യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 17/05/2024
അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളായ അസ്മാഉൽ ഹുസ്‌നായിൽപ്പെട്ട ഒന്നാണ് റസ്സാഖ്. ഏവർക്കും നന്നായി റിസ്ഖ് നൽകുന്നവനെന്ന് അർത്ഥമാക്കുന്നു. അറബിഭാഷയിൽ റിസ്ഖ് എന്നാൽ ജീവനമാർഗം എന്നാർണത്ഥം. ജീവനവും ഉപജീവനും അതിജീവനമെല്ലാം അതിൽപ്പെടും. അല്ലാഹുവിൽ വിശ്വസിച്ച് വഴിപ്പെട്ടവരും അല്ലാത്തവരുമായ സകലർക്കും അവൻ റിസ്ഖ് നൽകുന്നുണ്ട്.
'നിശ്ചയമായും പ്രബലമായ ശക്തിയുള്ള അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവൻ' (സൂറത്തുൽ ദാരിയാത്ത് 58).
സസ്യങ്ങളും മൃഗങ്ങളും പക്ഷികളും എന്നല്ല എല്ലാ ജീവജാലങ്ങൾക്കും സമയാസമയം യോജ്യമായ അന്നപാനീയങ്ങൾ അവൻ എത്തിച്ചുകൊടുക്കുന്നുണ്ട്.
അന്നദാനബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല (സൂറത്തു ഹൂദ് 6).
എല്ലാ ജീവജന്തുജാലങ്ങളെയും സൃഷ്ടിച്ച അല്ലാഹു അവയുടെ ജീവനവും ഉപജീവനമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു (ഹദീസ് തുർമുദി 2143).
സൃഷ്ടികളുടെ മൊത്തം ഉപജീവനവും സൃഷ്ടാവായ അല്ലാഹു ഏറ്റെടുത്തതാണ്. കരയിലെയും കടലിലെയും ഇരുട്ടറകളിൽ വസിക്കുന്ന ജീവികൾക്ക് പോലും നാഥൻ സമയാസമയം ഉപജീവനത്തിനുള്ള വകകൾ എത്തിച്ചുക്കൊണ്ടിരിക്കുന്നു. അതെത്ര ചെറിയതും നിസാരവുമായ ജീവികളായിരുന്നാൽ പോലും. അതൊരിക്കലും അവൻ തെറ്റിക്കുകയില്ല. ഗർഭായങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കൾക്ക്് പോലും അന്നമെത്തിക്കാൻ അവൻ മറക്കില്ല.
ഒരോർത്തർക്കും അവരവരുടേതായ ഉപജീവനം സന്തുലിതമായി നീതിപൂർവ്വം അല്ലാഹു വിഹിതിച്ചു നൽകിട്ടുണ്ടാവും.
അല്ലാഹു പറയുന്നു: ഐഹിക ലോകത്ത് അവർക്കിടയിലെ ജീവിത മാർഗങ്ങൾ ഓഹരി ചെയ്തതും ചിലർ മറ്റു ചിലരെ ആശ്രിതരാക്കും വിധം ഒരു പക്ഷത്തെ മറ്റൊരു പക്ഷത്തെക്കാൾ പല പദവികളുയർത്തിയതും നാമാണ് (സൂറത്തുസ്സുഖ്‌റുഫ് 32).
ഓരോർത്തർക്കും അവർക്കനുയോജ്യമായത് അല്ലാഹു കനിവായി നൽകുന്നതാണ്, ചിലത് നൽകാതെ തടഞ്ഞുവെക്കുകയും ചെയ്യും. തന്റെ അടിമകളോട് കനിവാർന്നവനാണ് അല്ലാഹു, താനുദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു (സൂറത്തുശ്ശൂറാ 19). അല്ലാഹുവിന്റെ കരുണാമയമായ ഇടപെടലാണ് ചിലത് നൽകാതിരിക്കുന്നത്. അതിന്റെ രഹസ്യം അവന് മാത്രമേ അറിയുകയുള്ളൂ. മനുഷ്യന് അത് അറിഞ്ഞിരിന്നെങ്കിൽ അതിനപ്പുറം അവൻ തെരഞ്ഞെടുക്കുമായിരുന്നില്ല. ഓരോത്തർക്കും അല്ലാഹു നിശ്ചയിച്ച ഉപജീവന വിഹിതങ്ങൾ ലഭിച്ചിരിക്കുമെന്ന് ഉറച്ച ബോധ്യമുള്ളവന് മനശ്ശാന്തിയും സ്വസ്ഥതയുമുണ്ടായിരിക്കും.
