സകലതും അല്ലാഹുവിനെ വാഴ്ത്തുന്നുണ്ട്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 14/10/2022

വിഷയം: സുബ്ഹാനല്ലാഹ്

വിശുദ്ധ ഖുർആനിൽ സൂറത്തുറൂം 17, 18 സൂക്തങ്ങളിലായി അല്ലാഹു പറയുന്നുണ്ട്: 'പ്രഭാത പ്രദോഷങ്ങളിലും സായാഹ്ന മധ്യാഹ്നങ്ങളിലും നിങ്ങൾ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുക, ഭുവന വാനങ്ങളിലുള്ള സ്‌തോത്രങ്ങളത്രയും അവന്നുള്ളതാണ്'. ആവതോളം ഏതും സമയത്തും അല്ലാഹുവിന് തസ്ബീഹും ഹംദും ചൊല്ലാനുള്ള നിർദേശമാണ് പ്രസ്തുത ആയത്തുകൾ നൽകുന്നത്. തസ്ബീഹ് എന്നാൽ അല്ലാഹുവിനെ വാഴ്ത്തലും അവനിക്ക് യോജിക്കാത്ത കാര്യങ്ങളിൽ നിന്ന് പരിശുദ്ധനാക്കലുമാണ് (ഫത്ഹുൽ ബാരി, ഇബ്‌നു ഹജർ (റ) 11/206). 

പ്രദോഷത്തിൽ വെളിച്ചം ഇരുട്ടിന് വഴിമാറുന്നു, ചലനങ്ങൾ ശാന്തതയിലേക്ക് ഒളിക്കുന്നു. പ്രഭാതത്തിൽ പ്രകാശം വിടരുന്നു, ജീവനുകൾ തുടിക്കുന്നു, സജീവത പരക്കുന്നു. ഈ പ്രപഞ്ച പ്രതിഭാസങ്ങൾ പ്രകൃതാ ശൂന്യതയിൽ സംഭവിക്കുന്നതല്ല, സ്രഷ്ടാവായ അല്ലാഹു നിയന്ത്രിക്കുന്നതാണെന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാവുന്നതാണ്. സ്രഷ്ടാവ് ഒരുക്കിയ ഓരോ പ്രാപഞ്ചിക സംവിധാനങ്ങൾക്കും ബുദ്ധിയുള്ള സൃഷ്ടികളായ നാം അവനെ സദാ വാഴ്‌ത്തേണ്ടിയിരിക്കുന്നു. നാഥാ ഇതൊന്നും നീ വെറുതെ പടച്ചതല്ല, ഞങ്ങളിതാ നിന്റെ വിശുദ്ധി പ്രകീർത്തിക്കുന്നു എന്ന് സത്യവിശ്വാസി വാഴ്ത്തുമെന്ന് സൂറത്തു ആലുഇംറാൻ 191ാം സൂക്തത്തിലുണ്ട്. 

സകല ചരാചരങ്ങളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലി വാഴ്ത്തുന്നുണ്ട്. 'അവനെ സതുതിച്ചുകൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാൽ അവയുടെ പ്രകീർത്തനം നിങ്ങൾക്കു മനസ്സിലാവില്ല. അവൻ സഹിഷ്ണുവും ഏറെ പൊറുക്കുന്നവനുമത്രേ' (സൂറത്തു ഇസ്‌റാഅ് 44). മണ്ണിലും വിണ്ണിലും പലതും, മാത്രമല്ല ഭീമാകാരങ്ങളായ മലനിരകൾ പോലും അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്നുണ്ട്. ഖുർആനിൽ ദാവൂദ് നബി (അ)യെ ക്കുറിച്ച് പറയുന്നു: പ്രഭാത പ്രദോഷങ്ങളിൽ പ്രകീർത്തനം നടത്തുംവിധം പർവതങ്ങളെയും സംഘടിത പക്ഷികളെയും തനിക്കു നാം കീഴ്‌പ്പെടുത്തി (സൂറത്തു സ്വാദ് 22). ഭുവന വാനങ്ങളിലുള്ളവരും ചിറകുവിടർത്തിപ്പിടിച്ചുകൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നത് താങ്കൾ കാണുന്നില്ലേ,  എല്ലാവർക്കും അവരവരുടെ പ്രാർത്ഥനയും പ്രകീർത്തനവും നന്നായറിയാം (സൂറത്തുന്നൂർ 41). 

