യുഎഇ ജുമുഅ ഖുത്്ബ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 14/06/2024
ഇസ്ലാമിക പഞ്ചസ്തംഭങ്ങളായ ഇസ്ലാംകാര്യങ്ങളിലെ അവസാനത്തേതാണ് ഹജ്ജ്. ദുൽഹിജ്ജമാസത്തിൽ മാത്രമുള്ള സവിശേഷ ആരാധനാകർമ്മം, ഹജ്ജിന്റെ കാതലാണ് ദുൽഹിജ്ജ ഒമ്പതിലെ അറഫാ സംഗമം. റബ്ബിന്റെ വിളിയാളത്തിന് ഉത്തരം നൽകി വിശുദ്ധ ഭൂമികയിലെത്തിയ ലോകത്തിന്റെ അഖില ദിക്കുകളിൽ നിന്നുള്ള ഹജ്ജാജികൾ ഒരേ സമയം ഒരേ മനസ്സോടെ ഒരേയൊരു പടച്ചവന് വേണ്ടി അറഫാ മൈതാനിയിൽ ഒത്തൊരുമിക്കുന്ന അനർഘദിനം.
അറഫാദിനത്തെ അല്ലാഹു ബഹുമാനിക്കുകയും ശ്രേഷ്ഠമാക്കുകയും ചെയ്തിട്ടുണ്ട്. അറഫാദിനത്തെത്തൊട്ട് സത്യം ചെയ്തത് ഖുർആനിൽ കാണാം ''സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും തന്നെയാണ് സത്യം'' (സൂറത്തുൽ ബുറൂജ് 3)
സാക്ഷീകരിക്കപ്പെടുന്ന ദിവസം അറഫാദിനമാണെന്ന് നബി(സ്വ) പറഞ്ഞതായി ഹദീസിലുണ്ട് (തുർമുദി 3339).
ഈ സുദിനത്തിൽ അല്ലാഹു അടിമകൾക്ക് പ്രത്യേകം കാരുണ്യങ്ങൾ വർഷിക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും പ്രാർത്ഥനകൾ സ്വീകരിക്കുകയും ചെയ്യും.
മാത്രമല്ല സൽകർമ്മങ്ങൾക്ക് ഇരട്ടി പ്രതിഫലങ്ങൾ നൽപ്പെടുകയും സ്വർഗപ്രവേശം സാധ്യമാക്കുകയും ചെയ്യുന്നു. അറഫാ ദിനത്തിലാണ് ഏറ്റവും കൂടുതൽ പേർ നരകമോചിതരാവുന്നതെന്ന് നബി (സ്വ) തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട് (ഹദീസ് മുസ്ലിം 1348).
ഇസ്ലാമാണല്ലൊ സത്യവിശ്വാസിക്ക് ഏറ്റം കാരുണ്യപൂർണമായുള്ളത്. അന്നൊരു അറഫാ ദിനത്തിലാണ് പരിശുദ്ധ ഇസ്ലാം മതത്തിന്റെ പൂർത്തീകരണം അനുഗ്രഹമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതേപ്പറ്റി പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്: നിങ്ങൾക്കു ഇന്നു ഞാൻ നിങ്ങളുടെ മതം പൂർത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (സൂറത്തു മാഇദ 03). ഈ സൂക്തം അറഫാ ദിനമായ ആ വെള്ളിയാഴ്ച തന്നെ അവതരിച്ചതാണത്രെ (ത്വബ്‌റാനി, മുഅ്ജമുൽ കബീർ 19/392).
പശ്ചാത്താപവും ദിക്‌റുകളും പ്രാർത്ഥനകളും അധികരിപ്പിക്കേണ്ട ദിവസമാണ് അറഫാ ദിനം. ഈ ദിവസത്തിലെ ദിക്‌റുകൾക്കും പ്രാർത്ഥനകൾക്കും കൂടുതൽ ഫലങ്ങൾ വേഗത്തിൽ ലഭിക്കുന്നതാണ്. നബി (സ്വ) പറയുന്നു: പ്രാർത്ഥകളിൽ വെച്ച് ഏറ്റവും നല്ല പ്രാർത്ഥന അറഫാ ദിനത്തിലേതാണ്, ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും ഉദ്ധരിച്ചതിൽ വെച്ച് ഏറ്റവും നല്ല വാക്യങ്ങൾ 'ലാഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു, വഹുവൽ അലാ കുല്ലി ശൈഇൻ ഖദീർ' എന്നതാണ് (ഹദീസ് തുർമുദി 3585).
