യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 03/05/2024
ഓരോർത്തർക്കും അവർ വസിക്കുന്ന മണ്ണും വിണ്ണുമുള്ള നാട് ആത്മബന്ധമുള്ളതായിരിക്കും. വിശ്വാസവും സംസ്‌ക്കാരവും സമ്പത്തും അഭിമാനവുമെല്ലാം നാടെന്ന അഭയകേന്ദ്രത്തിലാണ് നിലക്കൊള്ളുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും സ്വന്തം നാടുമായി ബന്ധിതമായിരിക്കും. അതുകൊണ്ടുതന്നെ ആ നാടിനോടുള്ള സ്‌നേഹവും കൂറുമെല്ലാം അന്തർലീനവുമായിരിക്കും. അല്ലാഹു ഖുർആൻ സൂറത്തുറൂം 30ാം സൂക്തത്തിൽ പറഞ്ഞ പ്രകാരമുള്ള സൃഷ്ടിപ്പാലുള്ള ശുദ്ധപ്രകൃതമാണ് നാടുമായുള്ള ബന്ധം.
ചരിത്രത്തിൽ മഹാന്മാരെല്ലാം സ്വന്തം നാടുമായി ആത്മബന്ധം സൂക്ഷിക്കുന്നവരായിരുന്നുവെന്ന് കാണാം.
ദേശസ്‌നേഹത്തിന്റെ മഹിത മാതൃകകളാണ് പ്രവാചകന്മാർ കാണിച്ചിരിക്കുന്നത്.
'നാഥാ ഈ നാടിനെ നിർഭയമാക്കുകയും ഇന്നാട്ടുകാരായ വിശ്വാസികൾക്ക് കായ്കനികൾ ആഹാരമായി നൽകുകയും ചെയ്യേണമേ' എന്നാണ് ഇബ്രാഹിം നബി (അ) മക്കാ ദേശത്തിന് വേണ്ടി പ്രാർത്ഥിച്ചത് (ഖുർആൻ, സൂറത്തുൽ ബഖറ 126).
ദേശസ്‌നേഹത്തിന്റെ കാര്യത്തിൽ പ്രവാചകർ മുഹമ്മദ് നബി (സ്വ) കാണിച്ചുതന്ന മാതൃക ചരിത്രപരമാണ്. നബി (സ്വ) മക്കാ ദേശത്തോട് 'നീ ഏറ്റവും പരിശുദ്ധ ദേശമാണ്, നീ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതുമാണ്' എന്ന് അഭിസംബോധനം ചെയ്ത് പറയുമായിരുന്നു. നബി (സ്വ) യാത്ര പോയാൽ നാടായ മദീനയിലെത്താൻ വെമ്പൽ കൊള്ളുമായിരുന്നു (ഹദീസ് ബുഖാരി 1802).
നാട് എന്നാൽ തലമുറകളിലൂടെ നമ്മളിൽ ഏൽപ്പിക്കപ്പെട്ട സൂക്ഷിപ്പു സ്വത്താണ്. അതിലെ മണ്ണും വായും വെളിച്ചവും വസ്തുവകകളെല്ലാം പരിപാലിക്കേണ്ടത് നാമോരോർത്തരുടെയും ബാധ്യതയാണ്. നാടിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌ക്കാരിക സാങ്കേതിക ഉന്നമനത്തിന് ഓരോ പൗരനും മനസ്സുവെക്കണം. ഉൽപാദന ക്ഷമതക്കും സുസ്ഥിര വികസനത്തിനും നാടിനായി ഉറക്കമൊഴിച്ച് പ്രയത്‌നിക്കണം. പ്രതിബന്ധങ്ങൾ പോരായ്മകളും വീഴ്ചകളുമില്ലാത്തവിധം പ്രതിരോധിക്കണം. നാടിന്റെ സൂക്ഷിപ്പു ചുമതല വരും തലമുറക്ക് കൈമാറണം. അതാണ് നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്വം. ഏൽപ്പിക്കപ്പെട്ട കാര്യം ഭംഗിയായി നിറവേറ്റാനാണല്ലൊ അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തുൽ ബഖറ 283).
