നീതിയും ന്യായവും കൈവിടരുത്

യുഎഇ ജുമുഅ ഖുത്ബ പരിഭാഷ

മൻസൂർ ഹുദവി കളനാട്

തീയ്യതി: 25/09/2026

മനസ്സിൽ സ്വസ്ഥതയും ശാന്തതയും ഊട്ടിയുറപ്പിക്കുന്ന സ്വഭാവഗുണമാണ് നീതി. നീതിനിഷ്ഠയാണ് ഭയഭക്തിയോട് ഏറ്റവും അടുത്തിരിക്കുന്നത്. 

സ്രഷ്ടാവായ അല്ലാഹു അല്ലാഹു നീതിമാനാണ്. അവൻ സത്യസമേതമാണ് വിധികൽപിക്കുക (സൂറത്തു ഗാഫിർ 20). അവൻ സൃഷ്ടികളുടെ ഓരോ കാര്യത്തിലും നീതി നടപ്പാക്കുന്നു. നിശ്ചയം അല്ലാഹു ഒരണു അളവ് അനീതി കാട്ടില്ല (സൂറത്തുന്നിസാഅ് 40). അവന്റെ തുലാസിൽ നീതി മാത്രമേ നടത്തപ്പെടുകയുള്ളു. വാനലോകങ്ങളെ അവൻ ഉയർത്തുകയും തൂക്കത്തിൽ നിങ്ങൾ ക്രമക്കേട് കാട്ടാത്തിരിക്കാൻ നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു (സൂറത്തുറഹ്‌മാൻ 7,8). 

അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് നീതിയും ന്യായവും നടപ്പാക്കാനാണ്. അല്ലാഹു പറയുന്നുണ്ട്: നിശ്ചയം നമ്മുടെ സന്ദേശവാഹകരെ സ്പഷ്ടദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയും ജനങ്ങൾക്ക് നീതിപൂർവ്വം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും നാമവതിരിപ്പിക്കുകയും ചെയ്തു (സൂറത്തുൽ ഹദീദ് 25). 

ഏവരും ഏതവസ്ഥയിലും നീതി പുലർത്താനാണ് അല്ലാഹുവിന്റെ കൽപന. ഓരോ വാക്കിലും പ്രവർത്തിയിലും നീതി കാട്ടുക, ഓരോ ഇടപാടും ഇടപെടലും നീതിയുക്തമായിരിക്കണം. കണിശമായും നീതി പാലകരാവാനാണ് അല്ലാഹു സത്യവിശ്വാസികളോട് കൽപിക്കുന്നത് (സൂറത്തുന്നിസാഅ് 135). നീതിയെ നാം ജീവിതശൈലിയാക്കണം. നാം സ്വയം നീതി പാലിച്ചോയെന്ന് ആത്മവിചാരണ നടത്തണം. 

ഒരാളിൽ മൂന്നു കാര്യങ്ങളുണ്ടായാൽ സത്യവിശ്വാസത്തിന്റെ സർവ്വവും സമ്മേളിച്ചുവെന്ന് അമ്മാർ ബ്‌നു യാസിർ (റ) പറയുന്നുണ്ട്, അവയിൽ ഒന്ന് നീതി നിർവ്വഹണമാണ്. 

വീട്ടുകാരോടും കുടുംബക്കാരോടും മക്കളോടും നീതിപൂർവ്വം ഇടപഴകണം. ഭാര്യയുടെ അധ്വാനങ്ങളെ വിലമതിക്കണം. അവകാശങ്ങൾ നിറവേറ്റിനൽകണം. പാകപിഴവുകളിൽ ശിക്ഷിക്കരുത്. അവരുടെ നന്മകളുടെ വാഴ്ത്തണം. നിസാരമാക്കരുത്. നല്ല രീതിയിൽ ഇടപെടണം, ഇടപഴകണം. 

ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ അവർക്കിടയിൽ നീതി കാണിക്കണം. ഓരോർത്തർക്കുമുള്ള അവകാശങ്ങൾ നൽകണം. ഒരാളോട് മാത്രം പൂർണാഭിമുഖ്യം പുലർത്തി മറ്റവളെ ബന്ധനസ്ഥയെപ്പോലെ വിട്ടേക്കരുതെന്ന് വിശുദ്ധ ഖുർആനിൽ സൂറത്തുന്നിസാഅ് 129ാം സൂക്തത്തിലുണ്ട്. അങ്ങനെ രണ്ടു ഭാര്യമാരുണ്ടായിരിക്കെ ഒരു ഭാര്യയോട് മാത്രം ബന്ധം പുലർത്തിയാൽ അന്ത്യനാളിൽ അവൻ ഒരു ഭാഗം മാത്രം ചെരിഞ്ഞവനായിരിക്കുമെന്ന് നബി (സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (ഹദീസ് നസാഈ 3942). 


