ഇബാദും ഇബാദത്തും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 24/05/2024

ഇബാദത്ത് എന്നാൽ അനുസരണ, കീഴ്‌വണക്കം, കീഴ്‌പ്പെടൽ എന്നെല്ലാമാണ് അറബി ഭാഷാർത്ഥം. ഇസ്ലാമിക ചിട്ടവട്ടങ്ങളിലുള്ള സാങ്കേതികാർത്ഥത്തിൽ സ്രഷ്ടാവായ അല്ലാഹുവിന്റെ ഏകദൈവത്വമംഗീകരിച്ചുകൊണ്ട് ആരാധനാപൂർവ്വം അവന് കീഴൊതുങ്ങി അനുസരിക്കുന്നതാണ് ഇബാദത്ത്. വിശാലാർത്ഥതലങ്ങളുള്ള ഇബാദത്തിൽപ്പെടുന്നതാണ് ആരാധനാനുഷ്ഠാനങ്ങളും പ്രാർത്ഥനകളുമെല്ലാം. അടിമ, ദാസൻ എന്നൊക്കെ അർത്ഥമാക്കുന്ന അബ്ദ് ഇബാദത്തിന്റെ മൂലപദത്തിൽ നിന്ന് നിഷ്പന്നമായതാണ്. ഇബാദ് അബ്ദിന്റെ ബഹുവചനമാണ്. ഇബാദത്ത് ചെയ്യുന്നവന് ആബിദ് എന്ന് പറയപ്പെടുന്നു. 


അല്ലാഹുവിന് ഇബാദത്ത് ചെയ്യൽ സത്യവിശ്വാസികളായ ദൈവദാസരുടെ ബാധ്യതയാണ്. ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചും ദൈവകൃപ കാംക്ഷിച്ചും ആത്മാർത്ഥമായി ഇബാദത്ത് ചെയ്യുന്ന അടിമ അതിൽ ആനന്ദം കണ്ടെത്തുകയും ജീവിതവിജയം വരിക്കുകയും ചെയ്യുന്നു. മുൻഗാമികളെയടക്കം സകലരെയും സൃഷ്ടിച്ച അല്ലാഹുവിന് ആരാധാനകളർപ്പിച്ച് ഭയഭക്തിയുള്ളവരാകാൻ അല്ലാഹു തന്നെ ജനങ്ങളോട് കൽപ്പിക്കുന്നുണ്ട് (സൂറത്തുൽ ബഖറ 21). അങ്ങനെ ദൈവഭയഭക്തി കൈവരിച്ചവർക്ക് സ്വർഗം തന്നെയാണ് വാഗ്ദത്ത സമ്മാനം  (സൂറത്തു മർയം 63). 


സത്യവിശ്വാസികൾ അഞ്ചുനേരം നിർബന്ധപൂർവ്വം നിർവ്വഹിക്കുന്ന പഞ്ചനമസ്‌കാരങ്ങളിൽ നിർബന്ധമായി ഓതേണ്ടതാണല്ലൊ സൂറത്തുൽ ഫാതിഹ. ആ സൂറത്തിൽ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നു, അവനോട് സഹായം തേടുന്നു എന്ന പ്രാർത്ഥാ പരാമർശമുണ്ട്. സകലരും ഇതിന്റെ വരുതിയിൽപ്പെടുന്നതാണ്. ഭുവന വാനങ്ങളിലുള്ള ആരാണെങ്കിലും ഒരു ദാസൻ എന്ന നിലക്ക് അവന്റെ സന്നിധിയിൽ വരുന്നവർ മാത്രമാണ് (സൂറത്തു മർയം 93). സ്രഷ്ടാവിൽ നിന്ന് സൃഷ്ടികൾക്കുള്ള ആദരമാണിത്. അതിശ്രേഷ്ഠമായ ദൈവിക ബഹുമാനാദരവ് ലഭിച്ചിരിക്കുന്നത് നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ)ക്കാണ്. തന്റെ അടിമ മുഹമ്മദ് നബി (സ്വ) യെ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്‌സായിലേക്ക് ഒരു രാത്രിയിൽ സഞ്ചരിപ്പിച്ച അല്ലാഹുവിന്റെ പരിശുദ്ധി ഖുർആൻ സൂറത്തുൽ ഇസ്‌റാഅ് ഒന്നാം സൂക്തത്തിൽ തന്നെ വാഴ്ത്തപ്പെടുന്നുണ്ട്. 