ഈ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നത് ദൈവികമായ താൽപര്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്.
കിട്ടിയ ഉപജീവനങ്ങളിൽ തൃപ്തനായി, അതിൽ നന്ദിയുള്ളവനായിക്കൊണ്ട് എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ച് ആരോടും അസൂയയും അക്രമവും കൂടാതെ വിഹിതങ്ങൾ വർദ്ധിക്കാൻ കഠിനാധ്വാനം ചെയ്യലാണ് സത്യവിശ്വാസിക്ക് ഭൂഷണം.
ചിലരേക്കാൾ ചിലരെ അല്ലാഹു മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് അവൻ തന്നെ പ്രഖ്യാപിച്ചതാണ് (സൂറത്തു ന്നഹ്‌ല് 71).
നബി പറയുന്നു: ഒരാളും അയാളുടെ റിസ്ഖ് (നിശ്ചയിച്ച ഉപജീവനം) പൂർത്തിയാക്കുന്നത് വരെ മരിക്കുകയില്ല. അതെത്ര വൈകിയാലും ശരി. അതിനാൽ നിങ്ങൾ അല്ലാഹുവിനെ പേടിക്കുക. നല്ലനിലക്ക് ഉപജീവനം തേടുക. റിസ്ഖ് വൈകുന്നത് നിങ്ങൾക്ക് അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാൻ പ്രേരിതമാവരുത്. അല്ലാഹുവിൻെയടുക്കലുള്ളത് കിട്ടണമെങ്കിൽ അവനെ അനുസരിച്ചേ തീരൂ' (ഹദീസ് മുസ്വന്നഫു അബ്ദുൽ റസ്സാഖ് 20100)
ദൈവഭയഭക്തിയാണ് (തഖ്‌വ) ഉപജീവനം എളുപ്പമാവാനുള്ള പ്രഥമവും ശ്രേഷ്ഠവുമായ മാർഗം. തഖ്‌വ ഭക്ഷണവിശാലതക്കും ബർക്കത്തിനും കാരണമാവും. അല്ലാഹു തന്നെ പറയുന്നുണ്ട്: 'അല്ലാഹുവിനെ പേടിക്കുന്നവർക്ക് അവൻ ഒരു രക്ഷാമാർഗം ഏർപ്പെടുത്തിക്കൊടുക്കും. അവൻ വിചാരിക്കാത്ത വഴിയിലൂടെ അല്ലാഹു അവനിക്ക് ഭക്ഷണം നൽകുകയും ചെയ്യും' (സൂറത്തുൽ ത്വലാബ് 2,3).
റിസ്ഖ് എന്നത് കേവലം ഭക്ഷണവും സമ്പത്തും മാത്രമല്ല, അല്ലാഹു നൽകുന്നതെന്തും റിസ്ഖാണ്. സത്യവിശ്വാസവും വിശ്വാസദൃഢതയും ആരോഗ്യവും റിസ്ഖാണ്.
ഒരിക്കൽ താബിഉകളിൽപ്പെട്ട ഒരു പണ്ഡിതനോട് തന്റെ സാമ്പത്തിക ഞെരുക്കം പരാതിപ്പെട്ടുകൊണ്ട് ഒരാൾ നിരാശ അറിയിച്ചു. അദ്ദേഹം അയാളോട് ചോദിച്ചു: താങ്കൾ കാണുണ കണ്ണുകൾക്ക് പകരം ഒരു ലക്ഷം ദിർഹം നിങ്ങൾക്ക് നൽകിയാൽ സന്തോഷം പകരുമോ? അയാൾ മറുപടി പറഞ്ഞു: ഇല്ല. അദ്ദേഹം വീണ്ടും ചോദിച്ചു: എന്നാൽ താങ്കളുടെ രണ്ടു കൈകൾക്ക് ഒരു ലക്ഷം ദിർഹം നൽകുന്നത് താങ്കളെ സന്തോഷിപ്പിക്കുമോ? അയാൾ ഇല്ല. അങ്ങനെ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളെ ബോധ്യപ്പെടുത്തികൊടുത്ത ആ മഹാൻ അയാളോട് പറഞ്ഞു: ഞാൻ താങ്കളിൽ ലക്ഷോപലക്ഷം വിലമതിക്കുന്ന അനുഗ്രഹങ്ങൾ കാണുന്നു, എന്നിട്ടും ആവശ്യങ്ങൾക്കായി പരാതിപ്പെടുന്നു.
വിജ്ഞാനങ്ങൾ റിസ്ഖാണ്. നാടിന്റെ പുരോഗതിയും വികസനവും സാധ്യമാക്കുന്ന ശാസ്ത്രങ്ങളും റിസ്ഖാണ്.
