ഹിജ്‌റ പകരുന്ന മൂല്യങ്ങൾ

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 05/07/2024


പ്രവാചകർ മുഹമ്മദ് നബി (സ്വ)യുടെ ഹിജ്‌റ കേവലം പലായനമല്ല. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ഒളിച്ചോട്ടവുമല്ല. മാനവ രാശിക്ക് ഹിജ്‌റാ സംഭവത്തിൽ നിന്ന് ധാരാളം പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. മാനുഷികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ പകരുന്നതാണ് ഹിജ്‌റ. ദൃഢമായ ദൈവ വിശ്വസം, വിശ്വാസ്യത, സഹിഷ്ണുത, സഹനം, ത്യാഗം എന്നിവ ഹിജ്‌റ സംഭവത്തിൽ നിന്ന് സ്പഷ്ടമായും ഗ്രഹിക്കാവുന്ന സ്വഭാവ ഗുണങ്ങളാണ്.


അക്രമോത്സുകരായി വന്ന ശത്രുപ്പടയിൽ നിന്ന് രക്ഷ തേടിയുള്ള പലായനത്തിന് അല്ലാഹു അനുമതി നൽകുകയായിരുന്നു. പരിത്യാഗ പൂർണമായ ആ പ്രയാണത്തിൽ കൂട്ടിന് ഉണ്ടായിരുന്നത് സന്തസഹചാരിയായ അബൂബക്കർ സിദ്ധീഖാ(റ)യിരുന്നു. ചരിത്രത്തിലെ അഭൂതപൂർവ്വവായ കൂട്ടുകെട്ടായിരുന്നു അത്. 

വിജയം വരിക്കാൻ തന്നെയായിരുന്നു ആ യാത്ര. അല്ലാഹുവുമായുള്ള സുദൃഢബന്ധം ശുഭപ്രതീക്ഷയോടെ അവരെ മുന്നോട്ടുനയിക്കുകയായിരുന്നു.

അഭയം പ്രാപിച്ചിടത്തിന് മുകളിലായി ശത്രുക്കളുടെ പാദങ്ങൾ കണ്ട് അവരുടെ ദൃശ്യയിൽ പെടുമോയെന്ന്് ആശങ്കപ്പെട്ട അബൂബക്കറി (റ)നോട് നബി (സ്വ) കൂടെ രക്ഷനായി മൂന്നാമനായി അല്ലാഹുവുണ്ടെന്ന് പറയുന്നുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). അചലഞ്ചമായ ദൈവ വിശ്വാസത്തിന്റെ മകുടോദാഹരണമാണത്. 

ദിവസങ്ങളോളം വേദനയാതനകൾ സഹിച്ച് മക്കയുടെ അതിർത്തി പ്രദേശത്തെത്തിയ നബി (സ്വ) ജന്മനാടിനോട് യാത്ര പറയാനെന്നോണം അഭിമുഖീകരിച്ച് പറയുകയുണ്ടായി: നിന്റെ ആൾക്കാർ എന്നെ പുറത്താക്കിയിരുന്നില്ലെങ്കിൽ ഞാനിങ്ങനെ പുറത്തുപോവുമായിരുന്നില്ല (ഹദീസ് തുർമുദി 3926, അഹ്‌മദ് 19230).

നബി (സ്വ) തങ്ങളുടെ ശരീരം മാത്രമായിരുന്നു മക്ക വിട്ടത്്. ഹൃദയം അവിടങ്ങളിലുണ്ടായിരുന്നു. ഇടക്കിടക്ക് മക്കയെ ഓർക്കുമായിരുന്നു. ശേഷം മക്കയിലേക്ക് വരികയും ചെയ്തിരുന്നല്ലൊ. ആ നാടിനോട് എന്നും  ആത്മബന്ധമുണ്ടായിരുന്നു. 

ഹിജ്‌റ എന്ന വാക്കിന്റെ അർത്ഥം തിരസ്‌ക്കാരമെന്നാണ്. അതായത്് തിന്മയുടെ തിരസ്‌ക്കാരവും നന്മയുടെ പുരസ്‌ക്കാരവുമാണ് ഹിജ്‌റ. അല്ലാഹു വിലങ്ങിയത് തിരസ്‌ക്കരിക്കലാണ് യഥാർത്ഥ ഹിജ്‌റ. മുഹാജിറെന്നാൽ അല്ലാഹു നിരോധിച്ചത് വെടിഞ്ഞവെന്നാണ് നബി (സ്വ) നിർവചിച്ചത്. യഥാർത്ഥത്തിൽ മദീനയിലേക്ക് ഹിജ്‌റ പോയവരും മദീനയിൽ അവരെ സ്വീകരിച്ചവരും അങ്ങനെയുള്ളവർ തന്നെയായിരുന്നു. നന്മയെ പുൽകുന്ന, തിന്മയെ വിലങ്ങുന്ന സ്വഭാവം ശ്രേഷ്്ഠ ഗുണമാണ്. സൂറത്തുൽ മുദ്ദസ്സിർ 5ാം സൂക്തത്തിൽ ബിംബസംസ്‌കാരത്തെ വർജിക്കണമെന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് ഹിജ്‌റ എന്നതിന്റെ ക്രിയരൂപത്തിലാണ്. മാത്രമല്ല നബി (സ്വ)യോട് ഏതു ഹിജ്‌റയാണ് ഏറ്റവുമുത്തമം എന്ന് ചോദിച്ചയാളോട് അല്ലാഹു വെറുത്തത് ത്യജിക്കലാണത് എന്നാണ് മറുപടി നൽകിയത് (ഹദീസ് നസാഈ 4165). ത്യജിക്കലിന് ഹിജ്‌റയുടെ പദഭേദം തന്നെയാണ് നബി (സ്വ) പ്രയോഗിച്ചത്.



back to top