വിവാഹവേളകളിൽ ധൂർത്തരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 12.07.2024

പവിത്രവും മാംഗല്യപൂർണവുമായ ദാമ്പത്യബന്ധത്തിന്റെ ഉടമ്പടിയാണ് വിവാഹം. പരസ്പരം സമാധാന ജീവിതമാസ്വദിക്കാനും സ്‌നേഹാർദ്രമായും കരുണമയമായും കഴിഞ്ഞുകൂടാനും മനുഷ്യരിൽ നിന്ന് ആണിനെയും പെണിനെയും അല്ലാഹു ഇണകളാക്കിയ ദൃഷ്ടാന്തം വിശുദ്ധ ഖുർആൻ സൂറത്തു റൂം 21ാം സൂക്തത്തിലൂടെ വിവരിക്കുന്നുണ്ട്. അതായത് സന്തുഷ്ടവും സ്വസ്്ഥവുമായ കുടുംബജീവിതമാണ് വൈവാഹികത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആ ലക്ഷ്യപ്രാപ്തിക്കായി പ്രഥമമായി വേണ്ടത് കല്യാണ പരിപാടികളിലെ മിതവ്യയവും ചെവലു ലഘൂകരണവുമാണ്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല (സൂറത്തുൽ അഅ്‌റാഫ് 31). മഹ്‌റെന്ന വിവാഹമൂല്യമടക്കമുള്ള ചെലവുകളിൽ എളുപ്പം വരുത്തുന്നവളാണ് സ്ത്രീകളിൽ പുണ്യവതിയെന്ന് ഹദീസിൽ കാണാം (മുസ്തദ്‌റഖ് 2732). 

കല്യാണ ചെലവുകൾ മിതമാക്കണം. താങ്ങാവുന്നതിനപ്പുറം ചെലവഴിച്ച് മറ്റുള്ളവർക്ക് പ്രൗഢി കാണിച്ചുകൊടുക്കേണ്ടതില്ല. ചെലവഴിക്കുന്നതിന്റെ കാര്യത്തിൽ നാം പ്രവാചക പാത പിന്തുടരണം. മിതവും സന്തുലിതവുമായിരുന്നു പ്രവാചക ജീവിതത്തിലെ ഓരോ വേളകളും. ഭീമമായ തുകകൾ ചെലവഴിച്ച് അതികേമമായി വിവാഹപാർട്ടികൾ സംഘടിപ്പിക്കുന്ന വേളികളുടെ പരിണിതികൾ പലതും പരിതാപകരമാണ്. ഇങ്ങനെ സാമ്പത്തിക കാരണത്താൽ മാനസിക സമ്മർദ്ദങ്ങളിലകപ്പെട്ട് ദാമ്പത്യപരാജയം വരെ ഉണ്ടാവുന്നുണ്ട്. കല്യാണവേളകളിലെ ചില മണിക്കൂറുകൾക്ക് വേണ്ടിയുള്ള ചെലവുകൾ വർഷങ്ങളോളമുള്ള കടബാധ്യതയിലേക്ക് എത്തിക്കുന്നതാവരുത്. യുക്തിയോടെ ബുദ്ധപരമായി ചെലവുകൾ നടത്തണം.

കല്യാണത്തിലെ ആർഭാടമാണ് വധുവിനുള്ള ആദരവെന്ന് കരുതരുത്. ജീവിതകാലം മുഴുവനും അവളോട് നന്നായി പെരുമാറലും സന്തോഷത്തോടെ സഹവസിക്കലുമാണ് അവളോട് കാട്ടുന്ന ആദവുകൾ. അവരോട് ഉദാത്തരീതിയിൽ വർത്തിക്കാനാണ് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് (സൂറത്തുന്നിസാഅ് 19). വിവാഹാനുബന്ധ ചെവലുകൾ കൂടുന്നത് അവളുടെയോ അവന്റെയോ കുടുംബക്കാരുടെയോ സ്ഥാനമോ മാനമോ കൂട്ടുന്നില്ല. നേരെമറിച്ച്, ചെലവുകൾ മിതമാക്കുന്നതും ലഘൂകരിക്കുന്നതും ശുഭലക്ഷണമാണ് നൽകുന്നത്. വിവാഹാലോചനാ കാര്യങ്ങളിലും വിവാഹമൂല്യത്തിലും അയവും എളിമയും കാണിക്കുന്നത് സ്ത്രീയുടെ സൗഭാഗ്യലക്ഷണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അഹ്‌മദ് 24478). 

കല്യാണാനുബന്ധ പരിപാടികളിൽ ധൂർത്തടിക്കരുത്. മത ചിട്ടകൾക്കും നാടിന്റെ പാരമ്പര്യ നടപ്പുകൾക്കും അനുസരിച്ച് ചെലവുകൾ മിതവായി ക്രമീകരിക്കണം. ആർഭാടമോ അമിതവ്യയമോ പൊങ്ങച്ചമോ ഇല്ലാതെ നമ്മുക്ക് ഓരോ വേളികളെയും സന്തോഷവേളകളാക്കിമാറ്റാം. സൂറത്തുൽ ഫുർഖാൻ 67ാം സൂക്തത്തിൽ അല്ലാഹു പ്രസ്താവിച്ച പ്രകാരം ധനം ചെലവഴിക്കുമ്പോൾ അമിതവ്യയമോ ലുബ്‌ധോ കാണിക്കാതെ മിതത്വം പാലിക്കുന്നവരാകാം.



back to top