ഓരോത്തരും ഓരോ രീതിയിൽ ദേശത്തോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കണം.
വിദ്യാർത്ഥി നന്നായി പഠിച്ച് നാടിനും നാട്ടാർക്കും നന്മകൾ വരുത്തണം. നന്നായി പ്രവർത്തിക്കണം. ജ്ഞാനവർദ്ധവിനായി പ്രാർത്ഥിക്കണം. വിജ്ഞാനികളായ സത്യവിശ്വാസികളുടെ സ്ഥാനമാനങ്ങൾ അല്ലാഹു ഉയർത്തുന്നതുമായിരിക്കും (സൂറത്തുൽ മുജാദില 11).
ഉദ്യോഗസ്ഥനും തൊഴിലാളിയും അവരവരുടെ ജോലിയുത്തരവാദിത്വങ്ങളും യഥാവിധി നിർവ്വഹിച്ച് നാടിന്റെ സുസ്ഥിരക്ക് ആക്കം കൂട്ടണം. അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്ന് ഹദീസിൽ കാണാം (മുഅ്ജമുൽ ഔസത്വ് ത്വബ്‌റാനി 897).
സാമൂഹ്യദ്രോഹം ചെയ്തവന് അല്ലാഹു അതിന്റെ ശിക്ഷ നൽകുക തന്നെ ചെയ്യും. ദ്രോഹം ചെയ്തവന് അല്ലാഹുവും ദ്രോഹം ചെയ്യും (ഹദീസ് അബൂദാവൂദ് 3635, തുർമുദി 1940, ഇബ്‌നുമാജ 2343).
നാടിനായി പലതലത്തിൽ പ്രതിരോധിക്കണം. ഓരോത്തരും ഓരോ നിലക്കും നാടിനായി പ്രതിരോധം തീർക്കണം.
നാടിന്റെ മേന്മയിൽ അഭിമാനപുളകിതമാവണം. നാടിന്റെ ശാന്തിക്കും സമാധാനത്തിനും സുസ്ഥിരതക്കുമായി പ്രാർത്ഥിക്കണം, പ്രവർത്തിക്കണം.
പരസ്പരം നല്ല രീതിയിൽ പെരുമാറണം. വാക്കിലും പ്രവർത്തിയിലുമെല്ലാം സത്യസന്ധത പുലർത്തണം. ജീവിതത്തിലുടനീളം സുതാര്യത നിലനിർത്തണം. സഹിഷ്ണുത ജീവിതശീലമാക്കണം. ഉത്തമ സ്വഭാവകൾ പുലർത്തണം. സ്വഭാവശ്രേഷ്ഠരാണ് ഉത്തമരെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). നാടിന്റെ കീർത്തിയും ഖ്യാതിയും കോട്ടം തട്ടാതെ നിലനിർത്തണം.
സ്വദേശവാസത്തിലാണെങ്കിലും പ്രവാസത്തിലാണെങ്കിലും സ്വന്തം നാടിന്റെ സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കണം. നാടിന് നല്ലത് മാത്രം വരുത്തണം. സാമൂഹ്യമായും ചിന്താപരമായും എന്നല്ല ഏതുവിധേയനെയും നാടിനായി പ്രതിരോധം തീർക്കുന്നത് ഏറെ ശ്ലാഘനീയമാണ്.
നാടിന്റെ സുരക്ഷക്കായി ഉറക്കമൊഴിക്കലും ധനം വിനിയോഗിക്കലുമെല്ലാം ദേശസ്‌നേഹത്തിന്റെ മൂർത്തഭാവങ്ങളാണ്. നബി (സ്വ) പറയുന്നു: രണ്ടു കണ്ണുകളെ നരകത്തീ സ്പർശിക്കുകയില്ല. ഒന്ന് ദൈവഭയഭക്തിയാൽ കരഞ്ഞ കണ്ണ്, രണ്ടാമത്തേത് ദൈവമാർഗത്തിൽ സംരക്ഷണമൊരുക്കി രാത്രിയിൽ ഉറക്കമൊഴിച്ച കണ്ണ് (ഹദീസ് തുർമുദി 1639).

