യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മൻസൂർ ഹുദവി കളനാട്
തീയ്യതി 21.08.2026
പുണ്യ പ്രവാചകർ മുത്തു മുഹമ്മദ് നബി (സ്വ)യുടെ ജന്മദിന സമൃതികൾ കൊണ്ടാടപ്പെടുന്ന റബീഉൽ അവ്വൽ മാസമാണല്ലൊ ഇത്.
ഈ മാസത്തിൽ പ്രവാചകാനുരാഗിയായ ഒരു പണ്ഡിതശ്രേഷേ്ഠനെക്കുറിച്ചാവാം.
പ്രവാചക സ്‌നേഹത്തിലും പ്രവാചകാനുധാവനത്തിലും മാതൃക കാട്ടിയ മാലിക് ബ്‌നു അനസാ(റ)ണ് ബഹുമാന്യ പുരുഷൻ. പ്രവാചകാധ്യാപനങ്ങളായ ഹദീസുകളുടെ സേവനത്തിനായി ജീവിതം സമർപ്പിച്ച മഹാനവർകളുടെ ജ്ഞാനഖ്യാതി വിശ്വത്തിൽ കിഴക്കിലും പടിഞ്ഞാറിലും പരന്ന് പന്തലിച്ചിട്ടുണ്ട്. അതാണ് മാലികി മദ്ഹബ്. പണ്ഡിതരുടെ പേരുകൾ പറയപ്പെട്ടാൽ അതിൽ മാലിക് (റ) ആണ് താരമെന്ന് പറയപ്പെട്ടിട്ടുണ്ട്.
മദീനയിൽ ജനിച്ച മാലികി (റ)ന്റെ വീട് തന്നെ വിജ്ഞാന ഉറവിടമായിരുന്നു. പിതാമഹൻ താബിഉകളിൽപ്പെട്ടവരാണ്. പിതാവും അവരുടെ രണ്ടു സഹോദരങ്ങളും ഹദീസ് പണ്ഡിതരായിരുന്നു. മാതാവ് വിജ്ഞാനത്തെ മാനിക്കുന്നവരും വിജ്ഞാനികളെ ആദരിക്കുന്നവരുമായിരുന്നു. കുട്ടിയായിരുന്ന മാലികി (റ)നോട് ഉമ്മയാണ് ജ്ഞാനപുടവകൾ അണിയാനും എഴുത്തു പഠിക്കാനും പറഞ്ഞത്. അക്കാലത്തെ ഏറ്റവും പ്രമുഖനായ കർമ്മശാസ്ത്ര പണ്ഡിതനായ റബീഅത്തു ബ്‌നു അബീ അബ്ദുൽ റഹ്‌മാനിന്റെ അടുക്കലേക്ക് പഠിക്കാനയച്ചതും ഉമ്മയാണ്. അവിടെ പോയി ജ്ഞാനങ്ങൾക്ക് മുമ്പായി മര്യാദകൾ പഠിക്കാൻ കൽപ്പിക്കുകയുണ്ടായി. അങ്ങനെ വിജ്ഞാനകൾ പഠിച്ച് സുകൃതങ്ങൾ പകർത്തി ഉയർന്നസ്ഥാനീയർ ആയതാണ് മാലിക് (റ).
ചെറുപ്പം മുതൽ തന്നെ ഹദീസുകൾ ശേഖരിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. അതിനായി കഠിനാധ്വാനം ചെയ്തിരുന്നു. തന്റെ ഉസ്താദായ നാഫിഅ് എന്നവരുടെ അടുക്കലേക്ക് ഹദീസ് ശേഖരണാർത്ഥം പോയി ദീർഘസമയം ചെലവഴിച്ചതും സംവദിച്ചതും അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അക്കാലത്തെ അന്നാട്ടിലെ എഴുപത് പണ്ഡിതരിൽ നിന്നുള്ള പഠനസംവേദനങ്ങൾക്ക് ശേഷം ഇരുപത്തിയൊന്നാം വയസ്സിൽ തന്നെ മാലിക് (റ) ഫത് വകൾ നൽകാൻ ഇരുന്നിരുന്നു. ലോകത്തിന്റെ സകല ദിക്കിൽ നിന്നും വിദ്യാർത്ഥികൾ അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.
ഹദീസുകളെ ഏറെ ആദരവോടെ കണ്ടിരുന്ന അദ്ദേഹം ഹദീസ് ശേഖരണത്തിൽ വളരെയധികം സൂക്ഷ്മത പാലിച്ചു. സംശയത്തിന് ഒട്ടു വക നൽകിയില്ല.
