഭാഗമാണോ? നബി (സ്വ) പറഞ്ഞു: താങ്കൾക്ക് ഇഷ്ടമുള്ളത്ര, അധികരിപ്പിച്ചാൽ അത്രയും നല്ലത്. അങ്ങനെ അദ്ദേഹം പറഞ്ഞു: ഞാൻ എന്റെ പ്രാർത്ഥനകളെല്ലാം സ്വലാത്താക്കുകയാണ്. അപ്പോൾ നബി (സ്വ) പറഞ്ഞു: എന്നാൽ താങ്കളുടെ ദുഖങ്ങൾക്ക് പരിഹാരമാവും, ദോഷങ്ങൾ പൊറുക്കപ്പെടും (ഹദീസ് തുർമുദി 2457).

