യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 21/06/2024
വിശുദ്ധ ഖുർആനിൽ സൂറത്തുൽ ഇസ്‌റാഅ് 70ാം സൂക്തത്തിലൂടെ അല്ലാഹു ആദം സന്തതികളായ മനുഷ്യരെ ആദരിച്ചുവെന്ന് പ്രസ്താവിക്കുന്നുണ്ട്. പ്രധാന ആദരം ബുദ്ധി നൽകിയെന്നത് തന്നെയാണ്. ബുദ്ധിയെന്നത് മഹത്വമേറിയതും ഏറെ ഉപകാരങ്ങളുള്ളതുമായ അനുഗ്രഹമാണ്. ബുദ്ധിയാണ് നന്മ തിന്മകളെയും ഉപകാര ഉപദ്രവങ്ങളെയും വേർതിരിച്ച് യാഥാർത്ഥ്യം മനസ്സിലാക്കിത്തരുന്നത്. അല്ലാഹു പറയുന്നു: യാതൊന്നും അറിഞ്ഞുകൂടാത്തവരായി നിങ്ങളെ മാതാക്കളുടെ വയറ്റിൽ നിന്നു അല്ലാഹു ബഹിർഗമിപ്പിക്കുകയും കൃതജ്ഞരാകാനായി നിങ്ങൾക്കവൻ കേൾവിയും കാഴ്ചയും ഹൃദയവും (ബുദ്ധി) നൽകുകയുമുണ്ടായി (സൂറത്തു ന്നഹ്‌ല് 78). പ്രസ്തുത ആയത്തിലെ ഹൃദയം കൊണ്ടുദ്ദേശിക്കപ്പെടുന്നത് ബുദ്ധിയാണെന്ന് തഫ്‌സീറു ഇബ്‌നു കഥീറിൽ കാണാം (4/590)
ബുദ്ധിയെന്ന മഹാ അനുഗ്രഹത്തിന് അല്ലാഹുവിനോട് ഏറെ കടപ്പാടും നന്ദിയും കാട്ടേണ്ടിയിരിക്കുന്നു. ബുദ്ധിയെ അവൻ കൽപ്പിച്ച പ്രകാരം ഉപയോഗപ്പെടുത്തലാണ് അതിനുള്ള നന്ദി പ്രകടനം. ബുദ്ധിക്ക് ഭംഗം വരുത്തുംവിധം താൽക്കാലികമാണെങ്കിൽ പോലും മയക്കുകയോ അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാതിരിക്കലും ബാധ്യതയാണ്. അത്തരം കാര്യങ്ങളിൽപ്പെട്ടതാണ് ലഹരി ഉപയോഗം. ലഹരി മഹാ ഹാനിയാണ്. മനസ്സിനെയും ശരീരത്തെയും എന്നല്ല മനുഷ്യജീവിതത്തെ തന്നെ താറുമാറാക്കുന്ന കൊടുംകൃത്യമാണത്. ആത്മനാശത്തിലേക്ക് ചാടരുതെന്ന് അല്ലാഹു കൽപ്പിച്ചതാണ് (സൂറത്തുൽ ബഖറ 195).
മോശം കൂട്ടുകെട്ടുകളാണ് ലഹരിയുടെ കെണിവലകളിൽപ്പെടുത്തുന്നത്. ആദ്യമൊക്കെ ഒരു രസത്തിനോ രുചിയനുഭവത്തിനോ നുണയുന്നത് മാരകമായ ആസക്തിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. അങ്ങനെ ജീവിതമാകെ വിനാശത്തിലാകുന്ന അവസ്ഥയാണുണ്ടാകുന്നത്. അതുകൊണ്ടാണ് കുഴപ്പക്കരുടെ മാർഗം അനുധാവനം ചെയ്യരുതെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തുൽ അഅ്‌റാഫ് 142). ലഹരി എന്ന മാരകവിഷം സ്വസ്ഥ ജീവിതം, കുടുംബം, ആരോഗ്യം, സമ്പത്ത്, പ്രതിഛായ അങ്ങനെ എല്ലാം നശിപ്പിച്ചിരിക്കും. ചീത്ത സൗഹൃദമരുത്. ജാഗ്രത പാലിക്കുക.
വിനാശകാരികളും അധർമകാരികളുമായ ചീത്ത കൂട്ടുകാരെപ്പറ്റി അല്ലാഹു പറയുന്നുണ്ട്: സന്മാർഗം കണ്ടാൽ അവരത് സ്വീകരിക്കുകയില്ല, ദുർമാർഗം കണ്ടാലോ അതാണവർ വഴിയായി അംഗീകരിക്കുക (സൂറത്തുൽ അഅ്‌റാഫ് 146). സ്വേച്ഛാനുഗാമികളുടെ അഭിലാഷം നിങ്ങളുടെ ഗുരുതര മാർഗഭ്രംശമാകുന്നു (സൂറത്തുന്നിസാഅ് 27).
ലഹരിയോടുള്ള ആസക്തി നാടിനെ തന്നെ ആപത്തിലാക്കാൻ പാകത്തിലുള്ളതാണ്. അതിനാൽ ആ മഹാ വിപത്തിനെ ഉന്മൂലം ചെയ്യേണ്ടത് ഓരോർത്തർക്കും ബാധകമായ സാമൂഹിക ഉത്തരവാദിത്വമാണ്. ഏവരും ഓരോ കാര്യത്തിലും ഉത്തരവാദിത്വമുള്ളരാണെന്നാണല്ലൊ പ്രവാചകാധ്യാപനം (ഹദീസ് ബുഖാരി, മുസ്ലിം).
മക്കളെ പരിരക്ഷിക്കേണ്ടതിന്റെ പ്രഥമ ബാധ്യത മാതാപിതാക്കൾക്കാണ്. അവരോടൊപ്പം ഇരുന്നും സംസാരിച്ചും അവർ പറയുന്നത് ശ്രദ്ധിച്ചും ഉപദേശിച്ചും കാര്യങ്ങൾ മനസ്സിലാക്കണം. കാര്യങ്ങൾ തുടരെ അന്വേഷിക്കുകയും പെരുമാറ്റങ്ങൾ അറിയുകയും കൂട്ടുകാർ ആരൊക്കെയെന്ന് ധാരണയുണ്ടാവുകയും വേണം. ഉപകാരപ്രദമായതിൽ അവരെ വ്യാപൃതരാക്കണം. അല്ലെങ്കിൽ മക്കളെന്ന സൂക്ഷിപ്പുബാധ്യതയുടെ കാര്യത്തിൽ നാം അല്ലാഹുവിന്റെ വിചാരണക്ക് വിധേയരാകേണ്ടിവരും. ആശ്രിതരെ പരിരക്ഷിച്ചോ നാശത്തിലാക്കിയോയെന്ന് ചോദ്യം ചെയ്യപ്പെടുമത്രെ (ഇബ്‌നു ഹിബ്ബാൻ 5103).
അധ്യാപകരും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചൊലുത്തുകയും ലഹരികളുടെ അപകടങ്ങളെപ്പറ്റി ബോധവൽക്കരിക്കുകയും വേണം.

