യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 03.07.2026 (18 മുഹറം, ഹിജ്‌റാബ്ദം 1448)
ദിവസങ്ങളും മാസങ്ങളും മാറിമറിഞ്ഞ് വിവിധ കാലങ്ങൾ രൂപപ്പെടുന്നത് അല്ലാഹു നമ്മുക്കായി ഒരുക്കിയ പ്രാപഞ്ചിക അനുഗ്രഹങ്ങളാണ്. രാപ്പകലുകൾ മാറി വരുന്നതിലും ഭുവന വാനങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മാലുക്കളായ ജനങ്ങൾക്കു ദൃഷ്ടാന്തങ്ങളുണ്ട് (സൂറത്തു യൂനുസ് 06). ഓരോ ഋതുഭേദത്തിലും കാലമാറ്റത്തിലും ഗുണപാഠങ്ങളുണ്ട്, ദൈവദൃഷ്ടാന്തങ്ങളിൽ ചിന്തിക്കാനും അതുവഴി അല്ലാഹുവിന് നന്ദികൾ അർപ്പിക്കാനുമുള്ള അവസരമാണത്. അല്ലാഹു പറയുന്നുണ്ട് രാപ്പകലുകൾ അല്ലാഹു മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു, കണ്ണുകളുള്ളവർക്ക് അതിൽ തീർച്ചയായും പാഠങ്ങളുണ്ട് (സൂറത്തുന്നൂർ 44).
ഇതാ നമ്മിലേക്ക് ഇവിടെ യുഎഇയിൽ ഉഷ്ണകാലം വന്നെത്തിയിരിക്കുകയാണ്. ഇനി സൂര്യതാപം കൂടും, വൃക്ഷങ്ങളിൽ ഫലങ്ങൾ പാകമാവും. നാം അടുക്കടുക്കായി പഴനിബിഡമായ കുലകൾ തൂങ്ങുന്ന നീണ്ടുയർന്ന ഈന്തമരങ്ങളും മുളപ്പിക്കുകയുമുണ്ടായി, നമ്മുടെ അടിമകൾക്ക് ഉപജീവനമായേ്രത ഇതെല്ലാം (സൂറത്തു ഖാഫ് 10, 11).
അതേ ചൂടുകാലത്ത് കുറേ അനുഗ്രഹങ്ങളുണ്ട്, എല്ലാം അല്ലാഹുവിന്റെ യുക്തിയുടെയും കഴിവിന്റെയും പ്രതിഫലനങ്ങളാണ്.
നമ്മുക്ക് ചൂടുകാലത്തെ വരവേൽക്കാം. ഉഷ്ണകാലവും അല്ലാഹു സംവിധാനിച്ച കാലങ്ങളിൽ നിന്നൊന്നാണല്ലൊ. അതിനെ ശപിക്കാനോ പഴിക്കാനോ പ്രാകാനോ പാടില്ല. അതിൽ അല്ലാഹു കുറേ നന്മകൾ ഒരുക്കിയിട്ടുണ്ട്.
അവധിക്കാലം കൂടിയാണല്ലൊ ഉഷ്ണകാലം. ഒഴിവുസമയങ്ങൾ ധാരാളം ലഭിക്കും. അധികമാരും ശ്രദ്ധിക്കാതെ പോവുന്ന അനുഗ്രഹമാണ് ഒഴിവുസമയം. നബി (സ്വ) പറയുന്നുണ്ട് അധികമാളുകളും അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും (ഹദീസ് ബുഖാരി 6412).
ഉഷ്ണകാലത്തെ ഒഴിവു അവസരങ്ങളെ മുതലാക്കുന്നവനാണ് ബുദ്ധിമാൻ. അവധി ദിനങ്ങളെ അറിവുകളും അനുഗ്രഹങ്ങളും നൈപുണ്യങ്ങളും ഉത്തേജിപ്പിക്കാൻ ഉപയോഗപ്പെടുത്താതിരിക്കുന്നത് നഷ്ടം തന്നെ. ഈ അവധി സമങ്ങളെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഉപയോഗപ്പെടുത്തണം. കുടുംബബന്ധങ്ങൾ ദൃഢമാക്കി സ്‌നേഹോഷ്മളമാക്കണം. നബി (സ്വ) കുടുംബക്കാരോടൊപ്പം ഇരിക്കുകയും സ്‌നേഹാന്വേഷണങ്ങൾ നടത്തുകയും ചെയ്യുമായിരുന്നു. മക്കളോട് കൂടുതൽ അടുക്കുകയും അവരോടൊപ്പം ഇരിക്കുകയും അവരിൽ പരസ്പര വിശ്വാസം ഉണ്ടാക്കിയെടുക്കുകയും വേണം. അവരുടെ കാര്യങ്ങൾ അവരുമായി പങ്കുവെക്കുകയും കൂടിയാലോചന നടത്തുകയും വേണം. അവർക്കായി കളി സമയങ്ങൾ ക്രമീകരിക്കുകയും വേണം. അവരുടെ ഇലക്ട്രിക് ഉപകരണ ഉപയോഗങ്ങൾ സദാ ശ്രദ്ധിക്കണം. അവരുടെ ബുദ്ധി ഉപകാര കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തണം. ലുഖ്മാനുൽ ഹകീം (റ) മകന് സാരോപദേശം നൽകുന്നത് പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് എന്റെ കുഞ്ഞുമകനേ, നിന്റെയൊരു പ്രവൃത്തി ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും അത് നീയനുവർത്തിക്കുന്നത് ഒരു പാറക്കകത്തോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ വെച്ചായാലും അല്ലാഹു അത് ഹാജരാക്കുന്നതാണ്, അവൻ സൂക്ഷ്മദൃക്കും അഗാധജ്ഞനുമത്രേ (സൂറത്തു ലുഖ്മാൻ 16).
യുവാക്കളേ, നിങ്ങൾ ഈ ഉഷ്ണകാല അവധി അവസരത്തെ കഴിവുകളും നൈപുണ്യങ്ങളും അധികരിപ്പിച്ചു മുതലാക്കുക. പുസ്തകങ്ങൾ വായിക്കുക. കായികാഭ്യാസത്തിന് സമയം ക്രമപ്പെടുത്തുക. ഉത്തമ വ്യക്തിത്വ രൂപീകരണത്തിനും സാമൂഹിക പ്രതിബദ്ധതക്കുമായി മുന്നിട്ടിറങ്ങുന്നവൻ ഭാഗ്യവാൻ തന്നെ.
യുഎഇ ഭരണകൂടം ഉഷ്ണകാലത്ത് ധാരാളം തണൽ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
സർവ്വനാഥനായ അല്ലാഹുവിനെ സ്തുതിക്കാം. അവൻ നമ്മുക്കായി എല്ലായിടത്തും ശിതീകരണ സംവിധാനങ്ങൾ സംവിധാനിച്ചു തന്നിട്ടുണ്ട്.

