വേനലവധിക്കാലം ഫലപ്രദമാക്കാം

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 28/06/2024

യുഎഇ രാഷ്ട്രത്തിലെ വിദ്യാലയങ്ങൾക്ക് വേനലവധിയാണല്ലൊ. നമ്മുടെ മക്കളുടെ നാനോന്മുഖങ്ങളായ ക്രിയാത്മക കാര്യങ്ങൾക്കായി ഈ അവധിവേളകളെ നാം ഉപയോഗപ്പെടുത്തണം. ഉപകാരപ്രദങ്ങളായ കാര്യങ്ങൾക്ക് ആവേശം കാട്ടണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത്  (ഹദീസ് മുസ്ലിം 2664). മാതാപിതാക്കളുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥികൾ അവധികാലങ്ങളെ പാഠ്യേതര മികവിനായി മുതലാക്കണം.


അതിനായി മാതാപിതാകൾ മക്കളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ച് അവധിക്കാല പരിപാടികളുടെ നല്ലൊരു രൂപരേഖ തയ്യാറാക്കണം. 

പ്രഥമമായി ചെയ്യേണ്ടത് മക്കൾക്ക് പരിശുദ്ധ ഖുർആനുമായി ബന്ധമുണ്ടാക്കിയെടുക്കലാണ്. അതിനായി രാജ്യത്തെ മതകാര്യ വകുപ്പിന് കീഴിലുള്ള അംഗീകൃത കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന പഠനക്യാമ്പുകളിൽ പങ്കെടുപ്പിക്കണം. ഖുർആൻ പഠിതാക്കളെപ്പറ്റി അവർ അല്ലാഹുവിന്റെ സ്വന്തം ആൾക്കാരെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 12292, ഇബ്‌നുമാജ 215). മക്കളെ അറബി ഭാഷാപഠനത്തിൽ തൽപരരാക്കണം. വ്യത്യസ്ത വിജ്ഞാനങ്ങളുടെ കടുപ്പമേറിയ വിഷയങ്ങളിൽ അവയുടെ പാരായണങ്ങൾ കേൾപ്പിച്ചാൽ ഏറെ ഉപകരിക്കും. സ്വഭാവ സംസ്‌ക്കരണത്തിന് ഉതകുന്ന കഥകൾ വായിപ്പിക്കുകയും വായിച്ചു കേൾപ്പിക്കുകയും കഥനം ചെയ്യുകയും വേണം. ആദ്യ ഖുർആനിക സൂക്തം തന്നെ വായിക്കാനുള്ള ആഹ്വാനമാണല്ലൊ. മക്കൾ സ്മാർട്ടുപകരണങ്ങളിലും ഗെയ്മുകളിലും ആസക്തരാവുന്നതേക്കാൾ എത്രയോ നല്ലതാണ് വായന. അനാവശ്യ കളിചിരികളിൽപ്പെട്ട് സമയം കളയുന്നേക്കാൾ ഏറെ ഉപകാരപ്രദവുമാണത്.

മക്കളുടെ നൈപുണ്യങ്ങളും കഴിവുകളും ഉത്തേജിപ്പിക്കണം. അതിനനുസരിച്ചുള്ള പഠനശിബിരങ്ങളിൽ ചേർക്കണം. ശാരീരിക ക്ഷമതക്കായി താൽപര്യമനുസരിച്ച് കായിക ഇനങ്ങളും പഠിപ്പിക്കണം. ജീവിതഘട്ടങ്ങളിലെ ഉത്തരവാദിത്വബോധം ഉണ്ടാവുംവിധം ബാധ്യതാബോധ്യം വളർത്തണം. എന്നാലാണ് അവർ ഭാവിവർത്തമാന കാര്യങ്ങൾ പോസിറ്റീവ് ചിന്തയോടെയും കാര്യഗൗരവത്തോടെയും കൈകാര്യം ചെയ്യാനുതകുന്നവരാകുക.


മക്കളെ കുടുംബിക കാര്യങ്ങളിൽ ഉൾപ്പെടുത്താനുള്ള അവസരമാണ് ഈ അവധിക്കാലം. രക്ഷിതാക്കൾ അവരോട് ഇടപഴകി ബന്ധം ഊഷ്മളമാക്കണം. സംഭാഷണങ്ങൾ നടത്തി അവരിലെ ചിന്തകൾ വായിച്ചറിയണം. അവരുടെ ബുദ്ധി എങ്ങോട്ടേക്കാണ് ചെരിയുന്നതെന്ന് മനസ്സിലാക്കണം. പോസിറ്റീവായ എല്ലാം സ്വഭാവങ്ങളും അവരിൽ വളർത്തിയെടുക്കണം. നബി (സ്വ) തങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പായി കുടുംബക്കാരോടൊപ്പം ഇരിക്കുമായിരുന്നെന്ന് ഹദീസുകളിൽ കാണാം (ബുഖാരി, മുസ്ലിം).


അവധിക്കാലം കുട്ടികളെ നിരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. അവരുടെ കൂട്ടുകെട്ടുകളെ ക്കുറിച്ച് ചോദിച്ചറിയാനും ചീത്ത സൗഹൃദങ്ങളുടെ ചതികൾ മനസ്സിലാക്കിക്കൊടുക്കാനുമാവും.

അധർമകാരി ചീത്ത കൂട്ടുകെട്ടുകളിൽപ്പെട്ട് വിലപിക്കുന്നത് സൂറത്തുൽ ഫുർഖാൻ 28ാം സൂക്തത്തിൽ ഉദ്ധരിക്കുന്നുണ്ട്. നമ്മുടെ മക്കൾ എന്നും കരുതിയിരിക്കണം, ചിലപ്പോൾ വിശ്വസ്തനായ ഉപദേശകന്റെ വേഷത്തിലായിരിക്കും തെമ്മാടി ചങ്ങാതി വന്ന് വലയിൽ വീഴ്ത്തുക. അവരിൽ നിന്ന് നിഷ്‌കളങ്കരായ മക്കൾക്ക് പ്രയാസവും ഉപദ്രവവും മാത്രമേ ഉണ്ടാവുകയുള്ളൂ.


back to top