യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി: 10/072026 (മുഹറം 25 ഹിജ്‌റാബ്ദം 1448)
അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്വഭാവഗുണമാണ് ക്ഷമ. ക്ഷമിക്കുന്നവർക്ക് അവൻ അളവറ്റ് അനുഗ്രഹങ്ങൾ ചെയ്യുന്നതുമാണ്. ക്ഷമാശീലർക്ക് തങ്ങളുടെ പ്രതിഫലം കണക്കില്ലാതെ നൽകപ്പെടുന്നതാണ് (സൂറത്തുസ്സുമർ 10). പരിശുദ്ധ ഖുർആനിൽ തൊണ്ണൂറിലധികം സ്ഥലങ്ങളിൽ ക്ഷമ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
മനസ്സിനെ തിന്മകളിൽ നിന്ന് നന്മകളിലേക്ക് ആവാഹിക്കുന്ന വിശേഷഗുണമാണ് ക്ഷമ എന്ന സ്വഭാവം. ആ സ്വഭാവം തന്നെയായിരുന്നു വിവിധങ്ങളായ പരീക്ഷണങ്ങൾ നേരിട്ട പ്രവാചന്മാരുടെ പിടിവള്ളി. അല്ലാഹു പറയുന്നുണ്ട്: ഇസ്രയേല്യർ ക്ഷമാശീലരാവുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢവിശ്വാസം പുലർത്തുന്നരാവുകയും ചെയ്തപ്പോൾ നമ്മുടെ ശാസനാനുസൃതം നേർവഴി കാട്ടിക്കൊടുക്കുന്ന നായകരെ അവരിൽ നിന്ന് നാം നിശ്ചയിക്കുകയുമുണ്ടായി (സൂറത്തുസ്സജദ 24). നൂഹ് നബി (അ), യഅ്ഖൂബ് നബി (അ), ഇസ്മാഈൽ നബി (അ) .. ഇവരെല്ലാം പല പരീക്ഷണങ്ങളിൽ ക്ഷമകൈവരിച്ചു വിജയിച്ചവരാണ്. അയ്യൂബ് നബി (അ) മാരകമായി രോഗസ്ഥനാവുകയും സമ്പത്തും കൂട്ടുകാരും നഷ്ടപ്പെടുകയും ചെയ്തപ്പോൾ സർവ്വവും അല്ലാഹുവിൽ ഭരമേൽപ്പിച്ച് ക്ഷമിക്കുകയാണ് ചെയ്തത്, എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയായിരുന്നു: ദുരിതം എന്നെ പിടികൂടുക തന്നെ ചെയ്തിരിക്കുന്നു, നീ ഏറ്റം വലിയ കാരുണ്യവാനാണല്ലൊ (സൂറത്തുൽ അമ്പിയാഅ് 83). അങ്ങനെ അല്ലാഹു അദ്ദേഹത്തിന് ആയുരാരോഗ്യം തിരിച്ചു നൽകുകയും ഇരട്ടികളായി സമ്പത്തുകളും സ്വന്തക്കാരെയും കുടുംബക്കാരെയും പ്രദാനം ചെയ്യുകയും ചെയ്തു. അതേപ്പറ്റി അല്ലാഹു തന്നെ പറയുന്നു: അദ്ദേഹത്തെ നാം ക്ഷമാശീലനായി തന്നെയാണ് കണ്ടത്, വളരെ ഉൽകൃഷ്ടനായ അടിമ, അദ്ദേഹം ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നയാൾ തന്നെ (സൂറത്തു സ്വാദ് 44).
നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) ഏറെ ക്ഷമാശീലരായിരുന്നു. ക്ഷമയിലൂടെയാണ് നബി (സ്വ)ക്ക് അല്ലാഹു വിജയം സുനിശ്ചിതമാക്കിയതും പ്രവാചക സ്മൃതികൾ വിശ്വത്തോളം ഉയർത്തിയതും. പ്രവാചക പാതയിലൂടെ ക്ഷമാശീലരായി സഞ്ചരിച്ചവർക്കും വിജയം കൈവരിക്കാനായിട്ടുണ്ട്. അല്ലാഹു പറയുന്നു: ക്ഷമിക്കുന്നുവെങ്കിലോ, ക്ഷമാശീലർക്ക് അതുതന്നെയാണ് ഏറ്റവും ഉത്തമം (സൂറത്തുന്നഹ് ല് 126). ക്ഷമിച്ചതു കൊണ്ടാണ് ജീവിതത്തിൽ നന്മകൾ ആസ്വദിക്കാനായതെന്ന് ഉമർ (റ) പറഞ്ഞിട്ടുണ്ട് (ഹദീസ് ബുഖാരി 5/2375). ക്ഷമയേക്കാൾ മേന്മയുള്ളതും പ്രവിശാലവുമായ ഒരു പരിതോഷികവും ആർക്കും കിട്ടിയില്ലെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം).