പരിശുദ്ധ ഖുർആനിൽ അല്ലാഹു അടിമകളെ അഭിസംബോധനം ചെയ്ത് പറയുന്നത് കാണാം: സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നാശരാകരുത്. അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച (സൂറത്തുസ്സുമർ 53). 

ഇബാദത്തിനെ യഥാവിധി മനസ്സിലാക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തവർക്കേ അതിന്റെ മാധുര്യം നുണയാനാകുകയുള്ളൂ. അത്തരത്തിൽ വിജയിച്ചവരാണ് ശ്രേഷ്ഠ അടിമകളെന്നറിയപ്പെടുന്ന ഇബാദു റഹ്‌മാൻ. കാരുണ്യവാനായ അല്ലാഹുവിലേക്ക് ചേർത്തിപ്പറയപ്പെടുന്നവരാണവർ. അവരെപ്പറ്റി ഖുർആനിൽ കാണാം: കരുണാമയനായ അല്ലാഹുവിന്റെ ദാസന്മാർ വിനയാന്വിതരായി ഭൂമിയിൽ സഞ്ചരിക്കുന്നുവരാകുന്നു.. (സൂറത്തുൽ ഫുർഖാൻ 63). തുടർന്ന് അവരുടെ ആരാധനാനുഷ്ഠാനങ്ങളും സ്വഭാവമഹിമകളും വിശദീകരിക്കുന്നുണ്ട്. ഇബാദത്തിന്റെ ഗുണഫലങ്ങളാണവ. 


സ്രഷ്ടാവായ അല്ലാഹുവിന്റെ വിധിവിലക്കുകളെ മാനിക്കുകയും അവന്റെ തൃപ്തിയിൽ അവ നടപ്പിലാക്കുകയും സൃഷ്ടിജനങ്ങളോട് നന്നായി പെരുമാറുകയും ചെയ്യുക അടക്കം അല്ലാഹു ഇസ്ലാമിക വിധിവ്യവസ്ഥകളിൽ ഉൾപ്പെടുത്തിയ മുഴുവതിനെയും ഉൾക്കൊള്ളലും ഇബാദത്താണ്. അല്ലാഹു പറയുന്നുണ്ട്: ഉദാത്ത കർമ്മങ്ങളനുഷ്ഠിക്കാനും നമസ്‌കാരം മുറപോലെ നിർവ്വഹിക്കാനും സകാത്ത് കൊടുക്കാനും നാമവർക്ക് ദിവ്യസന്ദേശം നൽകി. നമ്മുക്ക് ഇബാദത്തുകൾ ചെയ്യുന്നവരായിരുന്നു അവർ (സൂറത്തുൽ അമ്പിയാഅ് 73). 


ഇബാദത്തിന്റെ നിർവചന വ്യാപ്തി അറ്റമില്ലാത്തതാണ്. കേവലം നമസ്‌കാരത്തിലോ വ്രതത്തിലോ സകാത്തിലോ ഹജ്ജിലോ ഒതുങ്ങുന്നതല്ല. മനുഷ്യജീവിതത്തിന്റെ സകല കർമ്മമണ്ഡലങ്ങളിലും ഇബാദത്ത് രൂപപ്പെടുന്നുണ്ട്. ചിന്താമണ്ഡലങ്ങളിൽ പോലും. അല്ലാഹുവിന്റെ സൃഷ്ടിദൃഷ്ടാന്തങ്ങളിൽ ചിന്തിക്കൽ ഇബാദത്താണ്. ഭൂമി നാം പ്രവിശാലമാക്കുകയും ദൃഢീകൃത പർവതങ്ങൾ അതിൽ സ്ഥാപിക്കുകയും വശ്യമായ സർവവിധ സസ്യലതാദി ജോടികളും മുളപ്പിക്കുകയും ചെയ്തു, സത്യത്തിലേക്ക് മടങ്ങുന്ന ഏതൊരടിമക്കും കണ്ടുഗ്രഹിക്കാനും ഓർക്കാനും വേണ്ടി (സൂറത്തു ഖാഫ് 7, 8). 