തന്നിലേക്ക് ഹദീസ് പഠിതാക്കൾ വന്നാൽ കുളിച്ച് സുഗന്ധം പൂശി നല്ല വസ്ത്രം ധരിച്ചു ഭയഭക്തിയോടെ അവരിലേക്ക് വരും. ശേഷം ഹദീസുകളെ ആദരിക്കണമെന്ന സന്ദേശം നൽകും. അല്ലാഹു നൽകിയ അനുഗ്രഹങ്ങളുടെ അടയാളം പ്രത്യേകിച്ച് വിജ്ഞാന സ്‌നേഹികളിൽ കാണാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പഠിതാക്കളിൽ ഗാംഭീര്യവും ശാന്തതയും ദൈവഭയഭക്തിയും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിർബന്ധമായി നിർദേശിച്ചിരുന്നു. അദ്ദേഹത്തിന്റെ സദസ്സ് അത്തരത്തിൽ ഗംഭീരമായിരുന്നു, തർക്കവിതർക്കങ്ങൾക്ക് തീരെ പ്രസക്തിയില്ലായിരുന്നു. ജ്ഞാനവഴിയിലെ തർക്കം ഹൃദയത്തിൽ നിന്ന് ജ്ഞാനപ്രകാശം അകറ്റി വിദ്വേഷങ്ങൾ വരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഹദീസ് സദസ്സിൽ ശബ്ദം ഉയർത്തുന്നത് നബി (സ്വ)യോട് ശബ്ദമുയർത്തി സംസാരിക്കുന്നതിന് തുല്യമാണെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നബി (സ്വ)യുടെ ശബ്ദത്തെക്കാൾ ഉയർത്തി സംസാരിക്കരുതെന്ന് അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിൽ പറഞ്ഞതാണ് (സൂറത്തുൽ ഹുജറാത്ത് 02).
മാലിക് (റ) ഫത് വയെ അമാനത്തായി കണ്ടിരുന്നു. ഒരിക്കൽ ഒരാൾ അദ്ദേഹത്തോട് ഒരു കാര്യത്തിൽ ഫത് വ ചോദിച്ചപ്പോൾ പറഞ്ഞത് എനിക്ക് അതേപ്പറ്റി നന്നായി അറിയുകയില്ലെന്നാണ്. അപ്പോൾ അയാൾ പറഞ്ഞു ഞാൻ വളരെ ദൂരത്തുനിന്ന് വരികയാണ്. അപ്പോൾ മാലിക് (റ) പറഞ്ഞു എന്നാൽ അങ്ങയുടെ സമൂഹത്തിലേക്ക് പോയി എനിക്ക് അതേപ്പറ്റി കൂടുതൽ അറിയില്ലെന്ന് പറയുക. ഫത് വകളിൽ അത്രമാത്രം സൂക്ഷമതയും ഉത്തരവാദിത്വവും കാട്ടിയിരുന്നു. ഫത് വകളിൽ വിദ്യാർത്ഥികളോട് അല്ലാഹുവിനോട് സഹായം തേടാൻ പഠിപ്പിച്ചിരുന്നു. മസ്അലകൾ ചോദിക്കപ്പെടുന്നതിന് മുമ്പായി തന്നെ മാശാ അല്ലാഹു ലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്ന് പറയുമായിരുന്നു.
മാലികി (റ)ന്റെ ജീവിതം മൊത്തം ജ്ഞാനാർജ്ജനത്തിലും ആരാധനയിലുമായിരുന്നു. മക്കളോടും കുടുംബക്കാരോടും നന്നായി ഇടപെടുകയും പെരുമാറുകയും ചെയ്തിരുന്നു. ഹിജ്‌റാബ്ദം 179 റബീഉൽ അവ്വൽ മാസത്തിൽ മദീനയിൽ വെച്ച് ശഹാദത്ത് കലിമ ചൊല്ലിക്കൊണ്ടാണ് വഫാത്തായത്. ജന്നത്തുൽ ബഖീഇൽ നബി (സ്വ)യുടെ പുത്രൻ ഇബ്രാഹിമിന്റെ ചാരെയാണ് മറവ് ചെയ്യപ്പെട്ടത്.
സംസാരത്തിൽ വിജ്ഞാനം നുകരാനും പ്രവർത്തനത്തിൽ പരലോകത്ത് തുണയുമാവുന്നവരുടെ കൂടെയിരിക്കാനാണ് അദ്ദേഹത്തിന്റെ വസ്വിയ്യത്ത്.
നാം അദ്ദേഹത്തെ പഠിക്കുക. പകർത്തുക. മാതൃകയാക്കുക.

