വാഗ്ദത്ത പൂർത്തീകരണവും കരാർ പാലനവും

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ 

മൻസൂർ ഹുദവി കളനാട് 

തീയ്യതി: 17.07.2026  (സ്വഫർ 2 ഹിജ്‌റാബ്ദം 1448)

നമ്മുടെ പ്രവാചകർ മുഹമ്മദ് നബി (സ്വ) വാക്കുകളിൽ ഏറ്റവും കൂടുതൽ സത്യസന്ധതയും കരാർ പാലനവും നടത്തുന്നവരായിരുന്നു. നബി (സ്വ)യോട്  അനുസരണ കാട്ടാനും സംരക്ഷണമൊരുക്കാനും അനുചരന്മാർ പ്രതിജ്ഞാബദ്ധരായി വാക് നൽകിയിരുന്നു. പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തിൽ അവർ ആ പ്രതിജ്ഞ ശക്തമായി പുതുക്കുകയും നബി (സ്വ)യുടെ കൂടെ നിൽക്കുകയുമായിരുന്നു. അവർ നബി (സ്വ)യോട് പറഞ്ഞു: നിശ്ചയം നാം അങ്ങിൽ വിശ്വസിക്കുകയും അങ്ങയെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു, തീർച്ചയായും അങ്ങ് കൊണ്ടുവന്നത് സത്യം തന്നെയെന്ന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ആ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് നാം അങ്ങയെ കേൾക്കാനും അനുസരിക്കാനും കരാറുകളും ഉടമ്പടികളും നൽകിയിരിക്കുന്നത്. തിരുദൂതരേ അങ്ങ് ഉദ്ദേശിക്കും പ്രകാരം ചെയ്തുകൊള്ളുക, ഞങ്ങൾ കൂടെയുണ്ട്. അല്ലാഹുവാണേ സത്യം, അങ്ങ് ഞങ്ങളെയും കൊണ്ട് കടലിൽ പ്രവേശിക്കുകയാണെങ്കിൽ ഞങ്ങളും അങ്ങയോടൊപ്പം പ്രവേശിക്കും, ഞങ്ങളിൽ നിന്ന് ഒരാളും പിന്മാറുകയില്ല..... ഇതു കേട്ട നബി (സ്വ) ഏറെ സന്തോഷിച്ചു. ശേഷം പറഞ്ഞു: നിങ്ങൾ സഞ്ചരിക്കുക, സന്തോഷ വാർത്ത അറിയിക്കുക (താരിഖുൽ ത്വബ്‌റി 2/435, അൽബിദായ വന്നിഹായ 5/70 ബുഖാരി 3952). അതാണ് വാക് പാലനം. അതാണ് കരാർ പാലനം. അതാണ് വാഗ്ദത്ത പൂർത്തീകരണം. അതുതന്നെയാണ് ഉത്തരവാദിത്വബോധവും നിർവ്വഹണവും. അവസ്ഥകളും സാഹചര്യങ്ങളും മാറിക്കൊള്ളട്ടെ പറഞ്ഞ വാക്കിൽ നിന്നും ഉടമ്പടിയിൽ നിന്നും ഒരണുവിണ പിന്നോട്ടില്ല അവർ.


നാം ഈ പ്രൗഢമായ യുഎഇ നാട്ടിൽ കരുത്തോടെ കരുതലോടെ പുതിയൊരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഈ നാടിനോടുള്ള പ്രതിജ്ഞയും കരാറും പാലിക്കാൻ നാം ബാധ്യസ്ഥരാണ്. 


അല്ലാഹുവിനെ ആരാധിക്കാനും അവനോട് ആരെയും പങ്കുചേർക്കാതിരിക്കാനും അവന്റെ കൽപനകളും നിരോധനങ്ങളും പാലിക്കാനും നാം കടപ്പെട്ടിരിക്കുന്നവരാണ്. അല്ലാഹു പറയുന്നു: എന്നോടു ചെയ്ത കരാർ നിങ്ങൾ നിറവേറ്റണം, നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും പാലിക്കാം (സൂറത്തുൽ ബഖറ 40). 

മാതാപിതാക്കളോട് നാം ജന്മം കൊണ്ട് തന്നെ കടപ്പെട്ടിരിക്കുന്നു, അവരുടെ സന്തോഷത്തിനായി നാം പ്രയത്‌നിക്കണം. നമ്മെ വളർത്തി വലുതാക്കിയ അവർക്കായി പ്രാർത്ഥിക്കണം. 

കുടുംബത്തെ സംരക്ഷിക്കേണ്ടതും സ്‌നേഹോഷ്മളമായി വീടകങ്ങളെ പരിചരിക്കേണ്ടതും കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടതും ബാധ്യതകളാണ്. കുടുംബബന്ധത്തെ ഈടുറ്റ കരാറായാണ് അല്ലാഹു പരിശുദ്ധ ഖുർആനിൽ പരാമർശിച്ചിരിക്കുന്നത് (സൂറത്തുൽ ബഖറ 21).

നാം ജോലി കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെയും വിശ്വസ്ഥതയോടെയും നിർവ്വഹിക്കാനും ബാധ്യസ്ഥരാണ്. കരാറുകളെപ്പറ്റി വിചാരണ നടത്തപ്പെടുക തന്നെ ചെയ്യും (സൂറത്തുൽ ഇസ്‌റാഅ് 34). 

കരാറുകൾ പാലിക്കപ്പെടാനുള്ളതാണ്. യുഎഇ രാഷ്ട്രപിതാവ് മർഹും ശൈഖ് സായിദ് അവർകൾ ഈ നാടിനോടുള്ള പ്രതിജ്ഞകൾ ഒത്തൊരുമയോടെ പൂർണാർത്ഥത്തിതൽ നിർവ്വഹിച്ചവരാണ്.

യുഎഇ എല്ലാ വർഷവും ജൂലൈ 18ന് ഒരുമയുടെ പ്രതിജ്ഞാദിനമായി ആചരിക്കുകയാണ്. 1971 ജൂലൈ 18ന് ഈ രാഷ്ട്രത്തിന്റെ രൂപീകരണത്തിനായി മർഹൂം ശൈഖ് സായിദും മറ്റു ഭരണാധികാരികളും നയരേഖയിൽ ഒപ്പുവെച്ച് പ്രതിജ്ഞയെടുത്തതിന്റെ സ്മരാണർത്ഥമാണ് യൂണിയൻ പ്രതിജ്ഞാ ദിനം നടത്തപ്പെടുന്നത്.


back to top