യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 31/05/2024
മനുഷ്യജീവിതത്തിന്റെ മൂലധനമാണ് ആയുസ്സ്. അതായത് പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരാശിക്ക് വരദാനമായി പ്രദാനം ചെയ്ത മഹാ അനുഗ്രഹമായ ആയുസ്സ് തന്നെയാണ് മാനുഷിക വ്യവഹാരങ്ങളുടെ ഏറ്റവും വലിയ മുതൽമുടക്ക്. പരിശുദ്ധ ഖുർആനിൽ അല്ലാഹു ആയുസ്സിനെ പരാമർശിച്ച് ശപഥം ചെയ്തതായി കാണാം. ആയുസ്സ് കഴിഞ്ഞുപോവുന്നതിന് മുമ്പായി ആ മുടക്കുമുതലിനെ ശരിയായി നിക്ഷേപിക്കാനാണ് പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ നിർദേശം. ഉമുർ എന്നാണ് ആയുസ്സിന്റെ അറബി വാക്ക്. ദീർഘകാലം ജീവിക്കുക, അധിവസിക്കുക, ജീവസ്സുറ്റതാവുക, നഗരവത്കരിതമാവുക എന്നൊക്കെ അർത്ഥമാക്കുന്ന അമറ എന്ന ക്രിയാപദത്തിൽ നിന്നുണ്ടായതാണ് ഉമുർ.
ആയുസ്സിന്റെ ദൈർഘ്യം പ്രകൃതി ആഗ്രഹിക്കുന്ന പ്രതിഭാസമാണ്. ആയുസ്സ് ദീർഘിക്കുന്നത് ജീവിതവിജയമാണെന്നാണ് പ്രവാചകാധ്യാപനം (ഹദീസ് അഹ്‌മദ് 14604). മാത്രമല്ല ഒരു സത്യവിശ്വാസിയുടെ ആയുസ്സ് നീളുമ്പോൾ അവനിലെ നന്മകളും വർദ്ധിക്കുന്നുവെന്ന മാതൃകാനുസാരമായ ആശയവും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ഹദീസ് മുസ്ലിം 2682). ഒരിക്കൽ അനസ് ബ്‌നു മാലികി (റ)ന്റെ മാതാവ് നബി (സ്വ)യോട് തന്റെ മകന് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയുണ്ടായി. അനസ് (റ) നബി (സ്വ)ക്ക് പ്രത്യേകം ഇഷ്ടമുള്ള അനുചരരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ നബി (സ്വ) ഇങ്ങനെ പ്രാർത്ഥിച്ചു: നാഥാ, നീ അനസിന് വർദ്ധിതമായ സന്താന ധന സൗഭാഗ്യങ്ങൾ നൽകണേ, ജീവിതായുസ്സ് നീട്ടിനൽകണേ, ദോഷങ്ങൾ പൊറുത്തുകൊടുക്കണേ (ഹദീസ് ബുഖാരി, മുസ്ലിം).
ആയുസ്സ് സുകൃതങ്ങൾ ചെയ്ത് നല്ലൊരു നിക്ഷേപമാക്കി മാറ്റൽ സത്യവിശ്വാസിയുടെ ബാധ്യതയാണ്. ഉത്തമർ ആരെന്ന് ചോദിച്ചയാളോട് ദീർഘായുസ്സോടെ സൽകൃത്യങ്ങൾ ചെയ്തവരെന്നാണ് നബി (സ്വ) മറുപടി നൽകിയത് (ഹദീസ് തുർമുദി 2330). കണ്ണുകളിലും കാതുകളിലും ശരീരത്തിലുമെല്ലാം ആയുരാരോഗ്യം നൽകി അനുഗ്രഹിക്കണേ എന്ന് നബി (സ്വ) പ്രാർത്ഥിക്കുമായിരുന്നു (ഹദീസ് തുർമുദി 3502).
ആയുർദൈർഘ്യത്തിന് പ്രധാനമായും വേണ്ടത് ആരോഗ്യസംരക്ഷണവും ആയുരാരോഗ്യ തൽപരതയുമാണ്. അല്ലാഹുവിനോട് ആരോഗ്യത്തിനായും വിടുതിക്കായും ചോദിക്കണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുർമുദി 3558). ശരീരാരോഗ്യം ഓരോർത്തരുടെയും സൂക്ഷിപ്പുബാധ്യതയാണ്. പരലോകത്തു വെച്ച് ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് ആരോഗ്യത്തെപ്പറ്റിയായിരിക്കും. നിന്റെ ശരീരത്തിന് നാം ആരോഗ്യം നൽകിയില്ലേ എന്ന് വിചാരണ ചെയ്യപ്പെടുമത്രെ (ഹദീസ് തുർമുദി 3358).
ആരോഗ്യമെന്ന അനുഗ്രഹം നിലനിർത്താനാവശ്യമായത് ചെയ്യേണ്ടിയിരിക്കുന്നു. പ്രഥമമായി വേണ്ടത് ആരോഗ്യത്തിന് ഹാനികരമാവുന്ന അന്നപാനീയങ്ങൾ വർജ്ജിച്ചുകൊണ്ട് പ്രതിരോധ കാര്യങ്ങൾ ചെയ്യലാണ്. കൂടാതെ നടത്തവും വ്യായാമവും പതിവാക്കണം. ഇടക്ക് വൈദ്യപരിശോധനകൾ നടത്തി മാരകരോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. ശരീരത്തോടൊപ്പം സാമൂഹികാരോഗ്യവും പരിരക്ഷിക്കണം. കുടുംബബന്ധങ്ങൾ നിലനിർത്തണം. ഏവരോടും നന്നായി വർത്തിക്കണം.
മാനസികാരോഗ്യവും പ്രധാനമാണ്. വിഷാദങ്ങളും സമ്മർദ്ദങ്ങളും മൂലം മനസ്സ് പിരിമുറുക്കുന്നത് ശരീരാരോഗ്യത്തെയും ബാധിക്കുന്നതാണ്. നബി (സ്വ) മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ശോകാവസ്ഥകളിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുമായിരുന്നു (ഹദീസ് ബുഖാരി 5109).

