യുഎഇ ജുമുഅ ഖുത്ബ പരിഭാഷ
മന്‌സൂർ ഹുദവി കളനാട്
തീയ്യതി 14.08.2026
ജീവിതഘട്ടങ്ങളിലെ അതിപ്രധാനവും ഊർജ്ജസ്വലവുമായ രംഗമാണ് യുവത്വം. ആ ഘട്ടത്തെപ്പറ്റി അല്ലാഹു പറയുന്നുണ്ട് ദുർബലാവസ്ഥയിൽ നിന്ന് നിങ്ങളെ പടച്ചവനാണ് അല്ലാഹു, പിന്നീട് ദുർബലാവസ്ഥക്ക് ശേഷം ശക്തിയുണ്ടാക്കുകയും ചെയ്തു (സൂറത്തുറൂം 54). ആ ശക്തിവത്തായ ജീവിതകാലമാണ് യുവത്വകാലം. എല്ലാം കൊണ്ടും പക്വതയും പാകതയുമുണ്ടാവുന്നത് യുവത്വത്തിലാണ്. അചലഞ്ചമായ സത്യവിശ്വാസവും ഉത്തമ മൂല്യങ്ങളും കൈമുതലാക്കിയ യുവസംഘങ്ങളെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട് അവർ തങ്ങളുടെ നാഥനിൽ വിശ്വാസമർപ്പിച്ച യുവാക്കളായിരുന്നു, അവർക്ക് നാം സന്മാർഗനിഷ്ഠ വർദ്ധിപ്പിച്ചു നൽകുകയും ചെയ്തു (സൂറത്തുൽ കഹ്ഫ് 13).
അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും ആരാധനാനിരതമാവാനുമുള്ള അവസരമാണ് യുവത്വം. നബി (സ്വ) അല്ലാഹുവിൽ നിന്നുള്ള ഹർഷിന്റെ തണൽ ലഭിക്കുന്ന ഏഴുകൂട്ടരെ എണ്ണിപറഞ്ഞിട്ടുണ്ട്, അതിലൊരു കൂട്ടർ അല്ലാഹുവിനുള്ള ആരാധനയിൽ അലിഞ്ഞ യുവാക്കളാണ് (ഹദീസ് ബുഖാരി, മുസ്ലിം).
യുവസമൂഹം മാതാപിതാക്കളോട് നന്മ ചെയ്യുന്നവരാകണം. അവർക്ക് താങ്ങും തണലുമാവണം. അവർക്ക് അഭിമാനിക്കാനുള്ള വക നൽകുന്നവരാകണം. അവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. വാർധക്യം വരുന്നതിന് മുമ്പായി യുവത്വത്തെയും രോഗം വരുന്നതിന് മുമ്പായി ആരോഗ്യാവസ്ഥയെയും വ്യാപൃതനാവുന്നതിന് മുമ്പായി ഒഴിവുസമയത്തെയും ഉപയോഗപ്പെടുത്തണമെന്ന് നബി (സ്വ) അറിയിപ്പ് നൽകിയതാണ് (ശിഅബുൽ ഈമാൻ, ബൈഹഖി 9768).
ജീവിതസമയങ്ങളെ കളയരുത്. ഓരോ നിമിഷത്തെയും ഉപയോഗപ്പെടുത്തണം. ഓരോ ദിവസവും കഴിഞ്ഞ ദിവസത്തേക്കാൾ നേട്ടങ്ങൾ നേടിയതായിരിക്കണം.
പുസ്തകം വായിക്കാൻ സമയം കണ്ടെത്തണം. പുതിയ പുതിയ നൈപുണ്യങ്ങൾ കരസ്ഥമാക്കണം. കാര്യങ്ങൾ പഠിച്ചു പറയണം. വിജ്ഞാനവഴിയിൽ പ്രവേശിച്ചവന് സ്വർഗവഴി അല്ലാഹു എളുപ്പമാക്കിക്കൊടുക്കുമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് മുസ്ലിം 2699).
നിങ്ങൾ വല്ല വാർത്തയും പ്രചരിപ്പിക്കുകയാണെങ്കിൽ അതിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കണം. അറിയാത്ത കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട ആളുകളോട് ചോദിച്ചറിഞ്ഞ് സത്യമറിയണം. ആത്മാഭിമാനവും മനുഷ്യത്വവും കൈവിടരുത്. ചാരിത്യശുദ്ധി നിലനിർത്തുക. കാര്യങ്ങളിൽ വിചിന്തനം നടത്തുക. യുക്തിയോടെ കാര്യങ്ങളെ സമീപിക്കുക. യുക്തിജ്ഞാനം നൽകപ്പെട്ടയാൾ വർധിത നന്മകൾ നൽപ്പെട്ടുവെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തു ബഖറ 269).
യുവാക്കളാണ് നാടിന്റെ പ്രതീക്ഷയും വാഗ്ദാനവും. ഉമർ (റ) വല്ല സംഭവമുണ്ടായാൽ യുവാക്കളെ വിളിച്ചു കൂടിയാലോചന നടത്തിയിരുന്നു.
യുവ സമൂഹമേ പ്രപിതാക്കളുടെ പാതയിൽ പാരമ്പര്യവും പൈതൃകവും നിലനിർത്തി മുന്നേറുക.