സൽസ്വഭാവങ്ങളും റിസ്ഖാണ്. ഉപജീവനങ്ങളെ വിഹിതിച്ചു തന്നതു പോലെ തന്നെ അല്ലാഹു സ്വഭാവഗുണങ്ങളെയും വിഹിതിച്ചു നൽകിയിട്ടുണ്ടെന്നാണ് ഇബ്‌നു മസ്ഊദ് (റ) പറഞ്ഞിരിക്കുന്നത് (അദബുൽ മുഫ്‌റദ് 275).
വിവാഹവും സ്‌നേഹാർദ്രമായ ദാമ്പത്യജീവിതവും റിസ്ഖാണ്. അല്ലാഹു പറയുന്നു: അല്ലാഹു നിങ്ങൾക്ക് സ്വന്തത്തിൽ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കിത്തരികയും അവർ വഴി മക്കളെയും പേരമക്കളെയും സൃഷ്ടിക്കുകയും ഉദാത്തമായവയിൽ നിന്ന് റിസ്ഖ് തരികയുമുണ്ടായി (സൂറത്തുന്നഹ് ല് 72).
ബുദ്ധിയും സാമർത്ഥ്യവും വിജയവും ഉള്ളത് കൊണ്ട് തൃപ്തിയടയുന്നതുമെല്ലാം റിസ്ഖാണ്.
നല്ല ഭരണകൂടവും നിർഭയമായ നാടും ക്ഷേമപൂർണമായ ജീവിത സാഹചര്യവും റിസ്ഖാണ്.
ഓരോ ദിവസത്തെ അന്നവും നാട്ടിൽ നിർഭയത്വവും ശരീരത്തിൽ ആയുരാരോഗ്യവുമുള്ളയാൾ ഇഹലോക സൗഭാഗ്യങ്ങളൊക്കെയും നൽകപ്പെട്ടിരിക്കുന്നുവെന്നാണ് നബി (സ്വ) അരുൾ ചെയ്തത് (ഹദീസ് തുർമുദി 2346, ഇബ്‌നുമാജ 4141).
സൽഖ്യാതിയും സൽപ്പേരും പെരിമയും ജനസ്സമതിയും ജനകീയതയുമെല്ലാം റിസ്ഖിൽപ്പെടുന്നതാണ്.
ജോലിയും മനസ്സമാധാനവും...അങ്ങനെ എല്ലാം അല്ലാഹുവിൽ നിന്നുള്ള റിസ്ഖാണ്. എണ്ണിയാൽ ഒടുങ്ങാത്ത ദാനങ്ങളാണവ.
അല്ലാഹു ചെയ്തുത്തന്ന അനുഗ്രങ്ങൾക്ക് നന്ദി ചെയ്യലും അവനെ സ്തുതിക്കലും റിസ്ഖ് വർദ്ധിക്കാൻ കാരണമാവും: നിങ്ങൾ നന്ദി കാണിക്കുന്ന പക്ഷം നിശ്ചയമായും ഞാൻ അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കുന്നതും നന്ദികേട് കാണിച്ചാൽ എന്റെ ശിക്ഷ അതികഠിനം തന്നെയായിരിക്കുന്നതുമാണ് എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദർഭം (സൂറത്തു ഇബ്രാഹിം 7).
ഭൂമിയിയുടെ ഉപരിതലങ്ങളിൽ സഞ്ചരിക്കാനും അധ്വാനിക്കാനും അങ്ങനെ ഉപജീവന മാർഗങ്ങളിൽ നിന്ന് ആഹരിക്കാനാണ് അല്ലാഹു ആഹ്വാനം ചെയ്യുന്നത് (സൂറത്തുൽ മുൽക് 15)
ശുദ്ധമായ സമ്പാദ്യത്തിലൂടെ നേടിയ അനുവദനീയമായ ഭക്ഷ്യപാനീയ പദാർത്ഥങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നുമുണ്ട് : അല്ലാഹു തന്നതിൽ ഉത്തമമായത് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക, (സൂറത്തുൽ ബഖറ 57).
അതോടൊപ്പം റിസ്ഖിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും വേണം. 'നീ ഞങ്ങൾക്ക് ഉപജീവനങ്ങൾ നൽകണേ, നിശ്ചയം നീ ഉത്തമനായ അന്നദാതാവാണല്ലോ' എന്നാണ് ഈസാ നബി (അ) പ്രാർത്ഥിച്ചത് (സൂറത്തുൽ മാഇദ 114).

