യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/11/2023
നാടിന്റെ ശാന്തിയും സമാധാനവുമാണ് സുസ്ഥിരതക്കുള്ള പ്രധാനം ഘടകം.
ആ അനുഗ്രഹപൂർണമായ നിർഭയത്വത്തിൽ നാടിലെ മനുഷ്യരും മൃഗങ്ങളും പറവകളും മരങ്ങളുമെല്ലാം സമാധാനമായി ജീവിക്കും.
ഇബ്രാഹിം നബി (അ) മക്കാ ദേശത്തെ കുടുംബക്കാർക്കുള്ള നാടാക്കാൻ തീരുമാനിച്ചപ്പോൾ അല്ലാഹുവിനോട് ഈ നാടിനെ പൂർണ സുരക്ഷിതമാക്കണേ എന്നാണ് പ്രാർത്ഥിച്ചത് (സൂറത്തുൽ ബഖറ 126). നമ്മുടെ നബി (സ്വ) നിവസിക്കുന്ന മദീനാ പ്രദേശത്തിന്റെ സംരക്ഷണത്തിന് അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്. അല്ലാഹുവേ ഇബ്രാഹിം നബി മക്കയെ സുരക്ഷിത ദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്, ഞാൻ അതിന്റെ ഇരു അറ്റങ്ങൾക്കും ഇടയിലുള്ളതിനെ സുരക്ഷിതമായി പ്രഖ്യാപിക്കുകയാണ് (ഹദീസ് ബുഖാരി, മുസ്ലിം).
മദീനയുടെ സംരക്ഷണ വലയത്തെപ്പറ്റി അബൂഹുറൈറ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്, അവിടങ്ങളിൽ മാനുകളെ കണ്ടാൽ ഭയപ്പെടുത്തുമായിരുന്നില്ല, മദീനക്ക് ചുറ്റും പന്ത്രണ്ട് മൈൽ നബി (സ്വ) സുരക്ഷിത ദേശമാക്കിട്ടുണ്ടത്രെ (ഹദീസ് 1372). അവിടെ ഏവർക്കും അവരുടെ ശരീരത്തിനും സ്വത്തിനും അഭിമാനത്തിനുമെല്ലാം പൂർണമായും സംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. അതേപ്പറ്റി ഖുർആൻ വിവരിച്ചുിട്ടുണ്ട്: തങ്ങളുടെ വിശപ്പിന് ഭക്ഷണവും ഭയത്തിന് പകരം ശാന്തിയും നൽകിയവനെ അവർ ആരാധിച്ചുകൊള്ളട്ടെ (സൂറത്തു ഖുറൈശ് 3,4).
നാടിന്റെ വികസനത്തിനും സംരക്ഷണത്തിനുമായുള്ള നിലപാടും ഇടപെടലും പ്രവാചന്മാരുടെ പാതയാണ്.
'നാഥാ ഈ നാടിനെ നിർഭയമാക്കുകയും ഇന്നാട്ടുകാരായ വിശ്വാസികൾക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ' എാണ് ഇബ്രാഹിം നബി (അ) മക്കാ പട്ടണത്തിന് വേണ്ടി പ്രാർത്ഥിച്ചത് (സൂറത്തുൽ ബഖറ 126).
മദീനയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി നബി (സ്വ) പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു: അല്ലാഹുവേ, ഇബ്രാഹിം നബി (അ) മക്കയെ പരിശുദ്ധമാക്കി. മദീനയെ ഞാനും. അല്ലാഹുവേ ഞങ്ങളുടെ മദീനയിൽ നീ പുണ്യം ചെയ്യേണേ. ഞങ്ങളുടെ ഭക്ഷ്യ സാധനങ്ങളിലും വാണിജ്യ വ്യവഹാരങ്ങളിലും പുണ്യം നൽകണേ. ഞങ്ങൾക്ക് നീ ഇര'ികളായി പുണ്യങ്ങൾ വർദ്ധിപ്പിച്ചു തരണേ (ഹദീസ് മുസ്ലിം 1373).

