യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 19/07/2024
വിജ്ഞാനസദസ്സുകൾ വിദ്യാലയങ്ങളാണ്, അതായത് ജീവിതപാഠങ്ങൾ പഠിപ്പിക്കപ്പെടുന്ന പാഠശാലകളാണ് ഓരോ വിജ്ഞാനകൂട്ടായ്മകളും. അതിൽ ചെറിയവരും മുതിർന്നവരും കുടുംബക്കാരും എന്നല്ല സമൂഹത്തിലെ പല നിലക്കുള്ളവരും പങ്കെടുക്കും. ഇത്തരം കൂട്ടായ്മകൾ വഴിയാണ് നാം കൂടിക്കാഴ്ചയുടെയും കൂടിയാലോചനയുടെയും മൂല്യങ്ങൾ മനസ്സിലാക്കുക.
വിജ്ഞാനകൂട്ടായ്മകൾക്ക് നാം ജീവിതത്തിൽ പ്രാധാന്യം കൊടുക്കണം. ഉത്തമ സ്വഭാവങ്ങളും ശ്രേഷ്ഠ സംസ്‌കാരങ്ങളും പഠിക്കാനും ജീവിതത്തിൽ പകർത്താനുമുള്ള അനുഗ്രഹാവസരമാണ് അവ.
ഒത്തുകൂടലുകളിൽ കാണിക്കേണ്ട പല മര്യാദകളുമുണ്ട്. കണിശമായും അവ പാലിച്ചിരിക്കണം. സദസ്സുകളിലേക്ക് വരുന്നയാളുകളെയും സന്ദർശകരെയും ഗൗനിക്കുകയും അതിഥിയായി പരിഗണിച്ച് ബഹുമാനിക്കുകയും വേണം. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ അതിഥിയെ ബഹുമാനിച്ചുകൊള്ളട്ടെ എന്നാണല്ലൊ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
സദസ്സിൽ സംസാരിക്കുന്നവരുടെ വാക്കുകൾ സശ്രദ്ധം കേൾക്കണം. ഫോണുകൾ തോണ്ടിയിരിക്കരുത്. ഫോണിൽ മുഴുകി സദസ്സിൽ അശ്രദ്ധനാവുന്നത് നീതികരിക്കാനാവില്ല. നമ്മുക്ക് നബിചരിതം തന്നെ പാഠമായുണ്ട്. ഒരിക്കൽ ഒരു സദസ്സിൽ വെച്ച് നബി (സ്വ) തങ്ങളുടെ ശ്രദ്ധ മോതിരത്തിലേക്ക് തിരിഞ്ഞു. ഉടനെ നബി (സ്വ) പറഞ്ഞു: എന്നെ ഈ മോതിരം ശ്രദ്ധ തെറ്റിച്ചു, അങ്ങനെയാണ് ഇതിലേക്കും നിങ്ങളിലിലേക്കും നോക്കിയിരുന്നത്. പിന്നെ നബി (സ്വ) മോതിരം അവിടെ അഴിച്ചുവെച്ച് പൂർണമായും സദസ്സിലേക്ക് ശ്രദ്ധ തിരിച്ചു (ഹദീസ് അഹ്‌മദ് 2963, സുനനു കുബ്‌റാ അന്നസാഈ 9471).
സദസ്സിലെ രഹസ്യങ്ങൾ നമ്മളിൽ ഏൽപ്പിക്കപ്പെടുന്ന സൂക്ഷിപ്പുബാധ്യതകളാണ്, അവ പുറത്തെത്തിക്കരുത്. സദസ്സിലുള്ള ഫോട്ടോകൾ അവരറിയാതെ അവരുടെ സമ്മതമില്ലാതെ പകർത്തരുത്. അത് ബഹുമാനകേടാണ്. ജാഗ്രത പാലിക്കുക. മറ്റുള്ളവരുടെ അഭിമാനം പിച്ചിച്ചീന്തുന്നതും പരദൂഷണം പറയുന്നതുമെല്ലാം സദസ്സിന്റെ പരിശുദ്ധി കളയും. അല്ലാഹു പറയുന്നുണ്ട്: നിങ്ങൾ പരദൂഷണം പറയരുത്, സ്വസഹോദരന്റെ മൃതദേഹ മാംസം ഭുജിക്കാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങൾ വെറുക്കുകയാണുണ്ടാവുക. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കണം (സൂറത്തു ഹുജറാത്ത് 12).
നാടിന്റെ സംസ്‌കൃതിക്കും പൈതൃകത്തിനുമനുസരിച്ച് സദസ്സുകളെ കുറ്റമറ്റതാക്കണം. മതചിട്ടകൾ പാലിക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയുമരുത്. സദസ്സുകളിൽ പാലിക്കേണ്ട മര്യാദകൾ നമ്മുടെ മക്കൾക്കും പഠിപ്പിച്ചുകൊടുക്കണം. തലമുറകൾക്ക് കൂട്ടായ്മകളുടെ പ്രാധാന്യം വിവരിച്ചുകൊടുക്കണം. സാമ്പ്രദായിക നന്മകളും മേന്മകളും പഠിക്കാനായി ചെറിയ മക്കളെയും പങ്കെടുപ്പിക്കണം. സദസ്സിന്റെ പ്രൗഢിയും സ്വകാര്യതയും കാത്തുസൂക്ഷിക്കാൻ അവരെയും പ്രാപ്തരാക്കണം. അതിഥികളെയും മുതിർന്നവരെയും ബഹുമാനിക്കാനും അവസരമുണ്ടാക്കണം. സദസ്സിൽ ചെന്നാൽ ദിക്‌റും സ്വലാത്തും ശീലമാക്കണം. കടന്നുചെന്നിരുന്ന സദസ്സിൽ വെച്ച് ദൈവസ്മരണയും സ്വലാത്തും ചൊല്ലാത്തവന് നഷ്ടം തന്നെയെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (ഹദീസ് തുർമുദി 3380). സദസ്സിന്റെ സമാപ്തിയിൽ പ്രാർത്ഥന കൊണ്ട് അവസാനിപ്പിക്കണം. 'സുബ്ഹാനക അല്ലാഹുമ്മ വബിഹംദിക, അശ്ഹദു അല്ലാഇലാഹ ഇല്ലാ അൻത, അസ്തഗ്ഫിറുക വ അതൂബു ഇലയ്ക്'- ഇങ്ങനെ ദുആ ചെയ്യാനാണ് നബി (സ്വ)യോട് അല്ലാഹു മാലാഖ ജിബ്‌രീൽ (അ) മുഖാന്തിരം പാഠം ചെയ്തിരിക്കുന്നത് (അൽ മുസ്തദ്‌റക് 1972, സുനനുൽ കുബ്‌റാ നസാഈ 10189). ആ പ്രാർത്ഥന സദസ്സിൽ വെച്ച് സംഭവിക്കുന്ന പാകപ്പിഴവുകൾക്ക് പ്രായശ്ചിത്തമത്രെ (ഹദീസ് അഹ്‌മദ് 19812).