അല്ലാഹു തന്നെ നമ്മുടെ നബി (സ്വ)യോട് രാവും പകലും തസ്ബീഹ് ചൊല്ലാൻ നിർദേശിച്ചിട്ടുണ്ട് : സൂര്യൻ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പും ദിനരാത്രങ്ങളുടെ ചില മുഹൂർത്തങ്ങളിലും നാഥനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക, എങ്കിൽ താങ്കൾക്കു ദൈവിക സംതൃപ്തി ലഭിചേക്കും (സൂറത്തു ത്വാഹാ 130). നബി (സ്വ) തസ്ബീഹും ഹംദും ധാരാളമായി ചൊല്ലുമായിരുന്നു (ഹദീസ് മുസ്ലിം 484). അല്ലാഹു സത്യവിശ്വാസികളോടും തസ്ബീഹ് ചൊല്ലി വാഴ്ത്താൻ കൽപ്പിക്കുന്നുണ്ട്: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി അനുസ്മരിക്കുകയും പ്രഭാത പ്രദോഷങ്ങളിൽ അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുക (സൂറത്തുൽ അഹ്‌സാബ് 41, 42).

തസ്ബീഹ് അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട വാക്യങ്ങളാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട വാക്യങ്ങളേതെന്ന് ചോദിച്ച അബൂദറിൽ ഗിഫാറി (റ)യോട് നബി (സ്വ) പറഞ്ഞു: അവ അല്ലാഹു മലക്കുകൾക്കായി തെരഞ്ഞെടുത്ത വാക്യങ്ങളാണ് 'സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹി വബിഹംദിഹി' എന്ന് മൂന്ന് പ്രാവശ്യം താങ്കൾ ചൊല്ലണം (ഹദീസ് മുസ്ലിം 2731, അഹ്‌മദ് 21529). തസ്ബീഹ് ചൊല്ലിയാൽ നന്മകൾ അധികരിക്കുകയും പാരത്രിക സ്ഥാനങ്ങൾ ഉയരുകയും ചെയ്യും. ഒരാൾ രാവിലെും വൈകുന്നേരവും സുബ്ഹാനല്ലാഹ് വബിഹംദിഹി നൂറു പ്രാവശ്യം ചൊല്ലിയാൽ അന്ത്യനാളിൽ അതിനെ കവച്ചുവെക്കാൻ അതോ അതിൽ കൂടുതൽ ചൊല്ലിയതോ മാത്രമേയുള്ളൂവെന്നാണ് നബി (സ്വ) പറഞ്ഞത് (ഹദീസ് മുസ്ലിം 2692). തസ്ബീഹ് കാരണത്താൽ പ്രയാസങ്ങളും ആവലാതികളും മാറിക്കിട്ടുകയും ചെയ്യുമത്രേ. തസ്ബീഹ് ചൊല്ലിയത് കൊണ്ടാണ് യൂനുസ് നബി (അ) തിമിംഗലത്തിന്റെ ഉള്ളിൽ നിന്ന് രക്ഷപ്പെട്ടത്. യൂനുസ് നബി (അ) യെപ്പറ്റി അല്ലാഹു പറഞ്ഞിട്ടുണ്ട്: അല്ലാഹുവിന്റെ മഹത്വപ്രകീർത്തകരിലുൾപ്പെട്ടിരുന്നില്ലെങ്കിൽ പുനരുത്ഥാന നാൾ വരെ താൻ അതിന്റെ വയറ്റിൽ തന്നെ കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നു (സൂറത്തു സ്വാഫ്ഫാത്ത് 143, 144).

back to top