അറഫാ ദിനമെന്ന ഒരൊറ്റ ദിനത്തിന് രണ്ടുവർഷത്തിന്റെ ശൗര്യമുണ്ട്.
അതായത് അറഫാ ദിനത്തിലെ വിശിഷ്ടമായ ആരാധനയാണ് വ്രതാനുഷ്ഠാനം. ഹജ്ജ് ചെയ്യുന്നവർക്കൊഴികെ അറഫാ ദിനത്തിലെ വ്രതം ഏറെ പുണ്യകരമാണ്. അറഫാ ദിനത്തെ നോമ്പ് രണ്ടുവർഷത്തെ പാപദോഷങ്ങൾക്ക് പ്രായശ്ചിത്തമാണെന്ന് ഹദീസുകളിൽ കാണാം. അറഫാ ദിവസത്തിലെ വ്രതാനുഷ്ഠാം കഴിഞ്ഞ വർഷത്തെയും നിലവിലെ വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കുന്നതാണെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു (ഹദീസ് മുസ്ലിം 1162).
ഈ ദിവസത്തിലെ പശ്ചാത്താപം സ്വീകരിക്കപ്പെടാനുള്ള പ്രധാന നിദാനമായി കണക്കാക്കപ്പെടുന്നത് നാവും മറ്റു അവയവങ്ങളും തെറ്റുകളിൽപെടാതെ സൂക്ഷിക്കുന്നതാണ്. ഈ ദിവസത്തിൽ കണ്ണും കാതും നാവും നിയന്ത്രിച്ചവന് ദോഷങ്ങൾ പൊറുക്കപ്പെടുമെന്ന് നബി (സ്വ) അരിൾ ചെയ്തിട്ടുമുണ്ട് (ഹദീസ് അഹ്‌മദ് 3097).
പ്രവാചകന്മാരുടെ പിതാവായ ഇബ്രാഹിം നബി (അ) ചെയ്ത പരിശുദ്ധ ബലികർമ്മത്തിന്റെ പാതയിൽ നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ചര്യയാക്കി തന്ന മഹത് കർമ്മമാണ് ഉദ്ഹിയ്യത്ത് അറുക്കൽ. ബലി പെരുന്നാളിൽ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട സൽക്കർമ്മമാണത്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്ന പ്രതീകാത്മക കർമ്മവും അവന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദിപ്രകാശനവുമാണത്. അല്ലാഹു പറയുന്നു: അവയെ ഇങ്ങനെ കീഴ്‌പ്പെടുത്തിത്തിരിക്കുന്നത് നിങ്ങൾ കൃതജ്ഞത പ്രകാശിപ്പിക്കുന്നവരാകാൻ വേണ്ടിയത്രേ, അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തിച്ചേരുകയേ ചെയ്യില്ല. പ്രത്യുത നിങ്ങളുടെ സൂക്ഷ്മതയാണ് ദൈവസന്നിധി പ്രാപിക്കുക. അല്ലാഹു നേർവഴി കാട്ടിത്തന്നതിന്റെ പേരിൽ അവന്റെ മഹത്വപ്രകീർത്തനം നിർവഹിക്കേണ്ടതിനായി അപ്രകാരം അവ നിങ്ങൾക്കു വിധേയമാക്കിത്തന്നിരിക്കുകയാണ് (സൂറത്തുൽ ഹജ്ജ് 36, 37). അതിന്റെ മാംസങ്ങൾ കുടുംബക്കാർക്കും അയൽവാസികൾക്കും കൂട്ടുകാർക്കും പാവപ്പെട്ടവർക്കും നൽകി സ്‌നേഹോഷ്മളമാക്കണം ബലിപെരുന്നാളിനെ. ഭക്ഷണപാനീയങ്ങൾ സേവിച്ചും നൽകിയും ദൈവസ്മരണ നടത്തിയും സന്തോഷഭരിതമാക്കണം പെരുന്നാൾ വേളകളെ.