കുടുംബ പരിപാലനവും അവർക്ക് ചെലവുകൾ വഹിക്കലും ഇബാദത്താണ്. ആശ്രിതർക്കുള്ള ചെലവഴിക്കൽ പുണ്യകരമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് മുസ്ലിം 995). ജ്ഞാനാർജ്ജനം ഒരു ഇബാദത്താണ്. കാരണം വിജ്ഞാനം അർത്ഥിക്കുന്നവൻ ഇഹലോക ജീവിതം ധന്യമാക്കി പരലോകത്ത് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കുകയാണ് ചെയ്യുന്നത്. വിജ്ഞാന വഴിയിൽ പ്രവേശിച്ചവന് അല്ലാഹു സ്വർഗത്തിലേക്കുള്ള പാത അനായാസമാക്കിക്കൊടുക്കുമത്രെ (ഹദീസ് മുസ്ലിം 2699). ദേശ വേഷ ജാതി വർണ്ണ വിത്യാസങ്ങൾ പരിഗണിക്കാതെ ഏവരോടും സുകൃതത്തോടെ സഹവർത്തിക്കലും ഇബാദത്താണ്. ഉത്തമ സ്വഭാവമുള്ളവരാണ് നബി (സ്വ)ക്ക് ഏറെ ഇഷ്ടമുള്ളവരും അന്ത്യനാളിൽ തിരുസാമീപ്യം ലഭിക്കുന്നവരും (ഹദീസ് തുർമുദി 2018).


ദേശസ്‌നേഹവും ദേശത്തിന്റെ വികസനത്തിനായുള്ള പരിശ്രമങ്ങളും ഇബാദത്താണ്. കർത്തവ്യനിർവ്വഹണവും ഇബാദത്താണ്. അതെല്ലാം പടച്ചവന്റെ പ്രീതി ഇഛിച്ചുകൊണ്ടുള്ള കരുതലോടെയാവണമെന്ന് മാത്രം. ഒരിക്കൽ അനുചരരിൽപ്പെട്ട ഒരാൾ ചുറുചുറുക്കോടെ സജീവത കാണിക്കുന്നത് കണ്ട ബാക്കിയുള്ളവർ നബി (സ്വ)യോടായി പറഞ്ഞു: തിരുദൂതരേ, അയാളുടെ ഈ അധ്വാനങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ ആയിരുന്നെങ്കിലോ! അപ്പോൾ നബി (സ്വ) പറയുകയുണ്ടായി: അയാൾ അങ്ങനെ ഇറങ്ങിത്തിരിച്ചത് അയാളുടെ ചെറിയ മക്കൾക്ക് വേണ്ടിയാണെങ്കിൽ അത് അല്ലാഹുവിന്റെ മാർഗത്തിലുള്ളതാണ്, വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾക്ക് വേണ്ടിയാണെങ്കിലും അത് അല്ലാഹുവിന്റെ മാർഗത്തിലുള്ളതാണ്. എന്നല്ല അവന്റെ ചെയ്തികൾ സ്വന്തത്തെ തന്നെ പരിരക്ഷിക്കാൻ വേണ്ടിയാണെങ്കിൽ പോലും അവ അല്ലാഹുവിന്റെ മാർഗത്തിലുള്ള സത്ക്കർമ്മങ്ങളാണ് (ഹദീസ് ത്വബ്‌റാനി 282). ഏതിലും എവിടെയു ഇബാദത്തിന് അവസരങ്ങളുണ്ടെന്ന് സാരം, ജോലിയിൽ പോലും. വീഴ്ചകളില്ലാതെ ആത്മാർത്ഥമായി നിർവ്വഹിക്കുമ്പോഴാണ് എല്ലാം സാർത്ഥകമാവുന്നത്.


back to top