ആരാധനാനുഷ്ഠാനങ്ങളിലുള്ള ക്ഷമ ആത്മീയ പദവികൾ ഉയർത്തുകയും പാപമോചനവും സ്വർഗപ്രവേശവും ഉറപ്പുവരുത്തുകയും ചെയ്യും. ക്ഷമാശീലർക്കും സൽകർമികൾക്കും പാപമോചനവും മികച്ച പ്രതിഫലവുമുണ്ട് (സൂറത്തു ഹൂദ് 11).
തെറ്റുകുറ്റങ്ങൾ ചെയ്യാതെ ക്ഷമിച്ചിരിക്കുന്നത് കാവലും വിജയവുമാണ്. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമുണ്ടാവും. അല്ലാഹു പറയുന്നു: ക്ഷമകൈക്കൊള്ളുകയേ്രത നിങ്ങൾക്കുത്തമം, അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ (സൂറത്തുന്നിസാഅ് 25).
പരീക്ഷണങ്ങളും പ്രതിസന്ധികളുമുണ്ടാവുമ്പോൾ ക്ഷമിച്ചാൽ അല്ലാഹുവിങ്കൽ മഹത്തായ പ്രതിഫലങ്ങളാണ് ലഭിക്കാനിരിക്കുന്നത്.
ഒരിക്കൽ തന്റെ കുട്ടിയുടെ കബറിനരികെ വിലപിക്കുന്ന സ്ത്രീയെ കണ്ട നബി (സ്വ) അവരോട് ക്ഷമിക്കാൻ പറയുകയുണ്ടായി. സ്ത്രീ പറഞ്ഞു: താങ്കൾക്കല്ല ഈ ദുരിതം വന്നത്, എനിക്കേ അതിന്റെ വേദന അറിയൂ. പിന്നീടൊരിക്കൽ തന്നോട് ക്ഷമിക്കാൻ പറഞ്ഞത് നബി (സ്വ) യാണൊന്ന് അറിഞ്ഞ ആ സ്ത്രീ നബി സവിധത്തിൽ വന്ന് ക്ഷമാപണം നടത്തി. അപ്പോൾ നബി (സ്വ) പറഞ്ഞു: ദുരിതമുണ്ടായതിന്റെ ആദ്യഘട്ടത്തിലാണ് ക്ഷണ വേണ്ടത് (ഹദീസ് ബുഖാരി, മുസ്ലിം). അതായത് ഒരു പ്രതിസന്ധി ഉണ്ടായാൽ അതിന്റെ വേദനയുടെ ആദ്യ സമയത്തുള്ള ക്ഷമക്ക് വലിയ പ്രതിഫലങ്ങളാണുള്ളത്.
ക്ഷമ നന്മകളുടെ ഖനിയാണ്. വിജ്ഞാനം കരസ്ഥമാക്കാനുള്ള വഴികളിലെ ക്ഷമ ഉന്നതികൾക്ക് നിമിത്തമാവും. തന്നെ കാര്യങ്ങൾ പഠിപ്പിക്കാനിറങ്ങിയ ഹിളർ നബി (അ)യോട് മൂസാ നബി (അ) പറയുന്നുണ്ട്: അല്ലാഹു ഉദ്ദേശിച്ചാൽ ക്ഷമാശീലനായി എന്നെ താങ്കൾക്ക് കാണാനാവും (സൂറത്തുൽ കഹ്ഫ് 69). അധ്വാനത്തിലെ ക്ഷമ വലിയ നേട്ടമാണ്. സ്വഭാവത്തിലെ ക്ഷമ വലിയ നന്മയാണ്.
ക്ഷമിക്കുക, അല്ലാഹു ക്ഷമിക്കുന്നവരുടെ പ്രതിഫലം പാഴാക്കുന്നതല്ല (സൂറത്തു ഹൂദ് 115).
ശത്രുക്കളെ നേരിടുന്നതിലെ ക്ഷമ വിജയമാണ്. പ്രതിസന്ധി സമയത്തെ ക്ഷമ എളുപ്പം വരുത്തും. നബി (സ്വ) പറയുന്നുണ്ട്: അറിയുക അസുഖകരമായതുണ്ടാമ്പോൾ ക്ഷമിക്കുന്നത് ധാരാളം നന്മകൾ വരുത്തും. ക്ഷമയോടൊപ്പം വിജയവുമുണ്ടാവും. പ്രതിസന്ധിയോടൊപ്പം പരിഹാരവുമുണ്ടാവും. ആയാസത്തോടൊപ്പം അനായാസവുമുണ്ടാവും (ഹദീസ് അഹ്‌മദ് 2803). ക്ഷമയാണ് നാം പരസ്പരം കൈമാറേണ്ട ഏറ്റവും വലിയ സാരോപദേശം. പരസ്പരം സഹനം കൊണ്ട് ഉപദേശിക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ട് (സൂറത്തുൽ അസ്വ് ർ 03).
സത്യവിശ്വാസികളേ, സഹനവും നമസ്‌കാരവും കൊണ്ട് നിങ്ങൾ സഹായമർത്ഥിക്കുക, അല്ലാഹു സഹനശീലരൊന്നിച്ചാകുന്നു (സൂറത്തുൽ ബഖറ 153).

