ജലം അമൂല്യമാണ്, മിതമായി ഉപയോഗിക്കുക

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി 18/09/2026

വെള്ളം അല്ലാഹു നൽകിയ വലിയ അനുഗ്രഹമാണ്. ഇന്ന് സുലഭമായി വെള്ളം കിട്ടുന്നതിനാൽ നമ്മുക്കതിന്റൈ മൂല്യമറിയുന്നില്ല. നമ്മുടെ പൂർവ്വികർ ദൂരങ്ങൾ താണ്ടി പ്രയാസപ്പെട്ടുകൊണ്ടാണ് വെള്ളം ലഭ്യമാക്കിയിരുന്നത്. വിശുദ്ധ ഖുർആനിൽ പലയിടങ്ങളിലായി ജലമെന്ന മഹാ അനുഗ്രഹത്തെ പരാമർശിക്കുന്നുണ്ട്. നാം ഇറക്കിയെന്ന് പ്രൗഢമായി തന്നെയാണ് അല്ലാഹു വെള്ളത്തിന്റെ കാര്യത്തിൽ പറഞ്ഞിരിക്കുന്നത്. അല്ലാഹു പറയുന്നു: പാനജലത്തെക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ, മേഘത്തിൽ അത് വർഷിച്ചത് നിങ്ങളോ നാമോ (സൂറത്തുൽ വാഖിഅ 68,69).

ജീവൻ നിലനിൽക്കുന്നതിനുള്ള അടിസ്ഥാന ഘടകമാണ് വെള്ളം. സർവ്വ ജീവവസ്തുക്കളെയും അല്ലാഹു ജലത്തിൽ നിന്ന് സൃഷ്ടിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് (സൂറത്തൽ അമ്പിയാഅ് 30). ദാഹമകറ്റി തരുന്ന  വെള്ളമാണ് ഭൂമിയിലെ ജീവന്റെ കടിഞ്ഞാൺ. ജലാംശം വഹിച്ച് അടിച്ചുവീശുന്ന കാറ്റുകൾ നാം അയക്കുകയും എന്നിട്ട് അന്തരീക്ഷത്തിൽ നിന്നു മഴ വർഷിക്കുകയും നിങ്ങളെ അത് കുടിപ്പിക്കുകയും ചെയ്യുന്നു, അതു സൂക്ഷിച്ചു വെക്കുവാൻ നിങ്ങൾക്കു കഴിയില്ല (സൂറത്തുൽ ഹിജ്ർ 22). നാം കുടിക്കുന്ന, കന്നുകാലികളെ കുടിപ്പിക്കുന്ന, നാം കുളിക്കുന്ന വെള്ളം വിലമതിക്കാനാവാത്തതാണ്. നിർജീവ പ്രദേശങ്ങൾക്ക് സജീവത നൽകുവാനും നാം പടച്ച ഒട്ടേറെ കാലികൾക്കും മനുഷ്യർക്കും കുടിപ്പിക്കാനുമായി അന്തരീക്ഷത്തിൽ നിന്നു ശുദ്ധജലം നാം വർഷിക്കുകയുമുണ്ടായി (സൂറത്തുൽ ഫുർഖാൻ 48, 49).

ഭൂമിയുടെ പച്ചപ്പിന്റെ പ്രധാന ഘടകവും വെള്ളം തന്നെ.  അല്ലാഹു അന്തരീക്ഷത്തിൽ നിന്ന് മഴ വർഷിച്ചിട്ട് അതുവഴിയാണ് ഭൂതലം ഹരിതാഭമായിത്തീരുന്നത് (സൂറത്തുൽ ഹജ്ജ് 63). വെള്ളം കൊണ്ടാണ് വൃക്ഷസസ്യലദാതികൾ വളരുന്നതും പഴങ്ങൾ കായ്ക്കുന്നതും. അന്തരീക്ഷത്തിൽ നിന്ന് നാം അനുഗൃഹീത ജലം വർഷിക്കുകയും തദ്വാരാ വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കപ്പെടുന്ന ധാന്യങ്ങളും അടുക്കടുക്കായി പഴനിബിഡമായ കുലകൾ തൂങ്ങുന്ന നീണ്ടുയർന്ന ഈന്തമരങ്ങളും മുളപ്പിക്കുയുമുണ്ടായി (സൂറത്തു ഖാഫ് 9, 10). 