മക്കളോടുള്ള പെരുമാറ്റങ്ങളിലും നീതി പാലിക്കണം. ദാനത്തിലും മറ്റു പരിഗണനയിലും നീതി ഉറപ്പുവരുത്തണം. നബി (സ്വ) പറയുന്നുണ്ട്: നിങ്ങൾ അല്ലാഹുവിനെ പേടിക്കുക, മക്കൾക്കിടയിൽ നീതി നിർവ്വഹിക്കുക (ഹദീസ് ബുഖാരി 2587). 


ജോലിസ്ഥലത്തും നീതി പുലർത്തപ്പെടണം. തൊഴിലാളി അവനിക്കുള്ള അവകാശങ്ങളും ന്യായങ്ങളും നേടിയെടുക്കുന്നതോടൊപ്പം തൊഴിലിനോടും നീതി പുലർത്തണം. അല്ലാഹു ആരുടെയും അധ്വാനങ്ങളെ വെറുതെ പാഴാക്കിക്കളയുകയില്ല. 

ഇടപാടുകളിൽ ആളുകളോട് നീതിയുക്തമായി പെരുമാറണം. നമ്മുക്ക് കിട്ടാനുള്ളത് പോലെ അവർക്ക് നൽകാനുള്ളതും നീതിപൂർവ്വം നിർവ്വഹിക്കണം. ഒരിക്കൽ ഒരാൾ നബി (സ്വ)യോട് ചോദിച്ചു: എനിക്ക് സ്വർഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തിൽ നിന്ന് വിദൂരത്താക്കുകയും ചെയ്യുന്ന കർമ്മം പറഞ്ഞു തരണേ. അപ്പോൾ നബി (സ്വ) പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കണം, അവനോട് ആരെയും പങ്കുചേർക്കരുത്.... ജനങ്ങളോട് അവർ നിന്നോട് എങ്ങനെ സമീപിക്കാനോ ഇഷ്ടപ്പെടുന്നത് ആ രീതിയിൽ പെരുമാറണം, നീ നിനക്ക് വെറുക്കുന്ന കാര്യം ജനങ്ങൾക്കും ഒഴിവാക്കുക (ഹദീസ് അഹ്‌മദ് 1716). നീതിയെ നാം ജീവിതശൈലിയാക്കണം. 


അല്ലാഹുവിൽ നിന്നുള്ള ഏറ്റവും വലിയ കരുണ്യവും നീതിയുമാണ്, അവൻ ശിക്ഷ നൽകുന്നതും പ്രതിഫലം നൽകുന്നതും വിചാരണക്കും നന്മതിന്മകളെ തൂക്കിയതിനും ശേഷം മാത്രം എന്നുള്ളത്. അവൻ ഏവരെയും നീതിയോടെ വിചാരണ ചെയ്യും. ആരുടെയും ഒരണു കർമ്മം പോലും പാഴാക്കില്ല (സൂറത്തുൽ അമ്പിയാഅ് 47). തെറ്റുകാരന് അവൻ ചെയ്ത തെറ്റിനെക്കാൾ ശിക്ഷയില്ല, ചിലപ്പോൾ അവന് പൊറുത്തുകൊടുക്കുകയും ചെയ്യാം. പരലോകത്ത് വെച്ച് ചോദ്യം ചെയ്യുമ്പോൾ കുറ്റം സമ്മതിച്ചവനോട് അല്ലാഹു പറയുമത്രെ: ഐഹിക ലോകത്തുവെച്ച് ഞാൻ നിന്റെ തെറ്റുകളെ മറച്ചുവെച്ചു, ഇപ്പോൾ ഞാനവയെ നിനക്ക് പൊറുത്തു തരുന്നു.. അങ്ങനെ അവനിക്ക് നന്മകളുടെ രേഖകൾ നൽകപ്പെടും (ഹദീസ് ബുഖാരി, മുസ്ലിം). 

സൽക്കർമ്മിയുടെ നന്മകളിൽ നിന്ന് ഒരണുവും അല്ലാഹു കുറക്കില്ല. നന്മകൾക്കുള്ള പ്രതിഫലങ്ങൾ പ്രൗഢമായും ഇരട്ടിപ്പിച്ചും നൽകും. അതാണ് അവന്റെ നീതി.

നാം ജീവിതത്തിൽ മുഴുനീളം നീതി കൊണ്ടുനടക്കുക.


back to top