വെള്ളത്തിലൂടെ തന്നെ മനുഷ്യന്റെയും മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയും ഭക്ഷണങ്ങൾ ഒരുങ്ങുന്നത്. അന്തരീക്ഷത്തിൽ നിന്ന് അല്ലാഹു ഉപജീവനമാർഗം ഇറക്കിത്തരുന്നുവെന്ന് സൂറത്തു ഖാഫിർ 13ാം സൂക്തത്തിൽ പറയപ്പെട്ടിട്ടുണ്ട്. 

അതിനാലാണ് നാം മഴ ഉണ്ടാവുമ്പോൾ സന്തോഷിക്കുന്നത്. ഇല്ലാതിരിക്കുമ്പോൾ സങ്കടപ്പെടുന്നതും. 

ജലമെന്ന വലിയ അനുഗ്രഹത്തിന് നാം അല്ലാഹുവിനോട് നന്ദികൾ അർപ്പിക്കേണ്ടതുണ്ട്. അവനെ സദാ സ്തുതിക്കേണ്ടതുണ്ട്. 

ജലത്തിന്റെ മൂല്യമറിഞ്ഞു കൊണ്ട് അമിതവ്യയമില്ലാതെ അത് നല്ല രീതിയിൽ ഉപയോഗിക്കലാണ് ഈ അനുഗ്രഹത്തോടുള്ള നന്ദി പ്രകടനം. അനാവശ്യമായി ഉപയോഗിച്ചു കളയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല, അതിനാൽ അമിതവ്യയം ചെയ്യരുതെന്നാണ് അല്ലാഹുവിന്റെ ശാസന. ഒരു തുള്ളി വെള്ളമാണെങ്കിൽ പോലും അനാവശ്യമായി ചെലവാക്കുന്നത് വലിയ കുറ്റമാണ്. നാം വെള്ളം പാഴാക്കുമ്പോൾ ഏതെങ്കിലും മരുഭൂവിൽ ഒരു തുള്ളിവെള്ളത്തിനായി നെട്ടോട്ടമോടുന്നവരുണ്ടാകാം. വെള്ളിത്തിനായി കുഴിച്ച് കുഴിച്ച് ഗതി കിട്ടാത്തവരുണ്ടാകാം. അനുഗ്രഹങ്ങളെപ്പറ്റി അന്ത്യനാളിൽ ഓരോർത്തരും ചോദ്യം ചെയ്യപ്പെടുന്നതാണല്ലൊ (സൂറത്തുത്തകാശുർ 8). നബി (സ്വ) പറയുന്നു: അന്ത്യനാളിൽ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വിചാരണയിൽ ആദ്യം ചോദ്യം ചെയ്യപ്പെടുക, നിനക്ക് ആരോഗ്യം തന്നില്ലേ, കുടിക്കാൻ തെളിനീർ തന്നില്ലേ എന്നെല്ലാമാണ് (ഹദീസ് തുർമുദി 3358). 

പ്രവാചക ചരിതത്തിൽ കാണാം നബി (സ്വ) മിതമായി മാത്രമാണ് വെള്ളം ഉപയോഗിച്ചിരിക്കുന്നത്. നബി (സ്വ) ഒരു മുദ്ദ് വെള്ളം കൊണ്ടാണ് വുദൂ ചെയ്തിരുന്നതെന്നും കുളിക്കായി ഒരു സ്വാഅ് മുതൽ അഞ്ചു മുദ്ദ് വെള്ളം ഉപയോഗിച്ചിരുന്നതായും അനസ് (റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (ഹദീസ് ബുഖാരി, മുസ്ലിം). ഒരു മുദ്ദ് ഏകദേശം അര ലിറ്ററാണ്. വെള്ളം ആരാധനാ ആവശ്യത്തിനുപോലും വളരെ മിതമായി ഉപയോഗിക്കപ്പെടേണ്ടതാണെങ്കിൽ മറ്റു ആവശ്യങ്ങൾക്ക് പാലിക്കേണ്ട മിതത്വത്തിന്റെ കാര്യം പറയേണ്ടതില്ലല്ലൊ. വെള്ളം നാം കരുതലോടെ ഉപയോഗിക്കണം. എല്ലാ കാര്യത്തിലും നാം നബി (സ്വ)യെ മാതൃകയാക്കേണ്ടതാണല്ലൊ. ജല ഉപയോഗത്തിലും ആ അനുധാവനം വേണം. 

വെള്ളത്തിന്റെ മൂല്യവും ഉപയോഗ്യവും നാം നമ്മുടെ മക്കളെയും പഠിപ്പിക്കണം. അതിനായി യുഎഇ ഭരണകൂടം ശൈഖ് മുഹമ്മദ് ബ്‌നു സായിദിന്റെ പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ട്.


back to top